ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ക്യാപ്റ്റൻ വിപിൻ മോഹനനും ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീനുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. മൂന്ന് വർഷത്തിനുശേഷമാണ് സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടുന്നത്.
18-ാം മിനിറ്റിൽ വിപിൻ മോഹനനിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. വലതുവിങ്ങിൽനിന്ന് കോറോ സിങ് നൽകിയ പാസ് ബോക്സിന്റെ മധ്യത്തിൽനിന്ന് തകർപ്പൻ ഫിനിഷിലൂടെ വിപിൻ വലയിലെത്തിച്ചു.
ആന്ദ്രേ ഗ്രീനും ഫ്രെഡി ലല്ലാവ്മൗമയും എതിർ ഗോൾമുഖത്ത് നിരന്തരം ഭീഷണിയുയർത്തിയെങ്കിലും ആദ്യ പകുതിയിൽ ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികവുകാട്ടിയ വിപിൻ മോഹനന്റെയും ഫ്രെഡി ലല്ലാവ്മൗമയുടെയും പ്രകടനം ടീമിന് കരുത്തായി.
രണ്ടാം ഗോൾ തേടി ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നപ്പോൾ സമനിലയ്ക്കായി ഇന്റർ കാശിയും ശക്തമായി ശ്രമിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. ഇഞ്ചുറി ടൈമിൽ ആന്ദ്രേ ഗ്രീൻ രണ്ടാം ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. പുതിയ സീസണിൽ ആത്മവിശ്വാസം പകരുന്നതായി ടീമിന്റെ ഈ വിജയം.


























