ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവ ദന്ത ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി ഡോ. അഫീന റഹീം ആണ് മരിച്ചത്. ഷാര്‍ജ അല്‍ ഖാസിമിയയിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം. രണ്ടു ചെറിയ കുട്ടികളുടെ അമ്മയായ അഫീന, മക്കളെ പരിപാലിക്കുന്നതിനായി ജോലിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയായിരുന്നു.
അധ്യാപകനായ ഭര്‍ത്താവ് യാസര്‍ സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഭര്‍തൃസഹോദരി റംഷീന, അഫീനയുടെ ചെറിയ കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ കുഴഞ്ഞുവീണ് കിടക്കുന്ന അഫീനയെ കണ്ടത്. മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.
അഫീനയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ ഭര്‍തൃസഹോദരി സിപിആര്‍ നല്‍കുകയും ആംബുലന്‍സ് വിളിച്ചു വരുത്തുകയും ചെയ്തു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഫീനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് യാസര്‍ വ്യക്തമാക്കി. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നിയമനടപടികളും മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളും പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കള്‍.




























