Home Blog Page 336

ബധിരയും മൂകയുമായ പതിമൂന്നുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഇടുക്കി. ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പതിമൂന്നുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ..മധ്യപ്രദേശ് സ്വദേശിയായ റിമുവാണ് പൊലീസിൻ്റെ പിടിയിലായത്..ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു..

ഇന്നലെ വീട്ടിൽ നിന്ന് കാണാതായ 13 വയസ്സുകാരിയുടെ തിരിച്ചുവരവും വെളിപ്പെടുത്തലുമാണ് നിർണായക അറസ്റ്റിലേക്ക് പൊലീസിനെ നയിച്ചത്.. ഇടുക്കി ഉടുമ്പൻചോലയിലെ റിമുവെന്ന 20 വയസ്സുകാരൻ്റെ ക്രൂരതയിൽ ഞെട്ടിനിൽക്കുകയാണ് ഒരു നാട്..ഉച്ചയ്ത്ക്ക് മൂന്നരയോടെയാണ് വീടിന് സമീപത്ത് നിന്ന് ബധിരയും മൂകയുമായ പതിമൂന്നുകാരിയെ കാണാതാകുന്നത്..കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും വീട്ടുകാരും മണിക്കൂറുകളോളം തിരച്ചിൽ നടത്തി..പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല..ഒടുവിൽ രാത്രി 7.30യോടെ കുട്ടി വീട്ടിൽ തിരിച്ചെത്തി..പിന്നീട് കുടുംബത്തോട് പറഞ്ഞത് താൻ നേരിട്ട ക്രൂരതയുടെ വിവരങ്ങളാണ്..ഒടുവിൽ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു..പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിൽ കുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ച മധ്യപ്രദേശ് സ്വദേശിയായ റിമു പിടിയിലായി..

എട്ട് മാസം മുൻപാണ് ഉടുമ്പൻചോലയിലെ ഏലതോട്ടത്തിൽ റിമു ജോലിക്കെത്തിയത്..പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇതുവരെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടില്ല..പക്ഷേ ഇന്നലെ റിമുവിൻ്റെ പീഢന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട 13 വയസ്സുകാരി റിമുവിനെ തുറന്നുക്കാട്ടി..നാലു മാസങ്ങൾക്കു മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ സമീപത്തുള്ള മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു..ഇതുമായി റിമുവിന് ബന്ധമുണ്ടോ എന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്..

ശാസ്താംകോട്ട കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ മന്ത്രിയെയും എംഎൽഎമാരെയും ആദരിക്കും

ശാസ്താംകോട്ട:കെ.എസ്.എം ദേവസ്വം ബോർഡ് കോളജിലെ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രിയും കുണ്ടറ എംഎൽഎയുമായ പി.സി വിഷ്‌ണു നാഥിനും കരുനാഗപ്പള്ളി
എംഎൽഎ സി.ആർ മഹേഷിനും,കോളേജ് സ്ഥിതി ചെയ്യുന്ന കുന്നത്തൂരിലെ എംഎൽഎ ഉല്ലാസ് കോവൂരിനും ആദരവ് നൽകും.28ന് ഉച്ചയ്ക്ക് 2.30ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ ഇവർക്ക് കോളേജിന്റെ സ്നേഹാദരം സമ്മാനിക്കുന്നു.ദേവസ്വം ബോർഡ് അംഗവും മുൻ മന്ത്രിയുമായ പി.രാജു ഉദ്ഘാടനം ചെയ്യും.

കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും.അധ്യാപകരും വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുക്കും.പതിനാറാം കേരള നിയമസഭയിലേക്ക് കുണ്ടറയെ പ്രതിനിധീകരിച്ച് പി.സി വിഷ്ണുനാഥും, കരുനാഗപ്പള്ളിയെ പ്രതിനിധീകരിച്ച് സി.ആർ മഹേഷും തെരഞ്ഞെടുക്കപ്പെട്ടത് ശാസ്താംകോട്ട കോളേജിന് ചരിത്ര നേട്ടമാണ് സമ്മാനിച്ചത്.

ദമ്മാം ഒഐസിസി സംഗമം-റീകണക്റ്റ് 2026 @ കേരളം

ശാസ്‌താംകോട്ട:സൗദി ഈസ്‌റ്റേൺ പ്രോവിൻസ് (ദമ്മാം) ഒ.ഐ.സി.സി.യുടെ നേതൃത്വത്തിൽ മുൻകാല പ്രവർത്തകരുടെയും അവധിക്കായി നാട്ടിലുള്ള പ്രവർത്തകരുടെയും സംഗമം റീകണക്റ്റ് 2026 @ കേരളം എന്ന പേരിൽ സംഘടിപ്പിച്ചു.ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സൗദി ഈസ്‌റ്റേൺ പ്രോവിൻസ് ഒഐസിസി പ്രസിഡൻ്റ് ഇ.കെ സലീമിൻ്റെ അദ്ധ്യക്ഷതയിൽ കെപിസിസി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറും ഒ.ഐ.സി.സി ഗ്ലോബൽ ഉപാദ്ധ്യക്ഷനുമായ അഹമ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥി ആയിരുന്നു.ഐക്യത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ട് പോകുന്ന ദമ്മാം ഒഐസിസി ഇത്തരം സംഗമത്തിലുടെ പുതിയ ഒരു മാതൃക സൃഷ്‌ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എംഎൽഎമാരായ പഴകളം മധു,അഡ്യ: ശാന്തകുമാർ,അബിൻ വർക്കി,മുൻ കെപിസിസി ജനറൽ സെക്രട്ടറി മാന്നാർ അബ്‌ദുൾ ലത്തീഫ്,കോൺഗ്രസ്സ് അടൂർ ബ്ലോക്ക് പ്രസിഡൻ്റ് ആബിദ് ഷഹിം,ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല,മുൻ ദമ്മാം ഒഐസിസി നേതാക്കളായ അഡ്വ:കെ.വൈ സുധീന്ദ്രൻ,ചന്ദ്രൻ കല്ലട,ചന്ദ്രമോഹൻ ദമ്മാം ഒ ഐ സി സി നേതാക്കളായ ജോൺ കോശി,റഫീഖ് കുട്ടിലങ്ങാടി, ഹനീഫ് റാവുത്തർ, ബഹ്‌റൈൻ ഒ ഐ സി സി നേതാവ് രാജു കല്ലുംപുറം എന്നിവർ സംസാരിച്ചു.സൗദി ഈസ്‌റ്റേൺ പ്രോവിൻസ് ഒ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, വൈസ് പ്രസിഡൻ്റ് പി.കെ അബ്ദുൽ കരിം നന്ദിയും പറഞ്ഞു.

മര്‍ദ്ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടി, ഉള്ള് പഴുത്ത് ഗുരുതരാവസ്ഥയിലായിരുന്നു,കര്‍ശന നടപടി വേണമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ്‌ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഉത്തരവാദികള്‍ക്കായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മരണപ്പെട്ട സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. വാരിയെല്ല് പൊട്ടുന്നത് വരെ മര്‍ദ്ദിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ സിയാദിന്റെ വാരിയെല്ല് പൊട്ടി, ഉള്ള് പഴുത്ത് ഗുരുതരാവസ്ഥായിലായിരുന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. സംഭവം കൃത്യമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പൊലീസിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി മരിച്ച സിയാദിന്റെ മകള്‍ ആരോപണവിധേയനായ പൊലീസുകാരനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സിയാദിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും പൊലീസ് മൃഗീയമായി മര്‍ദിക്കുകയായിരുന്നുവെന്ന് മകള്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് പഴുപ്പുണ്ടായെന്നും, ആരാണ് മര്‍ദിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നതായും മകള്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്ന നിലപാടാണ് പൊലീസുകാരന്‍ സ്വീകരിച്ചത്. പപ്പയെ മര്‍ദിച്ചത് സാറല്ലേ, സാര്‍ മര്‍ദിച്ചെന്ന് പപ്പ പറഞ്ഞിരുന്നതായി കുട്ടി എസ്‌ഐയോട് പറയുന്നുണ്ട്. ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്.

ജൂണ്‍ 16-ന് രാത്രിയാണ് അയല്‍വാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയുടെ പേരില്‍ കുണ്ടറ പൊലീസ് സിയാദിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. അസുഖബാധിതനായ സിയാദ് മരുന്ന് കഴിച്ചു ഉറങ്ങാന്‍ കിടക്കുമ്പോഴായിരുന്നു പൊലീസിന്റെ ഈ നടപടി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിലും കസ്റ്റഡിയിലും വെച്ച് എസ് ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നാണ് കുടുംബം പരാതിപ്പെടുന്നത്.

ലോണ്‍ ആപ്പുവഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍

ലോണ്‍ ആപ്പുവഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത്. ലോകം മുഴുവന്‍ ഉള്ള ഇടപാടുകള്‍ വഴി കോടികളാണ് സംഘം തട്ടിയെടുത്തത്. സ്ഥാപനത്തിലെ ജീവനക്കാര്‍ അടക്കം 18 ഉത്തരേന്ത്യക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസ് റെയ്ഡിനിടെ 50 ഓളം കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു. പരിശോധന രാത്രി വൈകിയും തുടരുകയാണ്.
സൈബര്‍ പോലീസും ശ്രീകാര്യം- മെഡിക്കല്‍ കോളേജ് പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട ഒരാളെ എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത്.
സംഘത്തില്‍ സ്ത്രീകളും ഉണ്ടെന്നാണ് വിവരം. കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ലഹരി കച്ചവടം നടത്തുന്ന എന്നായിരുന്നു രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ ആണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവര്‍. ഇടപാടുകാര്‍ കൂടുതലും അമേരിക്കക്കാരാണ്.

യൂട്യൂബറെ കാണാനില്ല; പരാതിയുമായി കുടുംബം, അന്വേഷണം ആരംഭിച്ചു

മലപ്പുറം: യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവാവിനെ കാണാനില്ലെന്ന് പരാതി. ‘യാത്ര ടുഡേ’ ദിൽഷാദ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ചേലേമ്പ്ര പുല്ലിപറമ്പ് ഇരൂളിൽ വീട്ടിൽ മുഹമ്മദ് ദിൽഷാദിനെ (31) ആണ് കാണാതായത്. ഇത് സംബന്ധിച്ച് കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിൽഷാദ് കഴിഞ്ഞ ജൂലൈ 6ന് വീട്ടിൽ നിന്ന് വ്ലോഗ് ചെയ്യുന്നതിനായി യാത്ര പുറപ്പെട്ടതാണ്. കൊൽക്കത്തയിലെത്തി ‘ കൊൽക്കത്ത നഗരത്തിൻ്റെ പിന്നാമ്പുറ കഥകൾ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്ലോഗ് ചെയ്യുകയും ചെയ്തു. എന്നാൽ 22 മുതൽ വീട്ടുകാർക്ക് ദിൽഷാദിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇതോടെ ബന്ധുക്കൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ‘വെടിവെച്ച് കൊല്ലണ’മെന്ന ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസിൻ്റെ വിവാദ പരാമർശത്തിൽ സർക്കാർ നടപടി

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദപരാമർശത്തിൽ നടപടി. സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കും. എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ദില്ലി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുത്ത ജെൻസി പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ടാണ് ടി ജി മോഹൻദാസ് വിവാദ പരാമര്‍ശം നടത്തിയത്. 

ദില്ലിയിൽ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നാണ് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം- ടി ജി മോഹന്‍ദാസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണെന്നും യൂട്യൂബ് വീഡിയോയിലൂടെ മോഹൻദാസ് അധിക്ഷേപിച്ചിരുന്നു.

പരാമര്‍ശത്തിൽ എസ്എഫ്ഐയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രസ്താവനക്കെതിരെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദനാണ് ഡിജിപിക്ക്‌ പരാതി നൽകിയത്

ഫാറ്റി ലിവർ രോഗം വരുന്നത് തടയാൻ ജീവിതശൈലിയിൽ നിർബന്ധമായും വരുത്തേണ്ട മാറ്റങ്ങൾ

ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ഫാറ്റി ലിവർ രോഗം വരുന്നത് തടയാൻ സഹായിക്കും. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ലിവർ ഫാറ്റ് കുറയ്ക്കാനും ചെയ്യേണ്ട കാര്യങ്ങൾ.

ശരീരഭാരം കുറയ്ക്കാം

അമിതമായ വണ്ണം ഉള്ളവരിൽ ഫാറ്റി ലിവർ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഫാറ്റി ലിവർ കുറയ്ക്കുന്നതിന് ശരീരഭാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

വ്യായാമങ്ങൾ ചെയ്യാം

ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് ഫാറ്റി ലിവർ രോഗം വരുന്നതിനെ തടയാൻ സഹായിക്കും. കുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

പഞ്ചസാരയുടെ ഉപയോഗം

മധുരമടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും, അമിതമായ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെയും ലിവർ ഫാറ്റ് കുറയ്ക്കാൻ സാധിക്കും.

ഫൈബർ

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ലീൻ പ്രോട്ടീനുകൾ

മത്സ്യം, ഇറച്ചി, മുട്ട, പയർ വർഗ്ഗങ്ങൾ എന്നിവ ധാരാളം കഴിക്കുന്നത് ഫാറ്റി ലിവർ രോഗം തടയാൻ സഹായിക്കും.

സംസ്ഥാനത്തെ പൊലീസ് സംഘടനകളിലെ ഏറ്റവും വലിയ അഴിച്ചുപണി; ഇനി രണ്ട് സംഘടനകൾ മാത്രം, സെപ്‌തംബർ 30 ന് ഉള്ളിൽ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ‘കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ’ എന്ന സംഘടന ഇല്ലാതായി.

Also Read: പണം അത്യാവശ്യമായി വന്നാൽ പോയി ചാടി വീഴരുത്! വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്

പുതിയ ഉത്തരവ് പ്രകാരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ് ഐ വരെയുള്ളവരെ പൊലീസ് അസോസിയേഷനിൽ ഉൾപ്പെടുത്തി. എസ് ഐ മുതൽ നോൺ ഐപിഎസ് എസ് പിമാർവരെ ഉൾപ്പെടുന്ന കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടനയാകും. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെന്ന സംഘടന ഇതോടെ ഇല്ലാതായി.

സെപ്‌തംബർ 30 ന് ഉള്ളിൽ പുതിയ സംഘടകളിൽ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. നിലവിൽ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരാണ് സംഘടനയുടെ തലപ്പത്തുള്ളത്. പുതിയ തെരഞ്ഞെടുപ്പോടെ സംഘടകളുടെ നിയന്ത്രണം പിടിക്കാനാണ് കോൺഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം. സംസ്ഥാനത്തെ പൊലീസ് സംഘടനയിൽ നടക്കുന്ന വലിയ അഴിച്ചുപണിയാണ് ഇത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആസ്തികൾ പുതിയ രണ്ട് സംഘടകൾ പങ്കുവയ്ക്കും.

വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി.

ലോണ്‍ ആപ്പുകളുടെ വ്യാജപരസ്യങ്ങള്‍ കണ്ട് സമീപിക്കുന്ന പൊതുജനങ്ങളെ അംഗീകൃത ആപ്പുകള്‍ പോലെ തോന്നിക്കുന്ന വ്യാജ എ.പി.കെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, എസ്.എം.എസ്, കോള്‍ ഡീറ്റെയ്ല്‍സ്, ക്യാമറ, മൈക്രോഫോണ്‍,ലൊക്കേഷന്‍,സ്റ്റോറേജ്തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു.
തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകള്‍ എന്നിവ ആപ്പ് വഴി അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ രേഖകള്‍ കൈവശപ്പെടുത്തിയാല്‍ ലോണ്‍ അപ്രൂവ്ഡ് എന്ന വ്യാജസന്ദേശം പ്രദര്‍ശിപ്പിക്കുകയും വിശ്വാസം നേടിയെടുക്കാനായി ചെറിയ തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും വായ്പ തുക ലഭിക്കാറില്ല. പ്രോസസിങ് ഫീ, ജി.എസ്.ടി, ഇന്‍ഷുറന്‍സ്, വെരിഫിക്കേഷന്‍ ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, അക്കൗണ്ട് ആക്ടിവേഷന്‍ ഫീ തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയാണ് തുടർന്ന് ചെയ്യുക. ഇത്തരത്തില്‍ ആവശ്യപ്പെടുന്ന പണം കൈക്കലാക്കിയാല്‍ വീണ്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെടുകയും തട്ടിപ്പുകാര്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്നു.

തട്ടിപ്പുകാര്‍ക്ക് ലഭിച്ച ഫോട്ടോ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

 കൂടാതെ വ്യാജമായി കൈവശപ്പെടുത്തിയ കെ.വൈ.സി (K.Y.C)രേഖകള്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, സിം കാര്‍ഡുകള്‍ എടുക്കുക, മറ്റ് വായ്പകള്‍ നേടുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നുണ്ട്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാല്‍ ഇതിനായി ഉപയോഗിച്ച ആപ്പും വെബ്സൈറ്റും ഉപേക്ഷിക്കുകയും ശേഷം മറ്റൊരു പേരില്‍ പുതിയ ആപ്പ് നിര്‍മ്മിച്ച് വീണ്ടും സമാന തട്ടിപ്പുകള്‍ തുടരുകയും ചെയ്യുന്നു.

ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. അംഗീകൃത ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ മാത്രം ഉപയോഗിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം ലോണ്‍ എടുക്കുക. എ.പി.കെ (APK)ലിങ്കുകള്‍ വഴി ലഭിക്കുന്ന ആപ്പുകള്‍ ഒരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ലോണ്‍ ആപ്പുകള്‍ ഒഴിവാക്കുക.

വിവിധ പേരുകളില്‍ മുന്‍കൂര്‍ പണം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളെ ഒഴിവാക്കുക. ആധാര്‍, പാന്‍, ബാങ്ക് വിവരങ്ങള്‍, ഒ.ടി.പി യു.പി.ഐ പിന്‍, സി.വി.വി തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്. തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാല്‍ ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കുക. അമിത പലിശയും അസാധാരണ തിരിച്ചടവും സമ്മര്‍ദ്ദവും ചെലുത്തുന്ന ലോണ്‍ ആപ്പുകളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക.

ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ  1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കേണ്ടതാണ്.