Home News National ഉള്ളിവില കുത്തനെ താഴേയ്ക്ക്….

ഉള്ളിവില കുത്തനെ താഴേയ്ക്ക്….

Advertisement

മഹാരാഷ്ട്രയിലെ മൊത്തവ്യാപാര വിപണിയില്‍ ഉള്ളിവില കുത്തനെ താഴേയ്ക്ക്. കിലോയ്ക്ക് ഒരു രൂപ മുതല്‍ നാലു രൂപ വരെ ലഭിക്കുന്നത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുന്നു. കൃഷിക്കായി ചെലവാക്കിയ തുകയെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ മാര്‍ക്കറ്റിലെത്തിയ ജിതേന്ദ്ര സോളങ്കെ എന്ന കര്‍ഷകന് ലഭിച്ചത് കിലോയ്ക്ക് വെറും 50 പൈസ മാത്രമാണ്. ഒരു ലക്ഷം രൂപയിലധികം ചെലവാക്കി കൃഷി ചെയ്ത വിളവിനാണ് ജിതേന്ദ്രയ്ക്ക് തുച്ഛമായ തുക ലഭിച്ചത്. പ്രാദേശിക പണമിടപാടുകാരനില്‍ നിന്നും കടമെടുത്തായിരുന്നു ജിതേന്ദ്രയുടെ കൃഷി.

ഉള്ളി വിപണിയിലെ തകര്‍ച്ച മൂലം 100 ക്വിന്റല്‍ വിളവിലൂടെ ആകെ ലഭിച്ചത് 15,000 രൂപ മാത്രമാണ്. 85,000 രൂപയുടെ കടവും അതിന്റെ പലിശയും എങ്ങനെ വീട്ടുമെന്നറിയാതെ നിസഹായവസ്ഥയിലാണ് ജിതേന്ദ്ര. മറ്റ് കര്‍ഷകരുടെയും അവസ്ഥ സമാനമാണ്. ഒരു ക്വിന്റല്‍ ഉള്ളി ഉല്‍പാദിപ്പിക്കാന്‍ ഏകദേശം 1800 രൂപ ചെലവ് വരുമ്പോഴാണ് വന്‍ നഷ്ടത്തിലുള്ള ഈ വില്‍പന. ഇത് കര്‍ഷകരുടെ കടക്കെണിയിലേയ്ക്കും ദുരിതത്തിലേയ്ക്കും തള്ളി വിടുകയാണ്. പശ്ചിമേഷ്യന്‍ പ്രതിസന്ധി കയറ്റുമതിയെ ബാധിച്ചതും കൂടുതല്‍ ഉള്ളി പ്രാദേശിക വിപണിയില്‍ എത്തിയതുമാണ് വന്‍ ഇടിവിലേയ്ക്ക് എത്തിയത്.

പൈതാന്‍ താലൂക്കിലെ വരുഡി ഗ്രാമത്തില്‍ നിന്നുള്ള 45 വയസ്സുകാരനായ പ്രകാശ് ഗലാധര്‍ എന്ന കര്‍ഷകനും തന്റെ ദയനീയ അവസ്ഥ തുറന്നുകാട്ടി. 25 ചാക്ക് സവാളയുമായി (ആകെ 1,262 കിലോ) പൈതാന്‍ എപിഎംസിയില്‍ എത്തി. ലേലം കഴിഞ്ഞപ്പോള്‍ അദേഹത്തിന് ലഭിച്ചത് ആകെ 1,262 രൂപയാണ്. അതായത് ഒരു കിലോയ്ക്ക് വെറും ഒരു രൂപയാണ് അദേഹത്തിന് ലഭിച്ചത്. ഈ തുകയില്‍ ഗതാഗതം ഉള്‍പ്പടെയുള്ള മറ്റ് ചെലവകളും കഴിഞ്ഞു പോകണം. ഇത് അതിലേറെ പ്രതിസന്ധിക്ക് വഴിവെയ്ക്കുന്നു.

Advertisement