Home Blog Page 337

പണം അത്യാവശ്യമായി വന്നാൽ പോയി ചാടി വീഴരുത്! വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്എംഎസ്, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ലോണ്‍ ആപ്പുകളുടെ വ്യാജപരസ്യങ്ങള്‍ കണ്ട് സമീപിക്കുന്ന പൊതുജനങ്ങളെ അംഗീകൃത ആപ്പുകള്‍ പോലെ തോന്നിക്കുന്ന വ്യാജ എപികെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്.

Also Read: 5 ​ദിവസമായി യാതൊരു വിവരവുമില്ല, യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; അന്വേഷണമാരംഭിച്ച് പൊലീസ്

ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, എസ്എംഎസ്, കോള്‍ ഡീറ്റെയ്ല്‍സ്, ക്യാമറ, മൈക്രോഫോണ്‍,ലൊക്കേഷന്‍,സ്റ്റോറേജ്തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകള്‍ എന്നിവ ആപ്പ് വഴി അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ രേഖകള്‍ കൈവശപ്പെടുത്തിയാല്‍ ലോണ്‍ അപ്രൂവ്ഡ് എന്ന വ്യാജസന്ദേശം പ്രദര്‍ശിപ്പിക്കുകയും വിശ്വാസം നേടിയെടുക്കാനായി ചെറിയ തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു.

എന്നാല്‍ പല സന്ദര്‍ഭങ്ങളിലും വായ്പ തുക ലഭിക്കാറില്ല. പ്രോസസിങ് ഫീ, ജിഎസ്ടി, ഇന്‍ഷുറന്‍സ്, വെരിഫിക്കേഷന്‍ ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, അക്കൗണ്ട് ആക്ടിവേഷന്‍ ഫീ തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയാണ് തുടർന്ന് ചെയ്യുക. ഇത്തരത്തില്‍ ആവശ്യപ്പെടുന്ന പണം കൈക്കലാക്കിയാല്‍ വീണ്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെടുകയും തട്ടിപ്പുകാര്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്നു. തട്ടിപ്പുകാര്‍ക്ക് ലഭിച്ച ഫോട്ടോ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

കൂടാതെ വ്യാജമായി കൈവശപ്പെടുത്തിയ കെവൈസി രേഖകള്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, സിം കാര്‍ഡുകള്‍ എടുക്കുക, മറ്റ് വായ്പകള്‍ നേടുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നുണ്ട്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാല്‍ ഇതിനായി ഉപയോഗിച്ച ആപ്പും വെബ്സൈറ്റും ഉപേക്ഷിക്കുകയും ശേഷം മറ്റൊരു പേരില്‍ പുതിയ ആപ്പ് നിര്‍മ്മിച്ച് വീണ്ടും സമാന തട്ടിപ്പുകള്‍ തുടരുകയും ചെയ്യുന്നു.

ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. അംഗീകൃത ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ മാത്രം ഉപയോഗിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം ലോണ്‍ എടുക്കുക. എ.പി.കെ (APK)ലിങ്കുകള്‍ വഴി ലഭിക്കുന്ന ആപ്പുകള്‍ ഒരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ലോണ്‍ ആപ്പുകള്‍ ഒഴിവാക്കുക.

വിവിധ പേരുകളില്‍ മുന്‍കൂര്‍ പണം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളെ ഒഴിവാക്കുക. ആധാര്‍, പാന്‍, ബാങ്ക് വിവരങ്ങള്‍, ഒ.ടി.പി യു.പി.ഐ പിന്‍, സി.വി.വി തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്. തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാല്‍ ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിക്കുക. അമിത പലിശയും അസാധാരണ തിരിച്ചടവും സമ്മര്‍ദ്ദവും ചെലുത്തുന്ന ലോണ്‍ ആപ്പുകളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കേണ്ടതാണ്.

കുന്നത്തൂർ എംഎൽഎ എക്സലൻസ് അവാർഡ് വിതരണം നാളെ

ശാസ്‌താംകോട്ട: ഉല്ലാസ് കോവൂർ എംഎൽഎ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് വിതരണം
‘വിജയോത്സവം 2026’ നാളെ  3.30 ന് ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ നടക്കും.ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ അവാർഡ് വിതരണം നിർവഹിക്കും.ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിക്കും.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ബിരുദ-ബിരുദാനന്തര കോഴ്‌സുകൾക്ക് റാങ്ക് നേടിയ വിദ്യാർത്ഥികളെയുമാണ് ചടങ്ങിൽ ആദരിക്കുന്നത്.അറിയിപ്പ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും കൃത്യം മൂന്നിന് തന്നെ എത്തിച്ചേർന്ന് രജിസ്ട്രേഷൻ നടത്തണമെന്ന് എംഎൽഎ അറിയിച്ചു.

ഓപ്പറേഷന്‍ തണ്ടര്‍: യുവാവ് പിടിയില്‍

കൊല്ലം: എക്സൈസ് വകുപ്പിന്റെ സംസ്ഥാനവ്യാപക പരിശോധനയായ ‘ഓപ്പറേഷന്‍ തണ്ടര്‍’ ഭാഗമായി കൊല്ലം എക്സൈസ് സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 30 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. മയ്യനാട് കൂട്ടിക്കട പീടികമുക്ക് സ്വദേശിയായ സനൂജ് (43) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സനൂജിന്റെ വീട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ മുമ്പും അനധികൃത മദ്യവില്‍പ്പന കേസ് ഉണ്ടായിരുന്നുവെന്നും, 57 കുപ്പി അനധികൃത മദ്യം കൈവശം വച്ച കേസില്‍ നേരത്തെ പിടിയിലായിട്ടുണ്ടെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. മയക്കുമരുന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എത്തിച്ചുനല്‍കുന്ന ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.

5 ​ദിവസമായി യാതൊരു വിവരവുമില്ല, യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; അന്വേഷണമാരംഭിച്ച് പൊലീസ്

മലപ്പുറം: മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് (31) കാണാതായത്. ഈ മാസം ആറിനാണ് ദിൽഷാദ് ചേലേമ്പ്രയിൽ നിന്ന് യാത്ര പോയത്.

Also Read: സ്പീക്കറുടെ അനുനയ നീക്കം വിജയിച്ചു, പരീക്ഷ ഭേദഗതി ബില്ലിനോട് പ്രതിപക്ഷം സഹകരിക്കും, നാളെ ലോക്സഭയിൽ ചർച്ച; പെല്ലറ്റ് പ്രയോഗത്തിൽ ഷാ മറുപടി പറയുമോ?

കഴിഞ്ഞ 22ന് മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് കുടുംബം പറഞ്ഞു. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനൽ വഴി യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കുന്നയാളാണ് ദിൽഷാദ്. 9.33 ലക്ഷം ഫോളോവേഴ്സുമുണ്ട്. തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സ്പീക്കറുടെ അനുനയ നീക്കം വിജയിച്ചു, പരീക്ഷ ഭേദഗതി ബില്ലിനോട് പ്രതിപക്ഷം സഹകരിക്കും, നാളെ ലോക്സഭയിൽ ചർച്ച; പെല്ലറ്റ് പ്രയോഗത്തിൽ ഷാ മറുപടി പറയുമോ?

ന്യൂഡൽഹി: അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തടസപ്പെട്ട പരീക്ഷ ഭേദഗതി ബില്ലിൽ നാളെ ലോക്സഭയില്‍ ചർച്ച നടക്കുമെന്ന് ഉറപ്പായി. വിദ്യാർഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പലതവണ ഇരു സഭകളും സ്തംഭിപ്പിച്ചതോടെയാണ് പാർലമെന്‍റിൽ ചര്‍ച്ച തടസപ്പെട്ടത്. 5 മണിയോടെ ഇന്നത്തെ സഭാ നടപടികൾ അവസാനിച്ച ശേഷം സ്പീക്കർ ഓം ബിർള നടത്തിയ സമവായ നീക്കം ഫലം കണ്ടതോടെയാണ് പരീക്ഷ ഭേദഗതി ബില്ലിൽ നാളെ ച‍ർച്ച നടക്കുമെന്ന് ഉറപ്പായത്.

Also Read: വിബി-ജി റാം ജി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: ഓംബുഡ്‌സ്മാന്‍

ആറ് മണിക്കൂര്‍ നേരമാകും ലോക് സഭയില്‍ ഇക്കാര്യത്തിൽ ചര്‍ച്ച നടക്കുക. വിദ്യാർഥികളുടെ ആവശ്യം എന്ന നിലയിൽ പരീക്ഷ ഭേദഗതി ബിൽ പാസാക്കാൻ പ്രതിപക്ഷം സഹകരിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധങ്ങളിൽ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.

അമിത് ഷാ മറുപടി പറയണം

ഇന്ന് പന്ത്രണ്ട് മണിയോടെയാണ് ലോക് സഭയില്‍ പൊതുപരീക്ഷ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പരീക്ഷ ക്രമക്കേടില്‍പരമാവധി പത്ത് വര്‍ഷം വരെ തടവും, പത്ത് കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗാണ് അവതരിപ്പിച്ചത്. വിദ്യാർഥികള്‍ക്ക് നേരെ നടന്ന പൊലീസ് നായാട്ടില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ശക്തമാക്കി. ഡൽഹിയില്‍ സി ജെ പി പ്രതിഷേധത്തിന് നേരെ പെല്ലെറ്റ് പ്രയോഗിച്ചത്, പാറ്റ്നയില്‍ നടന്ന പ്രതിഷേധത്തിനിടെ എ കെ 47 തോക്ക് ഉപയോഗിച്ചതടക്കം വിഷയങ്ങള്‍ ഉന്നയിച്ചാണ് അമിത് ഷായുടെ മറുപടി തേടിയത്. ഇതിന് പിന്നാലെ ബഹളം ശക്തമായി. ബഹളത്തില്‍ നിര്‍ത്തിയ സഭ രണ്ട് മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴും സമാന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. മൂന്ന് മണിക്കൂര്‍ നേരം ആലോചിക്കാന്‍ സമയം നല്‍കി അഞ്ച് മണിക്ക് വീണ്ടും ചേരാനായി പിരിഞ്ഞു. എന്നാല്‍ അഞ്ച് മണിക്ക് ചേര്‍ന്നപ്പോഴും പ്രതിപക്ഷ നിലപാടില്‍ മാറ്റമുണ്ടായില്ല.

വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമനിര്‍മ്മാണം കോണ്‍ഗ്രസും, സഖ്യകക്ഷികളും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പാർലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. പിന്നാലെ പ്രതിപക്ഷ ബഹളം ശക്തമായി. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അതിനിടെ സ്പീക്കർ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടി. സോനം വാങ്ചുക്കിന് പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം പാലിക്കേണ്ടതാണെന്ന നിലപാട് അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ചക്ക് പ്രതിപക്ഷം തയ്യാറാകുകയായിരുന്നു. നാളെ ആറ് മണിക്കൂര്‍ നേരം ലോക് സഭയില്‍ ചര്‍ച്ച നടക്കും. ശേഷം ബില്ല് പാസാക്കാനാണ് ശ്രമം.

വിബി-ജി റാം ജി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: ഓംബുഡ്‌സ്മാന്‍

ആദിച്ചനല്ലൂര്‍: വിബി-ജി റാം ജി പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങളുറപ്പാക്കാന്‍ പഞ്ചായത്തുകള്‍ ജാഗ്രത പാലിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ജി. കൃഷ്ണകുമാര്‍ പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇത്തിക്കര ബ്ലോക്ക് സാമൂഹ്യ ഓഡിറ്റ് യൂണിറ്റ് ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു ഓംബുഡ്‌സ്മാന്‍.
ഹിയറിംഗിനിടെ ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും വിവിധ വിഷയങ്ങള്‍ ഓംബുഡ്‌സ്മാന്റെ ശ്രദ്ധയില്‍പ്പെടുത്തി. ലഭിച്ച പരാതികളും നിര്‍ദ്ദേശങ്ങളും അധികാരികള്‍ പരിശോധിച്ച് സമയബന്ധിതമായ നടപടി സ്വീകരിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശം നല്‍കി. സാമൂഹ്യ ഓഡിറ്റില്‍ പദ്ധതിയുടെ വിവിധ പ്രവൃത്തികളുടെ നിര്‍വഹണം പരിശോധിച്ചു. പദ്ധതി കൂടുതല്‍ സുതാര്യവും ജനപങ്കാളിത്തം ഉറപ്പാക്കിയും നിര്‍വഹണം നടത്തുന്നതിനും തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ് പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് എം. സുഭാഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സോഷ്യല്‍ ആഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ കെ.എസ്. ഷാര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജെ. സരസ്വതി, സ്ഥിരം സമിതി അധ്യക്ഷരായ സുധാ ഭായി, ലതിക, ആര്‍. സാജന്‍, അസി. സെക്രട്ടറി വി.സുരേഷ് കുമാര്‍, വിബി-ജി റാം ജി എഞ്ചിനീയര്‍ ഹണി മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍, ഉദ്യോഗസ്ഥര്‍, സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് പ്രതിനിധികള്‍ പങ്കെടുത്തു.

എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികൾക്ക് അവാർഡ് നൽകി

ശാസ്താംകോട്ട: കാരാളിമുക്ക് മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു അവാർഡ്
വിതരണം നടത്തി.
ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജാബിർ മന്നാനി ചുള്ളാളം മുഖ്യ പ്രഭാഷണം നടത്തി. ജമാത്തത്ത് പ്രസിഡൻ്റ് സജീവ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.എസ്.നവാസ്, സിയാദ് മൗലവി അൽ ഖാസിമി, മുഹമ്മദ് കുഞ്ഞ് അമാനി.ഖാലുദ്ദീൻ കുട്ടി, ഷരീഫ് റഹ്മാൻ, നവാസ്, ഷാജഹാൻ, ഷമീർ, അൽഅമീൻ ,എം .നിസാർ തുടങ്ങിയവർ പങ്കെടുത്തു.

ശാസ്താംകോട്ട തടാക തീരത്തെ നേച്ചർ പാർക്ക് സന്ദർശിച്ച് ഉല്ലാസ് കോവൂർ എം എൽ. എ

ശാസ്താംകോട്ട : ശാസ്താംകോട്ട തടാക തീരത്തെ നേച്ചർ പാർക്ക് സന്ദർശിച്ചു നിർമ്മാണ പുരോഗതി വിലയിരുത്തി ഉല്ലാസ് കോവൂർ എം. എൽ .എ .
2025 – 26 വർഷത്തെ പദ്ധതി പ്രകാരം 24.75 ലക്ഷം രൂപയ്ക്കാണ് തടാക തീരത്ത് നേച്ചർ പദ്ധതി ആരംഭിച്ചത്. താടകത്തിലെ ജല ശോഷണത്തിന് കാരണമാകുന്ന അധിനിവേശ സസ്യങ്ങളായ അക്കേഷ്യ . മാഞ്ചിയം മരങ്ങൾ ഇതിൻ്റെ ഭാഗമായി വെട്ടിമാറ്റിയിരുന്നു ഇതിന് പകരമായി 1500 ൽ പരം നാട്ടിലെ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപരിപാലിക്കുന്നത് ചദ്ധതിയുടെ ആദ്യ ഘട്ടം. . കുടുംബശ്രീ പ്രവർത്തരും കർഷകശ്രീ പ്രവർത്തകരുമാണ് നേച്ചർ പാർക്ക് നിർമ്മാണത്തിൽ പങ്കെടുത്തത് . ഇതിൻ്റെ പരിപാലനത്തിനായി തടാക തീരത്ത് കിണർ കുത്തിയിട്ടുണ്ട് . ആറു മാസം പ്രായമായ തൈകളിൽ കേടുവന്നവ മാറ്റി സ്ഥാപിച്ചു വരികയാണ് . ബാക്കി സ്ഥലത്തു കൂടി തൈകൾ വെച്ചു പിടിപ്പിച്ച് തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് പൂർണ്ണമായും തടയുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . ഉല്ലാസ് കോവൂർ എം.എൽ എ യുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്‌മി രൺജിത്, ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് കെ.സുകുമാരൻ പിള്ള , കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വൈ ഷാജഹാൻ , അഡീഷണൽ സോയിൽ കൺസർവേറ്റർ അനിത ,ബ്ലോക്ക് ബ്ലോക്ക് മെമ്പറന്മാരായ അർത്തിയിൽ അസൂറ ,കെ. ശിവപ്രസാദ് , കോശിവൈദ്യൻ ,നിഖിൽ മനോഹർ , മെഹറു നിസ ,അമൃത പ്രിയ, രാഖി പ്രവീൺ , തുടങ്ങിയവർ പങ്കെടുത്തു .

സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് ശമ്പളം മൂന്ന് ലക്ഷം; സ്വകാര്യ ആശുപത്രിയിൽ നിന്ന് ഏഴുലക്ഷം, ഡോക്‌ടർക്കെതിരെ കേസ്, 200 ൽപ്പരം ഡോക്ടർമാർ നിരീക്ഷണത്തിൽ

കൽപ്പറ്റ: സർക്കാർ ശമ്പളം കൈപ്പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോ.ശിവപ്രസാദിനെതിരെ വിജിലൻസ് കേസ്. മാനന്തവാടി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോ വാസ്‌കുലാർ സർജനുമായ ഡോ.ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ശിവപ്രസാദിന് പിടിവീണത്.

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാസം മൂന്ന് ലക്ഷം രൂപയാണ് ശിവപ്രസാദ് ശമ്പളം കൈപ്പറ്റുന്നത്. ഇതിനൊപ്പം കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു. ഇത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കോട്ടക്കൽ മിംസ് ആശുപത്രിയിൽ നിന്നുമാത്രം മാസം ഏഴ് ലക്ഷം രൂപ ശിവപ്രസാദ് പ്രതിഫലം കൈപ്പറ്റിയിരുന്നതായും വിജിലൻസ് കണ്ടെത്തി. നിലവിൽ സമാന രീതിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇരുനൂറോളം സർക്കാർ ഡോക്‌‌ടർമാർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്.

ഡി.എൽ.എഡ് പ്രവേശനം: രണ്ടാം അലോട്ട്മെന്റ് 30ന്

ജില്ലയിലെ വിവിധ സർക്കാർ-എയ്ഡഡ് ടി ടി ഐകളിലെ ഡി.എൽ.എഡ് (സയൻസ്,ഹ്യുമാനിറ്റീസ്,കോമേഴ്‌സ്) ബാച്ചുകളുടെ രണ്ടാം അലോട്ട്മെന്റ് ജൂലൈ 30 രാവിലെ 10.30നു കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ നടത്തും. വിവരങ്ങൾക്ക്: ddeklm.blogspot.com