Home Blog Page 297

സ്വർണ വ്യാപാര മേഖലയെ ഞെട്ടിച്ച കവർച്ചയില് പ്രതിയെ പിടികൂടാതെ അന്വേഷണ സംഘം

കോഴിക്കോട്. കമ്മത്ത് ലൈനില് പട്ടാപ്പകല് സ്വർണ വ്യാപാര മേഖലയെ ഞെട്ടിച്ചു നടത്തിയ കവർച്ചയില് പ്രതിയെ പിടികൂടാതെ അന്വേഷണ സംഘം. പത്തോളം ജ്വല്ലറികളിൽ നിന്ന് 948 ഗ്രാം സ്വർണാഭരണങ്ങളുമായി മറ്റൊരു ജ്വല്ലറിയിലെ ജീവനക്കാരൻ മുങ്ങിയ സംഭവത്തിൽ ദിവസങ്ങള് പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ല. ടൗൺ പോലീസാണ് അന്വേഷണം നടത്തുന്നത്. പറമ്പിൽ ബസാർ സ്വദേശി സഫർനാസാണ് ഒരു കോടി 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി മുങ്ങിയത്.

വർഷങ്ങളായി കമ്മത്ത് ലൈനിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സഫർനാസിന് സ്വർണ വ്യാപാരികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
തിങ്കളാഴ്ച ഒരൊറ്റ ദിവസം കൊണ്ടാണ് ഇയാൾ വിവിധ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ കൈക്കലാക്കി കടന്നുകളഞ്ഞത്. തന്റെ കടയിലെ ഉപഭോക്താക്കൾക്ക് മോഡലുകൾ കാണിക്കാനാണെന്ന് പറഞ്ഞ് പത്തോളം ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുകയായിരുന്നു.

ഏറെ സമയം കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് വ്യാപാരികൾ നടത്തിയ അന്വേഷണത്തിലാണ് സഫർനാസ് ആഭരണങ്ങളുമായി മുങ്ങിയതായി വ്യക്തമായത്. ഇയാള് കടന്നുകളയുന്ന സിസി ടിവിസഹിതം പൊലീസിന് നല്കി. സഫർനാസിന്റെ മേല്് വിലാസവും മറ്റുമെല്ലാം പൊലീസ് ശേഖരിച്ചു. സൈബർസെല് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതിയെ വേഗത്തില് കണ്ടെത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ടൗൺ പോലീസ് പ്രതിയെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സഫർനാസ് ഒളിക്കാനിടയുള്ള സ്ഥലങ്ങളെല്ലാം പരിശോധിക്കുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ പിടികൂടാത്തതില് വ്യാപക പ്രതിഷേധവും വ്യാപരികള് പങ്കുവയ്ക്കുന്നു. ഒരു കോടി രൂപയിലധികം സ്വർണമാണ് സഫർനാസ് മോഷ്ടിച്ചെടുത്തത്.

തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു

കോട്ടയം. പാലാ പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു. ആലപ്പുഴ കാവാലം കുന്നുമ്മ സ്വദേശികളായ ശരത് ലാൽ, നിഥിൽ എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മനീഷിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രാത്രി 9 മണിയോടെ ആയിരുന്നു അപകടം

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്നുമുതല്‍ ആരംഭിക്കും

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കാലോചിതമാക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കുവാന്‍ ദേവസ്വം നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്നുമുതല്‍ ആരംഭിക്കും. വെര്‍ച്വല്‍ ക്യൂവിന്റെ ഔപചാരിക ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് നിര്‍വ്വഹിക്കും. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ മൂന്നുറു ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി ദര്‍ശനം സാധ്യമാകും.

പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവില്‍ ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പുതിയ സംവിധാനം വരുന്നത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ദിവസവും സമയവും ദര്‍ശനത്തിന് ഓണ്‍ലൈന്‍ പ്രയോജനപ്പെടുത്തുമെന്നാണ് സൂചന. തിരുപ്പതി അടക്കം മഹാക്ഷേത്രങ്ങള്‍ ഓണ്‍ലൈനിലേക്കുമാറി ദര്‍ശനത്തിരക്കും അസൗകര്യവും പരിഹരിച്ചിട്ടുണ്ട്.

ആർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി അരുണിമക്ക് സസ്പെന്‍ഷന്‍

ഡോ.ചിത്ര പി അരുണിമ

തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥ‍ക്കെതിരെ നടപടി. തദ്ദേശ അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെന്‍റ് ചെയ്തു. സുഗതന് അവധിക്ക് വഴിയൊരുക്കിയതിൽ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി അരുണിമ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം നടന്നിരുന്നു. പിന്നാലെയാണ് നടപടി. സസ്പെൻഷനിലാകുന്ന ആദ്യ കെഎഎസ് ഉദ്യോഗസ്ഥ കൂടിയാണിവർ. മന്ത്രി കെഎം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിര്‍പ്പ് മറികടന്നാണ് അണ്ടര്‍ സെക്രട്ടറി അവധിക്ക് വഴിയൊരുക്കുന്ന മറുപടിക്കത്ത് നൽകിയത് എന്നാണ് ആരോപണം. എന്നാല്‍ ചിത്രയുടെ നടപടിശരിയായിരുന്നുവെന്ന മറുവാദവും ഉയരുന്നുണ്ട്. പ്രശ്നം കോടതിയിലേക്കു നീളുനമെന്നാണ് സൂചന

കാപ്പാ കേസിൽ ജയിലിലായ കൗണ്‍സിലർ സുഗതന്‍റെ അയോഗ്യത പ്രശ്നം കടക്കാൻ ബിജെപി ആയുധമാക്കിയത് ആഭ്യന്തരവകുപ്പിന്‍റെ മറുപടി കത്താണ്. അവധി അപേക്ഷ കൗണ്‍സിലിൽ വോട്ടിനിട്ട് പാസ്സാക്കിയാൽ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നായിരുന്നു ഉപദേശം. ഇത് ഉയര്‍ത്തിക്കാട്ടി ആറു മാസത്തേയ്ക്ക് അവധി കൊടുത്ത് സുഗതനെ ബിജെപി ഭരണസമിതി രക്ഷിച്ചെടുത്തപ്പോൾ യുഡിഎഫ് സര്‍ക്കാര്‍ വെട്ടിലായി. ജയിൽ സൂപ്രണ്ട് മുഖേന മേയർ വി.വി.രാജേഷിനാണ് സുഗതൻ കത്ത് നൽകിയത്. ഇങ്ങനെ കത്ത് കൊടുത്ത വിവരം സൂപ്രണ്ട് ആഭ്യന്തരവകുപ്പിനെ അറിയിച്ചു.

ശബരിമലയിലെ മിൽമ നെയ്യ് ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി പ്രഥമദൃഷ്ട്യാ ഹൈക്കോടതി ,വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി.ശബരിമലയിലെ മിൽമ നെയ്യ് ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി പ്രഥമദൃഷ്ട്യാ വിലയിരുത്തൽ നടത്തി ഹൈക്കോടതി.വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഇ-ടെൻഡർ ഉപേക്ഷിച്ച് ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ സംശയം.കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെന്ന് കോടതി.

1.61 ലക്ഷം ലിറ്റർ നെയ്യ് മുഴുവൻ സന്നിധാനത്ത് എത്തിയോ എന്നതിലും സംശയം.ലഭിച്ച നെയ്യിന്റെ ഗുണനിലവാരം സ്വതന്ത്രമായി പരിശോധിച്ചില്ല. ഗതാഗതം, കണക്കുകൾ, ബാച്ച് നമ്പറുകൾ എന്നിവയിൽ ഗുരുതര പൊരുത്തക്കേടുകൾ.താഴ്ന്ന നിലവാരത്തിലുള്ള നെയ്യ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷിക്കണം

ദേവസ്വം ബോർഡിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായേക്കാമെന്ന് നിരീക്ഷണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പ്രത്യേക ടീം രൂപീകരിച്ച് ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം.അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും കോടതി

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ പ്രളയമേഖലകൾ സന്ദർശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദർശിക്കും. 12 മണിക്ക് ആറൻമുളയില്‍ ആയിരിക്കും ആദ്യ സന്ദർശനം. ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തില്‍ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദ‌ർശിക്കാൻ വിഡി സതീശൻ എത്തുന്നത്. റാന്നിയില്‍ ഉള്‍പ്പെടെ വെള്ളമുയർന്നപ്പോള്‍ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയില്‍ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് നേതാക്കള്‍ വിമർശനം ഉന്നയിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെത്തുടർന്ന് റാന്നി, ആറന്മുള മേഖലകളിൽ പ്രളയസമാനമായ സാഹചര്യവും ജാഗ്രതയും തുടരുന്നു. വനമേഖലയിൽ കഴിഞ്ഞ രാത്രി ശക്തമായ മഴ ഉണ്ടായില്ല . ജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂവായിരത്തിൽ അധികം പേർ ക്യാമ്പിൽ ഉണ്ട്. പമ്പ, അച്ചൻകോവിൽ, കക്കാട്ടാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഗവിയിലേക്കുള്ള യാത്രാവിലക്ക് തുടരുന്നു.

സംസ്ഥാനത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

കണ്ണൂരിലും വയനാട്ടിലും നിയന്ത്രിത അവധി
കണ്ണൂരിലും വയനാട്ടിലുമാണ് നിയന്ത്രിത അവധിയുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾക്കാണ് അവധി. ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും അവധി. 

 ജില്ലയില്‍ ഇന്ന് ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു

ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ജില്ലയില്‍ ഇന്ന്   ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു.  ആകെ 2,50,000 നാശനഷ്ടം.

ജില്ലയിലെ കൃഷിനാശം: ജില്ലയില്‍ 10 ഹെക്ടര്‍ ഭൂമിയിലെ കൃഷി ശക്തമായ മഴയില്‍ നശിച്ചു; 331 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. 88.60 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കി.

സ്‌ട്രെസ് വരുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 ഭക്ഷണങ്ങൾ

സ്‌ട്രെസ് ഉണ്ടാകുന്ന സമയങ്ങളിൽ ചില ഭക്ഷണങ്ങളോട് നമുക്ക് പ്രത്യേക താല്പര്യം തോന്നാറുണ്ട്. അമിതമായ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങളാണ് അത്തരം സമയങ്ങളിൽ നമ്മൾ കഴിക്കാറുള്ളത്. എന്നാൽ ഈ ഭക്ഷണങ്ങൾ ആരോഗ്യത്തിന് ദോഷം ചെയ്യും. അവ എന്തൊക്കെയാണെന്ന് അറിയാം.

മധുരമടങ്ങിയ ഭക്ഷണങ്ങൾ

സ്‌ട്രെസ് കൂടുമ്പോൾ മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കോർട്ടിസോൾ ഹോർമോണിന്റെ ഉത്പാദനം കൂട്ടുകയും ഉറക്കത്തിന് തടസ്സമാവുകയും ചെയ്യും.

പ്രോസസ്സ്ഡ് ഭക്ഷണങ്ങൾ

സ്‌ട്രെസ് ഉള്ള സമയങ്ങളിൽ പ്രോസസ്സ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗറിന്റെ അളവ് കൂടാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും.

മദ്യം

മദ്യം കുടിക്കുന്നത് മനസികാശ്വാസത്തിന് നല്ലതാണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്‌ട്രെസ് ഉള്ള സമയങ്ങളിൽ മദ്യം കുടിക്കുന്നത് ഉറക്കത്തിന് തടസ്സമാവുകയും മാനസികാരോഗ്യം കൂടുതൽ വഷളാവാനും ഇടയാക്കും.

കഫീൻ പാനീയങ്ങൾ

കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നല്ല ഊർജം ലഭിക്കാൻ സഹായിക്കും. എന്നാൽ മാനസികാരോഗ്യം ശരിയല്ലാത്ത സമയങ്ങളിൽ ഇത് കുടിക്കുന്നത് സ്‌ട്രെസ് കൂടാൻ കാരണമാകുന്നു.

മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്

സംസ്ഥാനത്തെ തീരപ്രദേശത്തും ഓഗസ്റ്റ് 7 വരെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. ഓഗസ്റ്റ് 7 വരെ കേരളതീരത്ത് മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും കാരണം മത്സ്യബന്ധനത്തിന് പ്രതികൂലമായ സാഹചര്യമാണ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും ജാഗ്രത നിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശനിവാസികളും കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.