Home Blog Page 309

മഴയിൽ വീട് തകർന്നു…ഭിന്നശേഷിക്കാരിക്ക് പരിക്ക്

കൊല്ലം: ഇന്നലെ പെയ്ത ശക്തമായ മഴയിൽ ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് സരസ ഭവനിൽ സരസചന്ദ്രൻ പിള്ളയുടെ വീട് തകർന്നു വീണു.
വീട്ടിലുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ മകൾ ശാരികയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ശാരികയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ഓഗസ്റ്റ് 2, ഞായർ | 1201 കർക്കടകം 17, പൂരുരുട്ടാതി

അതിതീവ്ര മഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; 9 മരണം

അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഉരുൾപൊട്ടലിലും ഒഴുക്കിൽപെട്ടും ഒമ്പതു പേർ മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തുമായി മത്സ്യബന്ധനത്തിനു പോയ അഞ്ചു പേരെ കാണാനില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ പ്രളയഭീതിയിൽ. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1,465 പേരെ മാറ്റിപാർപ്പിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നലെ 9 മരണം

മഴമൂലം സംസ്ഥാനത്ത് ഇന്നലെ ഒമ്പതു മരണം. കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനായ കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ ഷിജു, മലപ്പുറം ജില്ലയിലെ വണ്ടൂരിൽ എറിയാട് തോട്ടിൽ ഒഴുക്കിൽ പെട്ട് അബ്ദുൽ മുനീറിന്റെ മൂന്നു വയസുള്ള മകൻ അബ്ദുൽ മുഹൈനി എന്നിവർ മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസ്സുകാരൻ ആദം അയ്മൻ, ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ എന്നിവർ മരിച്ചു. വയനാട്ടിൽ പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴ അഞ്ചാം തീയതിവരെ തുടരും. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി തുടരുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കിയത്.

മാറ്റിവച്ച പരീക്ഷകൾക്കും പി.എസ്.സി ഉദ്യോഗാർത്ഥികൾക്കും പുതിയ തീയതികൾ

കനത്ത മഴയെ തുടർന്ന് സെറ്റ്, എംജി സർവ്വകലാശാല, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവച്ചു. ഇന്നലെ പരീക്ഷ എഴുതാൻ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് പിഎസ്സി അറിയിച്ചു.

എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

എട്ട് ജില്ലകളിൽ സ്പെഷ്യൽ ക്ലാസുകൾക്കും മതബോധന ക്ലാസുകൾക്കും ഇന്ന് അവധി. പത്തനംതിട്ട, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിൽ മദ്രസ്സകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

പമ്പയിൽ വെള്ളപ്പൊക്കം; ഭക്തർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് നിർദേശം

പമ്പാ നദിയിൽ വെള്ളപ്പൊക്കം. നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും നാളേയും ശബരിമല ദർശനം നടത്താൻ ഭക്തർ വരരുതെന്ന് അധികൃതർ അറിയിച്ചു.

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്കും വീട് നഷ്ടപ്പെട്ടവർക്കും ധനസഹായം

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്ന് സർക്കാർ. വീടുകളും കൃഷിയും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കും സർക്കാർ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.

അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യവകുപ്പിന് നിർദേശം

അടിയന്തര സാഹചര്യം നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ ഡിഎംഒ മാരുടെയും ഡി പി എമ്മുമാരുടെയും അടിയന്തര യോഗം വിളിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണക്കാല റേഷൻ വിതരണം നാളെ മുതൽ

ഓണക്കാല റേഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യം. കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട 9 രൂപാ നിരക്കിൽ ലഭിക്കും. നീല കാർഡുകാർക്ക് ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്കും 2 കിലോ സ്പെഷ്യൽ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും 3 കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നൽകും. വെള്ള കാർഡിന് 7 കിലോ അരി 10.90 രൂപാ നിരക്കിലും 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും.

വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ

മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്ര വിവാദമായി. ഇന്നലെ രാവിലെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ ഹെലികോപ്റ്റർ കാലാവസ്ഥ മോശമായതിനാൽ തിരികേപോയി. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചിയിൽ പറന്നിറങ്ങി. ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്റ്റർ യാത്രയെന്നാണ് ഇടതുനേതാക്കളുടെ വിമർശനം. മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

ഓണക്കാലത്ത് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ 2597 കോടി രൂപ അധിക ഗഡു

ഓണക്കാലത്ത് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ 2597 കോടി രൂപ അധിക ഗഡു അനുവദിച്ചു. ഓഗസ്റ്റ് മാസത്തെ പതിവ് നികുതി വിഹിതത്തിനു പുറമെയാണിത്.

കൊച്ചിയിൽ രാസലഹരിയുമായി യുവതികളുൾപ്പെടെ നാലുപേർ പിടിയിൽ

കൊച്ചിയിൽ രാസലഹരിയുമായി രണ്ടു യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. വെണ്ണല പുനത്തി റോഡിലെ ഒരു വീട്ടിൽ നിന്നാണ് 4.48 ഗ്രാം എംഡിഎംഎ-യുമായി കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. മരട് തോമസ്പുരം സ്വദേശി റിജോയ് ബെക്സൺ ഫ്രാൻസിസ് (23), പുത്തൻകുരിശ് സ്വദേശി ബിനു മോഹനൻ (32), പനങ്ങാട് സ്വദേശി സാന്ദ്രാഞ്ജലി (24), ഹരിപ്പാട് സ്വദേശി പാർവ്വതി (25) എന്നിവരാണ് അറസ്റ്റിലായത്.

കാപ്പാ കേസ് പ്രതിക്ക് അവധി: തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം

കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ സുഗതന്റെ അവധി അപേക്ഷയിൽ അനുകൂല നിലപാടെടുത്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമക്കെതിരെയും അന്വേഷണം. മന്ത്രി കെ എം ഷാജിയുടെ നിർദേശത്തിനു വിരുദ്ധമായാണ് ഉദ്യോഗസ്ഥ ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പിൽനിന്ന് ഉത്തരവിറക്കിയ അണ്ടർ സെക്രട്ടറി നമിതക്കെതിരെ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിക്കേസിൽ പ്രതിയായ ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷിനോട് രാജി വക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കശുവണ്ടി അഴിമതി കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതിയും നൽകിയിരുന്നു.

പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം

അതിതീവ്ര മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ജലനിരപ്പ് 422 മീറ്ററിലെത്തിയാൽ ഡാം തുറക്കും. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

നെയ്യാർ അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. പരമാവധി ജലനിരപ്പായ 84.75 മീറ്ററിൽ തന്നെ ജലനിരപ്പ് തുടരുകയാണ്. നെയ്യാറിന്റെ കരകളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങാൻ സിപിഎം ആഹ്വാനം

സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

പി.ആർ.ഡി മുൻ ഡയറക്ടർ തോട്ടം രാജശേഖരൻ അന്തരിച്ചു

എഴുത്തുകാരനും സംസ്ഥാന പബ്ളിക് റിലേഷൻസ് വകുപ്പ് മുൻ ഡയറക്ടറുമായ തോട്ടം രാജശേഖരൻ അന്തരിച്ചു. 95 വയസായിരുന്നു.

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ

മാന്നാറിൽ ബസ് സ്കൂട്ടറിൽ തട്ടിയെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശി വിപിൻ കൃഷ്ണനാണ് അറസ്റ്റിലായത്. പരിക്കേറ്റ ഡ്രൈവർ വിജയൻ ചികിത്സയിലാണ്.

ദേശീയപാതയിലെ കവർച്ച: പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി

ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി. മണ്ണൂർ പത്തിരിപ്പാല സ്വദേശി അബ്ദുൽ സലാം (31) ആണ് വെള്ളിയാഴ്ച പാലക്കാട് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.

അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദയാണ് മരിച്ചത്. കഴിഞ്ഞ 24 നാണ് അപകടം ഉണ്ടായത്. ശാരദ തുണി കഴുകി അഴയിൽ ഇട്ടപ്പോൾ ആയിരുന്നു അപകടം.

പുരോഗതിയുടെ പ്രേരകശക്തി യുവാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുരോഗതിയുടെ പ്രേരകശക്തിയാണു യുവാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർമ്മാണവും സമ്പദ്വ്യവസ്ഥയും മുതൽ ബഹിരാകാശ ഗവേഷണം വരെയുള്ള മേഖലകളിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം യുവാക്കളെ അഭിനന്ദിച്ചത്. മൈസൂരുവിൽ സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം; രാഹുൽ ഗാന്ധിക്കെതിരെ കേസ്

സനാതന ധർമ്മത്തെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് വാരാണസി പൊലീസ്. പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി.

ഇ-20 പെട്രോൾ നയം ഇന്ധനവില വർധന തടയാൻ സഹായിച്ചെന്ന് കേന്ദ്രം

ഇറാൻ യുദ്ധകാലത്ത് ഇന്ധനവില വർധന തടയാൻ ഇ-20 പെട്രോൾ നയം സഹായിച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. എത്തനോൾ കലർത്തുന്നതുമൂലം ലിറ്ററിന് 30 രൂപയോളം ലാഭിക്കാനായെന്നും മൈലേജ് കുറയുമെന്ന വിമർശനങ്ങളെക്കാൾ വലുതാണ് ഈ നേട്ടമെന്നും സർക്കാർ.

ഇ-20 നയത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാർട്ടി

രാജ്യത്ത് ഇ 20 ഇന്ധനം കൊണ്ടുവന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി കേന്ദ്രത്തിന്റെ ഇ20 നയത്തിനെതിരെ പൊതുജനങ്ങളുടെ നിവേദനങ്ങൾ സമർപ്പിക്കുമെന്ന് കെജ്രിവാൾ അറിയിച്ചു.

വിദേശനയം ശക്തമാക്കുന്നതിൽ അജിത് ഡോവലിന് വലിയ പങ്കെന്ന് അമിത് ഷാ

ഇന്ത്യയുടെ വിദേശനയം ശക്തമാക്കുന്നതിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ തീരുമാനങ്ങൾക്കു പിന്നിലും ഡോവലിന്റെ ഉപദേശം ഉണ്ടായിരുന്നെന്നും അമിത് ഷാ പറഞ്ഞു. പൂനെയിൽ അജിത് ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.

കശ്മീരിലെ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണം: പിന്നിൽ ലഷ്കർ ഭീകരരെന്ന് കണ്ടെത്തൽ

ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികൾ കണ്ടെത്തി.

തൊഴിൽ നിയമം ലംഘിച്ചു; ഫ്രാൻസിൽ ഇൻഫോസിസിന് രണ്ട് കോടി രൂപ പിഴ

ഫ്രാൻസിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിന് രണ്ടു കോടി രൂപ പിഴ. ജീവനക്കാരുടെ ജോലി സമയം കൃത്യമായി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഫ്രഞ്ച് തൊഴിൽ അതോറിറ്റി പിഴ ചുമത്തിയത്.

പ്രശസ്ത പർവതാരോഹകൻ നിർമൽ പുർജ ഹിമപാതത്തിൽ മരിച്ചു

പ്രശസ്ത നേപ്പാളി പർവതാരോഹകൻ നിർമൽ പുർജ പാകിസ്ഥാനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ മരിച്ചു. ’14 പീക്ക്സ്’ എന്ന ഡോക്യുമെന്ററിയിലൂടെ ലോകശ്രദ്ധ നേടിയ പുർജ, ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയ റെക്കോർഡിന് ഉടമയാണ്.

ഈ വർഷം അമേരിക്കയിൽ നിന്ന് നാടുകടത്തിയത് 2,273 ഇന്ത്യക്കാരെ

ഈ വർഷം അമേരിക്കയിൽ നിന്ന് 2,273 ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം. 2026 ജനുവരി 1-നും ജൂലൈ 31-നും ഇടയിലാണ് 2,273 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്: ഇന്ത്യൻ വനിതകൾക്ക് അഞ്ച് സ്വർണം

കോമൺവെൽത്ത് ഗെയിംസ് ബോക്സിങ് റിങ്ങിൽ ഇന്ത്യൻ വനിതകൾ അഞ്ച് സ്വർണവും ഒരു വെള്ളിയും നേടി്. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി, 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഗൻഗാസ്, 70 കിലോഗ്രാം വിഭാഗത്തിൽ അരുന്ധതി ചൗധരി, 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയ എന്നിവരാണ് സ്വർണം നേടിയത്. 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗോഹൊയ്ൻ വെള്ളിയും നേടി. അതേസമയം പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ സച്ചിൻ സിവാച്ച് സ്വർണം നേടി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ജദ്ദുമണി സിങിന് വെള്ളിയാണ് ലഭിച്ചത്. പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. പ്രവീൺ ചിത്രവേലുംസെൽവ പ്രഭു തിരുമാരനുമാണ് മെഡലുകൾ നേടിയത്. പാരാ അത്ലറ്റിക്സിൽ പുരുഷന്മാരുടെ എഫ്-57 ഷോട്ട് പുട്ടിൽ സോമൻ റാണ സ്വർണവും ശുഭം ജുയൽ വെള്ളിയും നേടി.

ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്; കേരളത്തിനും മികച്ച നേട്ടം

രാജ്യത്തെ ജിഎസ്ടി വരുമാനത്തിലെ വൻ കുതിച്ചുചാട്ടത്തിനൊപ്പം കേരളത്തിനും മികച്ച നേട്ടം. 2026 ജൂലൈ മാസത്തിൽ സംസ്ഥാനത്ത് നിന്നുള്ള ആഭ്യന്തര ജിഎസ്ടി പിരിവ് 3,152 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർധന. കേന്ദ്രത്തിൽ നിന്നുള്ള ഐജിഎസ്ടി വിഹിതം കൂടി ചേർത്തുള്ള അന്തിമ സെറ്റിൽമെന്റിന് ശേഷം ജൂലൈയിൽ കേരളത്തിന്റെ ഖജനാവിലേക്ക് എത്തിയ തുക 3,161 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 17 ശതമാനം വളർച്ച. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ സെറ്റിൽമെന്റിലൂടെ സംസ്ഥാനത്തിന് ലഭിച്ച ആകെ തുക 12,864 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,516 കോടി രൂപയായിരുന്നു. ജൂലൈയിൽ രാജ്യത്തെ ആകെ ജിഎസ്ടി വരുമാനം 2,11,205 കോടി രൂപയിലെത്തി (2.11 ലക്ഷം കോടി രൂപ). കഴിഞ്ഞ വർഷത്തേക്കാൾ 15.4 ശതമാനം വർധന. ആകെ ജിഎസ്ടി വരുമാനത്തിൽ 39,835 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 47,881 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. ഇറക്കുമതി നികുതി ഉൾപ്പെടെയുള്ള സംയോജിത ജിഎസ്ടി ഇനത്തിൽ 1,23,490 കോടി രൂപ സമാഹരിക്കാൻ സാധിച്ചു.

ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് മൈക്രോസോഫ്റ്റ്

ഓഹരി വിപണിയുടെ ചരിത്രത്തിലെ വലിയ റെക്കോഡ് സ്വന്തമാക്കി മൈക്രോസോഫ്റ്റ്. ഒറ്റദിവസത്തെ ഏറ്റവും വലിയ വിപണി മൂല്യവർധന നേടിയാണ് ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് ചരിത്രം കുറിച്ചത്. കമ്പനിയുടെ ഓഹരി വില ഒറ്റദിവസം കൊണ്ട് 16 ശതമാനം ഉയർന്നു. 2008 ഒക്ടോബറിന് ശേഷമുള്ള മൈക്രോസോഫ്റ്റിന്റെ ഏറ്റവും ഉയർന്ന ശതമാന വർധനവാണിത്. ഒറ്റദിവസത്തെ വ്യാപാരം കൊണ്ട് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തിൽ ഏകദേശം 450 ബില്യൺ ഡോളറിന്റെ വർധനവുണ്ടായി. കഴിഞ്ഞ വർഷം 440 ബില്യൺ ഡോളറിന്റെ ഒറ്റദിവസത്തെ വിപണി മൂല്യവർധനവ് നേടി എൻവിഡിയ സ്ഥാപിച്ച റെക്കോഡാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ മറികടന്നത്. മൈക്രോസോഫ്റ്റിന്റെ ‘അഷ്വർ’ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗത്തിന്റെ വരുമാനത്തിൽ അന്തിമ സാമ്പത്തിക പാദത്തിൽ 43 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022-ന് ശേഷമുള്ള അഷ്വറിന്റെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്.

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ടീസർ പുറത്തിറങ്ങി

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അസാധാരണമായ കേൾവി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ അവതരിപ്പിക്കുക എന്നാണ് ടീസർ പറയുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

‘ബാലൻ’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി

മലയാള സിനിമയിൽ സമീപകാലത്തെത്തിയ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ബാലൻ’. മഞ്ഞുമ്മൽ ബോയ്സിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രം എന്നത് റിലീസിന് മുൻപു തന്നെ ബാലന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. സീ 5 ലൂടെ ആയിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. ‘മകനേ മകനേ’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് ശങ്ക ട്രൈബും നേഹ നായരും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. നേഹ നായരും ലിബിൻ നോബിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സംവിധായകൻ ജിത്തു മാധവൻ രചന നിർവ്വഹിച്ച ചിത്രത്തിൽ ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് വേഷങ്ങൾ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിർണായക കഥാപാത്രമായി എത്തി കയ്യടി നേടി.

ഫോർച്യൂണറിന്റെ പുതിയ ബദൽ ഇന്ധന പതിപ്പുകൾ അവതരിപ്പിച്ച് ടൊയോട്ട

ഫോർച്യൂണറിന്റെ പുതിയ ബദൽ ഇന്ധന പതിപ്പുകൾ അവതരിപ്പിച്ച് ടൊയോട്ട. 2026 ഇന്തോനേഷ്യ മോട്ടോർ ഷോയിൽ കമ്പനി ഫോർച്യൂണറിന്റെ രണ്ട് പുതിയ മോഡലുകളാണ് പ്രദർശിപ്പിച്ചത്. ഇതിൽ ഒന്ന് 100 ശതമാനം ബയോഎത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ മോഡലും മറ്റൊന്ന് ഇ50 ബയോഡീസൽ പതിപ്പുമാണ്. ഫ്ലെക്സ്-ഫ്യുവൽ ഫോർച്യൂണറിൽ 100 ശതമാനം ബയോഎത്തനോൾ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പുതിയ ഫ്യൂവൽ ലൈനുകൾ, ഹോസ് പൈപ്പുകൾ, എഞ്ചിൻ ഹെഡ് എന്നിവയുൾപ്പെടെയുള്ള നിരവധി മെക്കാനിക്കൽ ഘടകങ്ങൾ മാറ്റിയിട്ടുണ്ട്. ഈ മോഡലിന് 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്ത് നൽകുന്നത്. ഇത് 161 ബിഎച്ച്പി കരുത്തും 243 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കും. രണ്ടാമത്തെ മോഡലായ ഇ50 ബയോഡീസൽ ഫോർച്യൂണറിൽ നിലവിലെ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ്. കൂടാതെ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ട്രെസ് പരിഹരിക്കാം: പുസ്തകം പരിചയപ്പെടുത്തി പി സെൽവരാജ്

ആധുനിക മനുഷ്യൻ എന്നെത്തേക്കാളും സംഘർഷഭരിതമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മാനസിക സംഘർഷം ഒരു അവയവം പോലെ അവനോടൊപ്പം ജന്മം കൊള്ളുന്നു. ഈ സംഘർഷത്തെ മറികടക്കാൻ ചില ചികിത്സാ രീതികളും ശാരീരിക മുറകളും ഇന്ന് നിലവിലുണ്ട്. എന്നിട്ടും മനുഷ്യന്റെ മാനസിക പിരിമുറുക്കത്തിന് അറുതി വന്നതായി കാണുന്നില്ല. കാരണം മേൽപറഞ്ഞ ‘ചികിത്സാ മുറകൾ’ മനുഷ്യന്റെ മനസ്സിനെ പഠിച്ചു കൊണ്ടുള്ളതല്ല. പരാജയപ്പെട്ട പുത്തൻ ശാസ്ത്ര സാങ്കേതിക ‘മുറകൾ’ക്കു പകരം ഭാരതീയ തത്വചിന്തയിലാണ് മാനസിക പിരിമുറുക്കം മറികടക്കാനുള്ള മാർഗങ്ങൾ ഗ്രന്ഥകാരൻ അന്വേഷിക്കുന്നത്. അവകളിലെ ക്രിയ്യാത്മകമായ ചില പദ്ധതികളെ അവലംബിച്ചാണ് ഈ ഗ്രന്ഥം തയ്യാനക്കിയിട്ടുള്ളത്. ‘സ്ട്രെസ് പരിഹരിക്കാം’. പി സെൽവരാജ്. കൈരളി ബുക്സ്. വില 218 രൂപ.

അമിത പ്രോട്ടീനും വ്യായാമമില്ലായ്മയും ദോഷം ചെയ്യുമെന്ന് പുതിയ പഠനം

പ്രോട്ടീൻ അമിതമായി കഴിച്ച് വ്യായാമമില്ലാത്ത ജീവിതം നയിക്കുന്നവരാണെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പുതിയൊരു പഠനം. സെൽപ്രസ് ബ്ലൂ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ വിസ്കോൻസിൻ മാഡിസണിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രോട്ടീൻ കഴിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതും ഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ചില സാഹചര്യങ്ങളിൽ ആയുസ്സ് വർധിപ്പിക്കാനും കുറഞ്ഞ പ്രോട്ടീനുള്ള ഭക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനം പറയുന്നു. പ്രോട്ടീൻ കുറഞ്ഞ ആഹാരം കഴിക്കുന്നത് പെട്ടെന്ന് പ്രായമാകുന്നത് തടയുമെന്നും മെറ്റബോളിസം വർധിപ്പിക്കുകയും കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഉയർന്ന പ്രോട്ടീൻ ആവശ്യകതകളുണ്ടെങ്കിലും വെറുതെയിരിക്കുന്നവരിൽ അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പ്രതീക്ഷിക്കുന്നത്ര ആരോഗ്യ ഗുണങ്ങൾ നൽകില്ലെന്നും ഗവേഷകർ പറയുന്നു. കായിക മേഖലയിലുള്ളവർ ധാരാളം പ്രോട്ടീൻ കഴിക്കുമെങ്കിലും സ്ഥിരമായ വ്യായാമമാണ് മെറ്റബോളിക് രോഗങ്ങൾ വരാതെ അവരെ സംരക്ഷിക്കുന്നത്. സമീപകാലത്തുവരുന്ന ആരോഗ്യനിർദേശങ്ങളിൽ പലതും പ്രോട്ടീൻ ധാരാളമായി കഴിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും എന്നാൽ അതിനനുസരിച്ച് വ്യായാമം ചെയ്യേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നുണ്ട്.

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി…. സെറ്റ് ഹയർ സെക്കണ്ടറി തുല്യത പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്‌ കളക്ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും വിവിധ പരിശീലന സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


അതേസമയം ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകള്‍ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും. നാളത്തെ എം.ജി സർവകലാശാല പരീക്ഷയിലും മാറ്റമുണ്ട്. കൂടാതെ റസിഡൻഷ്യല്‍ സ്കൂളുകള്‍ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കനത്ത മഴ : എട്ട് ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

പത്തനംതിട്ട, വയനാട്, ഇടുക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്രഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മതപഠന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മഴക്കെടുതി : ഒമ്പത് മരണം; രണ്ട് പേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വ്യാപകനാശം വിതച്ച്‌ കനത്ത മഴ തുടരുന്നു. വെള്ളി രാത്രി പെയ്തിറങ്ങിയ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും ഇടയാക്കി. കോട്ടയം പൂഞ്ഞാർ, ഇടുക്കി കുടയത്തൂർ, പത്തനംതിട്ട ചിറ്റാർ, കോന്നി കൊക്കത്തോട്‌ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പത്തനംതിട്ട റാന്നിയിൽ പ്രളയസമാന സാഹചര്യം.

ദുരന്തത്തില്‍ നാല് കുട്ടികളുൾപ്പെടെ 9 പേർ മരിച്ചു. ഒഴുക്കിൽപ്പെട്ട്‌ രണ്ടുപേരെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മീൻപിടിക്കാൻ കടലില്‍ പോയ അഞ്ച്‌ പേരെയും കാണാതായി. ഉരുൾപൊട്ടലിലാണ്‌ മൂന്നുപേർ മരിച്ചത്‌. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത്‌ ഉരുൾപൊട്ടലിൽ വീട്‌ തകർന്ന്‌ മണപ്പാട്ട്‌ റെജീന ജോണി (49), മകൻ ജോസ-ഫിൻ ജോണി(24), ഇടുക്കി കുടയത്തൂർ അടൂർമലയിൽ മഷികല്ലേൽ സുമതി (69) എന്നിവരുടെ ജീവനാണ്‌ ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞത്‌.

മലപ്പുറത്ത്‌ തോട്ടിൽവീണ് രണ്ടുകുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് കണ്ടമംഗലത്ത് അമ്മവീട്ടില്‍ വിരുന്നിനെത്തിയ ആലപ്പുഴ സ്വദേശി അബ്ദുൾ മുനീറിന്റെയും തസ്ലിമ ബാനുവിന്റെയും മകൻ രണ്ടരവയസ്സുകാരന്‍ അബ്ദുൾ മുഹയിൻ, കൊണ്ടോട്ടി നീറാട് കൂനയില്‍ തോട്ടിയില്‍ നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണാന്തൊടി ഹമീദിന്റെയും നദീറയുടെയും മകന്‍ ആദം ഐമനെന്‍ (4) എന്നിവരാണ്‌ മരിച്ചത്‌. കോഴിക്കോട്
വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദ് ഷംനത്ത് ദമ്പതികളുടെ മകൻ മാസിൻ നൗഷാദാണ് മരിച്ചത്.

കോട്ടയം വാകത്താനത്ത്‌ വെള്ളക്കെട്ടിൽ വീണ്‌ ചക്കൻചിറ പേരുക്കുന്നേൽ മിലൻ കെ ഷിജു(11), വാഗമൺ കോലാഹലമേട്ടിൽ മൺതിട്ടവീണ്‌ കോട്ടയം വൈക്കം കുലശേഖരമംഗലം ശ്രീപത്മനാഭം വീട്ടിൽ പ്രഭാകരൻ നായർ (72), തൃശൂർ കൊടുങ്ങല്ലൂർ മതിലകത്ത്‌ തോട്ടിൽവീണ്‌ പുതിയകാവ്‌ പള്ളത്ത്‌ ശശിധരൻ (74) എന്നിവരും മരിച്ചു.

കണ്ണൂർ പേരാവൂർ കൊട്ടംചുരം സ്വദേശി വയൽപ്പീടിക അനീഫിനെ ഒഴുക്കിൽപ്പെട്ട്‌ കാണാതായി. കണ്ണ‍ൂർ പുളിങ്ങോമിൽ തുരുത്തില്‍ ഒറ്റപ്പെട്ട സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ നീന്തല്‍ പരിശീലകന്‍ രാജേഷും ഒഴുക്കില്‍പ്പെട്ടു.

വെള്ളിയാഴ്‌ച കൊല്ലം നീണ്ടകര പുലിമുട്ടിന്‌ സമീപം മറിഞ്ഞ വള്ളത്തിൽനിന്ന്‌ കാണാതായ ചവറ പുത്തൻതുറ കടുവങ്കൽ വിട്ടിൽ രാധാകൃഷ്‌ണന്റെ (47) മൃതദേഹം കണ്ടെത്തി. രാധാകൃഷ്‌ണന്റെ ഭാര്യാപിതാവ്‌ പുത്തൻതുറ പൂമുഖത്ത്‌ വീട്ടിൽ രാജീവൻ (76) കഴിഞ്ഞദിവസം മരിച്ചിരുന്നു. കാണാതായ മകൻ ഗ‍ൗതം കൃഷ്‌ണ (26)യ്‌ക്കായി തിരച്ചിൽ തുടരുന്നു.

പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ റാന്നിയിൽ അഞ്ഞൂറിലധികം വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ആറന്മുള, ഇ‍ൗരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. ആറന്മുള വള്ളസദ്യ ചടങ്ങ് മാത്രമാക്കി. അച്ചൻകോവിൽ, പെരിയാർ, മീനച്ചിൽ, മണിമല, ബാവലി നദികളിൽ ജലനിരപ്പുയർന്നു. ഭൂതത്താൻകെട്ട്‌, പെരിങ്ങൽക്കുത്ത്‌, പഴശ്ശി, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. കോട്ടയം തീക്കോയിയിൽ അമ്പതോളം വീടുകളിൽ വെള്ളം കയറി. തലനാട്ടിൽ 11 പശുക്കൾ മുങ്ങിച്ചത്തു. കണ്ണൂർ ആറളം ഫാമിന്റെ 11,13 ബ്ലോക്കുകളില്‍ വെള്ളം കയറി. ആലുവ ശിവരാത്രി മണപ്പുറം ക്ഷേത്രം പൂര്‍ണമായി മുങ്ങി. മണ്ണിടിച്ചിലിൽ പാൽച്ചുരവും താമരശേരി ചുരവും അടച്ചതിനാൽ വയനാട്‌ ജില്ല ഒറ്റപ്പെട്ടു. കള്ളാടി ദുരന്തബാധിത പ്രദേശത്ത്‌ വീണ്ടും നേരിയതോതിൽ മണ്ണിടിഞ്ഞു. കണ്ണൂർ പുളിങ്ങോത്തും വെള്ളം കയറി. ദേശീയപാത 85ൽ അടിമാലിയിലും കൊല്ലം–ദിണ്ഡിഗൽ പാതയിലും മണ്ണിടിച്ചിലിൽ ഗതാഗതം മുടങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ‍, കാസർകോട്‌ ജില്ലകളിൽ കടലാക്രമണം രൂക്ഷമാണ്‌.

സംസ്ഥാനത്ത്‌ 1465 പേർ ദുരിതാശ്വാസക്യാന്പുകളിലുണ്ട്‌. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.

മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശൻ വിലയിരുത്തി. കലക്ടർമാരോടും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോടും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന ഏകോപനം റവന്യൂ മന്ത്രി എ പി അനിൽകുമാറിനാണ്‌.

ശക്തമായ മഴ; ദുരന്തപ്രതിരോധത്തിന് സജ്ജം: ജില്ലാ കളക്ടർ

ജില്ലയിൽ ശക്തമായ മഴയും പ്രക്ഷുബ്ധമായ കടൽ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ മൽസ്യത്തൊഴിലാളികളെയും ദുരന്തപ്രതിരോധത്തിനു സജ്ജരാക്കുംവിധം നടപടികൾ പരിഷ്കരിക്കുമെന്നു ജില്ലാ കലക്ടർ ആനി ജൂല തോമസ്. ജില്ലയിലെ തീരപ്രദേശങ്ങളിലെ സുരക്ഷാവിലയിരുത്താൻ ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷതവഹിക്കവേ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുമെന്നും അറിയിച്ചു. ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാൻ താഴെത്തട്ടു വരെ വ്യാപിക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കും. മൽസ്യത്തൊഴിലാളി സംഘടനകൾക്ക് സബ്സിഡിയിലൂടെ കൂടുതൽ ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കുന്നതിനാണ് ശ്രമം. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ സുരക്ഷാ നിധി പ്രയോജനപെടുത്തും; കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾ അവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മൽസ്യബന്ധനയാനങ്ങളുടെയും തൊഴിലാളികളുടെയും രജിസ്‌ട്രേഷൻ നിർബന്ധമാക്കും; നിലവിലുള്ള രജിസ്‌ട്രേഷൻ അപേക്ഷകൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. ജില്ലയിലെ വാട്ടർ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിന് സർക്കാർ ഏർപ്പാടാക്കിയ ബോട്ടുകളും പരിശോധിച്ച് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടർനടപടികൾ സ്വീകരിക്കും. ജില്ലയിലെ മൽസ്യബന്ധന ഹാർബറുകളിലെ വികസന പ്രവർത്തികളും അനുബന്ധമായി നടപ്പിലാക്കും. മറൈൻ ആംബുലൻസ് ലഭ്യമാക്കും. മുങ്ങൽവിദഗ്ധരുടെ സേവനം ഉറപ്പാക്കും. ഇൻഷുറൻസ്, ക്ഷേമനിധി ബോർഡുകളുടെ അംഗത്വം പുതുക്കൽ നടപടികൾ എന്നിവയെപറ്റിയും മത്സ്യത്തൊഴിലാളികളെ ബോധവൽക്കരിക്കും. സർക്കാർ സംവിധാനങ്ങൾ നൽകുന്ന സുരക്ഷാമുൻകരുതലുകളും ദുരന്തസാധ്യത മുന്നറിയിപ്പുകളും പാലിച്ച് മത്സ്യത്തൊഴിലാളികൾ മുന്നോട്ടുപോകണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.
ഡെപ്യൂട്ടി മേയർ ഡോ ഉദയാ സുകുമാരൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, എ ഡി എം എസ് സജീദ്, സബ് കലക്ടർ അഖിൽ വി മേനോൻ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പുത്തൂർ സോമരാജൻ അവാർഡ് ചവറ വികാസ് ലൈബ്രറിക്ക് നൽകി

ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുത്തൂർ സോമരാജൻ പുരസ്കാരം ചവറ വികാസ് ലൈബ്രറിക്ക് സമർപ്പിച്ചു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണം ഡോ. വള്ളിക്കാവ് മോഹൻദാസ് നിർവഹിച്ചു. പതിനായിരം രൂപയും ആശ്രാമം സന്തോഷ് രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്ത പത്രവും ആണ് അവാർഡ്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി മുരളി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ, സെക്രട്ടറി വി.വിജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ദേവി, ഗ്രാമപഞ്ചായത്ത് അംഗം എം.സുശീല, ലൈബ്രറി സെക്രട്ടറി വി. ബാബു രാജേന്ദ്രൻ പിള്ള, പ്രസിഡന്റ് ആർ. ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സീസൺ – 09

KPCC വിചാർ വിഭാഗ് കുന്നത്തൂർ നി.മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് സീസൺ – 09 പ്രസിഡൻ്റ് ശ്രീ.എസ്.രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ DCC പ്രസിഡൻ്റ് ശ്രീ. P. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം നിർവ്വഹിച്ചു. KPCC വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി ശ്രീ കെ. ജോൺസൺ വൈദ്യൻ മുഖ്യസന്ദേശം അറിയിച്ചു .പുത്തൻമഠത്തിൽ സുരേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ. Y ഷാജഹാൻ ,DCC സെക്രട്ടറിമാരായ ശ്രീ . പി . നൂറുദ്ദീൻ കുട്ടി, അഡ്വ. തോമസ് വൈദ്യൻ , ഷാഫി ചെമ്മാത്ത് ,ശരത്ത് കോവൂർ എന്നിവർ ആശംസ അറിയിച്ചു .

കനത്ത മഴ; പെരിയാറിൽ ജലനിരപ്പ് കുത്തനെ ഉയർന്നു

കനത്ത മഴ; പെരിയാറിൽ ജലനിരപ്പ് കുത്തനെ ഉയർന്നു

ആറു മണിക്കൂറിൽ നാല് അടിയോളം ജലനിരപ്പ് വർധിച്ചു

ആലുവ ശിവരാത്രി മണപ്പുറം പൂർണമായും വെള്ളത്തിനടിയിൽ

ഏലൂർ ബോസ്കോ നഗറിൽ വെള്ളം കയറി തുടങ്ങി

വീട്ടുസാധനങ്ങൾ മാറ്റി താമസക്കാർ

കുറ്റിക്കാട്ടുകര പവർലൂം മേഖലയിലേക്കും പെരിയാർ വെള്ളം

പെരിയാർ നദിയിലെ വെള്ളത്തിൽ ചെളിയുടെ അംശം കൂടിയാൽ കുടിവെള്ള പമ്പിങ് കുറയ്ക്കും

മുനമ്പം പള്ളിപ്പുറത്ത് കടലാക്രമണം; 200-ഓളം കുടുംബങ്ങൾ ദുരിതത്തിൽ

15-ഓളം വീടുകളിൽ കടൽവെള്ളം കയറി

തീരദേശ റോഡുകൾ തകർന്നു; ഗതാഗതം തടസ്സപ്പെട്ടു

കുഴുപ്പിള്ളിയിൽ കടൽക്ഷോഭം; മരങ്ങൾ കടപുഴകി

മൂവാറ്റുപുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 8 കുടുംബങ്ങളെ മാറ്റി

ജില്ലയിൽ വീടുകൾക്കും കടമുറികൾക്കും മഴനാശം

മലങ്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് 4 മുതൽ ഉയർത്തും

ഷട്ടറുകൾ ഘട്ടംഘട്ടമായി 1.50 മീറ്റർ വരെ ഉയർത്തും

ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് 41.30 മീറ്ററിലെത്തി

മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിലും പെരിയാർ നദി തീരങ്ങളിലും അതീവ ജാഗ്രതാ നിർദേശം

മാധ്യമ പ്രവർത്തകൻ‌         കെ എം ബഷീർ കാറിടിച്ച് മരിച്ച കേസ് :വിചാരണ തുടങ്ങി; പ്രതിക്കൂട്ടിൽ നിർവികാരനായി ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തുടങ്ങി. പ്രതി ശ്രീറാം ഹാജരായി. എന്നാൽ പ്രതിക്കായി മുതിർന്ന അഭിഭാഷകൻ കെ രാമൻപിള്ള ഹാജരായില്ല. അഡീഷണൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ആരംഭിക്കേണ്ടിയിരുന്ന കേസ് പ്രതിഭാഗം അഭിഭാഷകനായ കെ രാമൻപിള്ളക്ക് മുട്ടുവേദന കാരണം ഗോവണി കയറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റം ആവശ്യപ്പെട്ട് 2025 ജനുവരി 22ന് തടസ്സ ഹർജി നൽകിയിരുന്നു.

ഇത് പരിഗണിച്ച് കോടതിമാറ്റം അനുവദിക്കുകയും 2025 ജനുവരി 29ന് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കോടതിയിലേക്ക് കേസുമായി ബന്ധപ്പെട്ട ഫയലുകൾ കൈമാറുകയുമായിരുന്നു. എന്നാൽ ഇന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹാജരായിരുന്നില്ല. ആദ്യ ദിനമായ ഇന്ന് സിറാജ് ഡയറക്ടർ എ സൈയ്ഫുദീൻ ഹാജിയെ വിസ്തരിച്ചു.

പ്രതിഭാഗം സമയം തേടിയതിനാൽ ക്രോസ് വിസ്താരം തിങ്കളാഴ്ചത്തേക്ക് മാറ്റി. ശ്രീറാം വെങ്കിട്ടരാമൻ സുഹൃത്തും കാറുടമയുമായ വഫ ഫിറോസിനെ ഒപ്പമിരുത്തി അമിത വേഗതയിൽ കാർ ഓടിച്ച് വന്ന് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നും ഇടിയുടെ ആഘാതം ഇപ്പോഴും പബ്ലിക് ഓഫീസിന് മുൻവശം രാജഭരണ കാലത്ത് സ്ഥാപിച്ച വിളക്കുകല്ലിലും സമീപത്തെ വൻമരത്തിലുമുണ്ടെന്ന് സാക്ഷി മൊഴി നൽകി. ഇതെല്ലാം പറയുമ്പോഴും സമീപത്തെ പ്രതിക്കൂട്ടിൽ നിർവികാരനായാണ് പ്രതി ശ്രീറാം വെങ്കിട്ടരാമൻ നിന്നത്. വിചാരണ കോടതിയായ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ആർ സുധാകാന്താണ് പ്രതിയെ വിചാരണ ചെയ്യുന്നത്.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിയോടടുത്താണ് സംഭവം നടന്നതെന്നും സാക്ഷി മൊഴി നൽകി. അപകടത്തിൽ ബഷീറിന്റെ ഹോണ്ട ബൈക്ക് പൂർണമായും തകർന്നെന്നും തുടർന്ന് ബഷീറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചതായും സാക്ഷി മൊഴി നൽകി. എഫ് ഐ ആറും പ്രഥമ വിവരമൊഴിയും പ്രോസിക്യൂഷൻ ഭാഗം ഒന്നാം രേഖയായി കോടതി തെളിവിൽ സ്വീകരിച്ചു. കേസിലെ രണ്ടാം സാക്ഷിയും ദൃക്‌സാക്ഷിയുമായയാൾ വിദേശത്തായതിനാൽ ഹാജരായില്ല. തിങ്കളാഴ്ചയും സാക്ഷി വിസ്താരം തുടരും.