കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. 11 മുതൽ 13 വരെയുള്ള ദിവസങ്ങളിലെ സർവീസുകളാണ് റദ്ദാക്കിയതെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) അറിയിച്ചു. ദോഹ, റിയാദ്, ജിദ്ദ, റാസൽഖൈമ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് തീരുമാനം ബാധിച്ചത്.
11ന് കൊച്ചി–റിയാദ്–കൊച്ചി റൂട്ടിലെ ഫ്ലൈനാസ് സർവീസുകളായ XY 399, XY 400, ദോഹയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX 476, കൊച്ചിയിൽനിന്ന് ദോഹയിലേക്കുള്ള IX 475, കൊച്ചി–റിയാദ് ആകാശ എയർ QP 523, കൊച്ചി–ജിദ്ദ QP 550, കൊച്ചി–റാസൽഖൈമ ഇൻഡിഗോ 6E 1517 എന്നിവയാണ് റദ്ദാക്കിയത്. രാത്രി 9.30ന് പുറപ്പെടേണ്ടിയിരുന്ന സർവീസായിരുന്നു ഇൻഡിഗോയുടേത്.
12ന് ജിദ്ദ–കൊച്ചി റൂട്ടിലെ ആകാശ എയർ QP 551, റിയാദ്–കൊച്ചി QP 524, കൊച്ചി–റിയാദ് QP 523 എന്നീ സർവീസുകളും റദ്ദാക്കി. 13ന് റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള ആകാശ എയർ QP 524 സർവീസും ഉണ്ടാകില്ല.
റദ്ദാക്കിയ 10 സർവീസുകളിൽ അഞ്ചും ആകാശ എയറിന്റേതാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകളിൽ മാറ്റങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്ന് സിയാൽ നിർദേശിച്ചു.


























