‘അമ്മ’ സംഘടനയിൽ നിന്ന് മുതിർന്ന നടി മല്ലിക സുകുമാരൻ രാജിവെച്ചു.
ഫേസ്ബുക്കിലൂടെയാണ് ‘അമ്മ’യിൽ നിന്നും സ്നേഹപൂർവ്വം പടിയിറങ്ങുന്ന കാര്യം താരം ഔദ്യോഗികമായി അറിയിച്ചത്. താൻ എപ്പോഴും സത്യത്തിനൊപ്പവും ന്യായത്തിനൊപ്പവുമാണെന്ന് വ്യക്തമാക്കിയ താരം, ശ്വേത മേനോന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന് നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്.
അതേസമയം താരസംഘടനയായ ‘അമ്മ’ യുടെ അംഗത്വത്തിൽ നിന്നും നടി ലക്ഷ്മിപ്രിയയും രാജിവെച്ചിരുന്നു. സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് താരം തന്റെ രാജി അറിയിച്ചത്. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും ലക്ഷ്മിപ്രിയ പറയുന്നു.
‘അമ്മ’ സംഘടനയിൽ നിന്ന് മുതിർന്ന നടി മല്ലിക സുകുമാരൻ രാജിവെച്ചു
സതീശന്റെ ഏകപക്ഷീയ നീക്കം അംഗീകരിക്കില്ല; കോൺഗ്രസിൽ പുതിയ പോര്
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽപ്പനയ്ക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കത്തെ ചൊല്ലി യു.ഡി.എഫിലും കോൺഗ്രസിലും ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി മുന്നോട്ടുപോകുകയാണെന്ന വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പക്ഷം രംഗത്തെത്തി.
വകുപ്പുമന്ത്രിമാരുമായി യാതൊരു ആലോചനയും നടത്താതെയാണ് തീരുമാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് ആരോപണം. ധനവകുപ്പ് ബജറ്റിൽ പുതിയ നികുതിഘടന പ്രഖ്യാപിച്ചതിനെതിരെ എക്സൈസ് മന്ത്രി എം ലിജു പരസ്യമായി പ്രതികരിച്ചതും കോൺഗ്രസിനകത്തെ അസ്വസ്ഥത വ്യക്തമാക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വീര്യം കുറഞ്ഞ മദ്യവിൽപ്പന സംബന്ധിച്ച് മുന്നണിയിലോ മന്ത്രിസഭയിലോ ഇതുവരെ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള വിശദമായ ചർച്ചകൾക്കൊടുവിലായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നീക്കങ്ങൾ പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ സഭകളെ അകറ്റാൻ ഇടയാക്കുമെന്ന ആശങ്കയും കെ.സി. വേണുഗോപാൽ പക്ഷം ഉയർത്തുന്നു. മദ്യനയത്തിലെ മാറ്റം സഭകളുടെ എതിർപ്പിന് വഴിവെക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പുതിയ ബജറ്റ് നിർദേശപ്രകാരം 0.5 മുതൽ 20 ശതമാനം വരെ വീര്യമുള്ള ‘ലോ ആൽക്കഹോളിക് ബവറേജസ്’ വിഭാഗത്തിൽ വരുന്ന മദ്യങ്ങൾക്ക് പ്രത്യേക നികുതി ഘടനയാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവും നികുതി ഈടാക്കാനാണ് തീരുമാനം.
ഭരണതലത്തിലും മുന്നണിയിലും ഉയർന്ന ഈ ഭിന്നത വരും ദിവസങ്ങളിൽ യു.ഡി.എഫ് ഏകോപന സമിതിയിലും കോൺഗ്രസ് പുനഃസംഘടന ചർച്ചകളിലും കൂടുതൽ രാഷ്ട്രീയ ചൂടേകുമെന്നതാണ് വിലയിരുത്തൽ.
ക്ഷേമപെന്ഷന് 3000 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്ഷന് 3000 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്. പെന്ഷന് മുടങ്ങാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. 1,600 നിന്ന് 2000 രൂപയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നാലേമുക്കാല്‍ കൊല്ലത്തെ കാലതാമസം ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനര്‍ഹരായ ചിലര്‍ പെന്ഷന് വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ പറഞ്ഞത്.
‘മുടങ്ങാതെ പെന്ഷന് വിതരണം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ മാസത്തെ ക്ഷേമ പെന്ഷന് 24ാം തീയതി മുതല്‍ വിതരണം ചെയ്യും’, വി ഡി സതീശന് പറഞ്ഞു. എന്നാല്‍ പെന്ഷന് സംബന്ധിച്ച് ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞെന്ന പ്രസ്താവന പ്രതിപക്ഷം ചോദ്യം ചെയ്തു. ലോസ്ഏഞ്ചലസില്‍ പോയയാള്‍ പെന്ഷന് വാങ്ങുന്ന അമ്മയുടെ മകനായിരിക്കും. അമ്മ മകന്റെ സംരക്ഷണത്തിലായിരിക്കില്ല. മകന് അവിടെ കഴിയുന്നതിനാല്‍ അവിടെ പോയതാകും. അതൊരു അയോഗ്യതയായി കണക്കാക്കുന്നത് ശരിയാകുമോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു.
‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ഹൈക്കോടതിയുടെ ഡബിള്‍ ബെല്‍, പദ്ധതിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി തള്ളി
കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഈ ജനക്ഷേമ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കുകയായിരുന്നു.
പദ്ധതിയിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണ് സർക്കാർ നടത്തുന്നതെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരുന്നത്. സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ അനുമതി നൽകുന്നത് പുരുഷന്മാരോടുള്ള വിവേചനമാണെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
സമ്പന്നരായ ചിലരെ മുൻനിർത്തി പദ്ധതി തകർക്കാനാകില്ല; ഹൈക്കോടതി
എന്നാൽ, സർക്കാരിന്റെ ഉത്തരവിൽ യാതൊരുവിധ നിയമവിരുദ്ധതയോ ചട്ടലംഘനങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിലവിലുള്ള നിയമപരമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നോ അല്ലെങ്കിൽ അത് നിയമവിരുദ്ധമാണെന്നോ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. അതിനാൽ ഈ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല. -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കീമിന്റെ ഫല പ്രഖ്യാപനം മാറ്റിവെച്ചു
തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫല പ്രഖ്യാപനം മാറ്റിവെച്ചു. തിങ്കൾ പകൽ മൂന്നിന് മന്ത്രി റോജി എം ജോൺ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
ഞായറാഴ്ച രാത്രിയോടെ സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫലപ്രഖ്യാപനം മാറ്റിയത്. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.
സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയത്തിൽ വ്യാപക പരാതി ഉയർന്നതോടെയാണ് ഫലപ്രഖ്യാപനം നീണ്ടുപോയത്. പ്ലസ് ടു മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നേരത്തെയും നീട്ടി നൽകിയിരുന്നു.
നികുതി കുറച്ചുള്ള സർക്കാരിന്റെ മദ്യനയം, രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ
കോട്ടയം.നികുതി കുറച്ചുള്ള സർക്കാരിന്റെ മദ്യനയം, രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ. മദ്യത്തിന്റെ കാര്യത്തിൽ സർക്കാരിന് പാളിയെന്ന് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യുഹാനോൻ മാർ ദീയസ്കോറോസ്. മദ്യ നിലപാടിൽ സർക്കാർ വെള്ളം ചേർത്തു. എത്രയും പെട്ടെന്ന് തിരുത്തുന്നതാകും നല്ലത്
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്കൂളുകളിലും കോളേജുകളും കൊടുക്കണം എന്നാണോ. സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ ലോജിക് കാണുന്നില്ല. ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കിയവർ തന്നെ ഇങ്ങനെ ചെയ്യുന്നത് വിരോധാഭാസം
UDF ലുള്ളവർൾക്കു തന്നെ ഇക്കാര്യം മനസിലാകുമെന്ന് കരുതുന്നു. ജനത്തിന്റെ ആശങ്ക മനസ്സിലാക്കണം, കഴിഞ്ഞ സർക്കാരിന്റെ അവസ്ഥ ഉണ്ടാകരു
ഷാപ്പിൽ നിന്ന് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത യുവാവ് മരിച്ചു
ഷാപ്പിൽ നിന്ന് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത യുവാവ് മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. കുമരകം പള്ളിക്കോടംപറമ്പില്‍ ജ്യോതിഷാ(39)ണ് മരിച്ചത്. കോട്ടയം പരിപ്പിലെ ‘തൊള്ളായിരം ഷാപ്പി’ല്‍ നിന്നാണ് ജ്യോതിഷ് ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്തത്. നാലുപേർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സുഹൃത്തുക്കളായ ഏഴുപേര്‍ ഒന്നിച്ചാണ് ഷാപ്പിലെത്തിയത്. ഷാപ്പില് നിന്നും മീന്‍ കഴിച്ച അഞ്ചുപേര്‍ക്കാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. അഖില്‍, സുജിത്ത്, നിഖില്‍, ഗിരീഷ് എന്നിവരാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസ്, അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി.കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസ്. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷൻസ് കോടതിയുടെതാണ് നടപടി. അർജുൻ ആയങ്കി ഒളിവിൽ. തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് CI യെ ഭീഷണിപ്പെടുത്തിയത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. 13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,07,440 രൂപയായും ഉയര്‍ന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,090 രൂപയായി. പവന് വില 88,720 രൂപയും. അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ തുടരുകയാണ്.
ജൂണ്‍ ഒന്നിന് 1,14,560 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി താഴേക്ക് പോകുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള നീക്കവും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമമായതും സ്വര്‍ണത്തെ താഴേക്ക് എത്തിച്ചു. നിലവിലെ അവസ്ഥയില്‍ സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ വിഷയം ഏതുരീതിയില്‍ തിരിയുന്നോ അതിനനുസരിച്ച് വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം.
തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം ഏഴായി
ചെന്നൈ : തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. വാതകം ശ്വസിച്ച നിരവധി തൊഴിലാളികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫാക്ടറിയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ദുഃഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂണിറ്റ് അവധി ദിവസത്തിലാണ് അപകടം ഉണ്ടായത്. സീഫുഡ് പ്രോസസ്സിംഗ് യൂണിറ്റില്‍ നിന്നാണ് അമോണിയ ചോര്‍ച്ച ഉണ്ടായതെന്നും അത് പരിസരമാകെ പടരുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പലര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും കുറച്ചുപേരുടെ വായയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഉടന്‍ തന്നെ നിരവധി ആളുകളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറയുന്നു.




































