തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകനാശം വിതച്ച് കനത്ത മഴ തുടരുന്നു. വെള്ളി രാത്രി പെയ്തിറങ്ങിയ മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും ഇടയാക്കി. കോട്ടയം പൂഞ്ഞാർ, ഇടുക്കി കുടയത്തൂർ, പത്തനംതിട്ട ചിറ്റാർ, കോന്നി കൊക്കത്തോട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പത്തനംതിട്ട റാന്നിയിൽ പ്രളയസമാന സാഹചര്യം.
ദുരന്തത്തില്‍ നാല് കുട്ടികളുൾപ്പെടെ 9 പേർ മരിച്ചു. ഒഴുക്കിൽപ്പെട്ട് രണ്ടുപേരെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മീൻപിടിക്കാൻ കടലില്‍ പോയ അഞ്ച് പേരെയും കാണാതായി. ഉരുൾപൊട്ടലിലാണ് മൂന്നുപേർ മരിച്ചത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്ന് മണപ്പാട്ട് റെജീന ജോണി (49), മകൻ ജോസ-ഫിൻ ജോണി(24), ഇടുക്കി കുടയത്തൂർ അടൂർമലയിൽ മഷികല്ലേൽ സുമതി (69) എന്നിവരുടെ ജീവനാണ് ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞത്.
മലപ്പുറത്ത് തോട്ടിൽവീണ് രണ്ടുകുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് കണ്ടമംഗലത്ത് അമ്മവീട്ടില്‍ വിരുന്നിനെത്തിയ ആലപ്പുഴ സ്വദേശി അബ്ദുൾ മുനീറിന്റെയും തസ്ലിമ ബാനുവിന്റെയും മകൻ രണ്ടരവയസ്സുകാരന്‍ അബ്ദുൾ മുഹയിൻ, കൊണ്ടോട്ടി നീറാട് കൂനയില്‍ തോട്ടിയില്‍ നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണാന്തൊടി ഹമീദിന്റെയും നദീറയുടെയും മകന്‍ ആദം ഐമനെന്‍ (4) എന്നിവരാണ് മരിച്ചത്. കോഴിക്കോട്
വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദ് ഷംനത്ത് ദമ്പതികളുടെ മകൻ മാസിൻ നൗഷാദാണ് മരിച്ചത്.
കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് ചക്കൻചിറ പേരുക്കുന്നേൽ മിലൻ കെ ഷിജു(11), വാഗമൺ കോലാഹലമേട്ടിൽ മൺതിട്ടവീണ് കോട്ടയം വൈക്കം കുലശേഖരമംഗലം ശ്രീപത്മനാഭം വീട്ടിൽ പ്രഭാകരൻ നായർ (72), തൃശൂർ കൊടുങ്ങല്ലൂർ മതിലകത്ത് തോട്ടിൽവീണ് പുതിയകാവ് പള്ളത്ത് ശശിധരൻ (74) എന്നിവരും മരിച്ചു.
കണ്ണൂർ പേരാവൂർ കൊട്ടംചുരം സ്വദേശി വയൽപ്പീടിക അനീഫിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കണ്ണൂർ പുളിങ്ങോമിൽ തുരുത്തില്‍ ഒറ്റപ്പെട്ട സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ നീന്തല്‍ പരിശീലകന്‍ രാജേഷും ഒഴുക്കില്‍പ്പെട്ടു.
വെള്ളിയാഴ്‌ച കൊല്ലം നീണ്ടകര പുലിമുട്ടിന് സമീപം മറിഞ്ഞ വള്ളത്തിൽനിന്ന് കാണാതായ ചവറ പുത്തൻതുറ കടുവങ്കൽ വിട്ടിൽ രാധാകൃഷ്‌ണന്റെ (47) മൃതദേഹം കണ്ടെത്തി. രാധാകൃഷ്‌ണന്റെ ഭാര്യാപിതാവ് പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രാജീവൻ (76) കഴിഞ്ഞദിവസം മരിച്ചിരുന്നു. കാണാതായ മകൻ ഗൗതം കൃഷ്‌ണ (26)യ്‌ക്കായി തിരച്ചിൽ തുടരുന്നു.
പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ റാന്നിയിൽ അഞ്ഞൂറിലധികം വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ആറന്മുള, ഇൗരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. ആറന്മുള വള്ളസദ്യ ചടങ്ങ് മാത്രമാക്കി. അച്ചൻകോവിൽ, പെരിയാർ, മീനച്ചിൽ, മണിമല, ബാവലി നദികളിൽ ജലനിരപ്പുയർന്നു. ഭൂതത്താൻകെട്ട്, പെരിങ്ങൽക്കുത്ത്, പഴശ്ശി, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. കോട്ടയം തീക്കോയിയിൽ അമ്പതോളം വീടുകളിൽ വെള്ളം കയറി. തലനാട്ടിൽ 11 പശുക്കൾ മുങ്ങിച്ചത്തു. കണ്ണൂർ ആറളം ഫാമിന്റെ 11,13 ബ്ലോക്കുകളില്‍ വെള്ളം കയറി. ആലുവ ശിവരാത്രി മണപ്പുറം ക്ഷേത്രം പൂര്‍ണമായി മുങ്ങി. മണ്ണിടിച്ചിലിൽ പാൽച്ചുരവും താമരശേരി ചുരവും അടച്ചതിനാൽ വയനാട് ജില്ല ഒറ്റപ്പെട്ടു. കള്ളാടി ദുരന്തബാധിത പ്രദേശത്ത് വീണ്ടും നേരിയതോതിൽ മണ്ണിടിഞ്ഞു. കണ്ണൂർ പുളിങ്ങോത്തും വെള്ളം കയറി. ദേശീയപാത 85ൽ അടിമാലിയിലും കൊല്ലം–ദിണ്ഡിഗൽ പാതയിലും മണ്ണിടിച്ചിലിൽ ഗതാഗതം മുടങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ കടലാക്രമണം രൂക്ഷമാണ്.
സംസ്ഥാനത്ത് 1465 പേർ ദുരിതാശ്വാസക്യാന്പുകളിലുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.
മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശൻ വിലയിരുത്തി. കലക്ടർമാരോടും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോടും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന ഏകോപനം റവന്യൂ മന്ത്രി എ പി അനിൽകുമാറിനാണ്.

































