Advertisement
പാലക്കാട്: കൊച്ചുമക്കൾ തമ്മിലുള്ള വഴക്കിനിടെ 16കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാനാണ് മരിച്ചത്. പത്തുവയസുകാരിയായ സഹോദരിയെ പതിനാറുകാരൻ കത്തികൊണ്ട് ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സുലൈമാന് കുത്തേറ്റത്.
ഈ മാസം 19ന് കാവശ്ശേരിയിലെ വീട്ടിലായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ സുലൈമാന്റെ നെഞ്ചിലും കഴുത്തിലും വയറിലും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ സുലൈമാനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പരുക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തു.




























