28.3 C
Kollam
Tuesday 18th August, 2026 | 11:21:06 AM
Home News Breaking News സ്വർണ വ്യാപാര മേഖലയെ ഞെട്ടിച്ച കവർച്ചയില് പ്രതിയെ പിടികൂടാതെ അന്വേഷണ സംഘം

സ്വർണ വ്യാപാര മേഖലയെ ഞെട്ടിച്ച കവർച്ചയില് പ്രതിയെ പിടികൂടാതെ അന്വേഷണ സംഘം

കോഴിക്കോട്. കമ്മത്ത് ലൈനില് പട്ടാപ്പകല് സ്വർണ വ്യാപാര മേഖലയെ ഞെട്ടിച്ചു നടത്തിയ കവർച്ചയില് പ്രതിയെ പിടികൂടാതെ അന്വേഷണ സംഘം. പത്തോളം ജ്വല്ലറികളിൽ നിന്ന് 948 ഗ്രാം സ്വർണാഭരണങ്ങളുമായി മറ്റൊരു ജ്വല്ലറിയിലെ ജീവനക്കാരൻ മുങ്ങിയ സംഭവത്തിൽ ദിവസങ്ങള് പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ല. ടൗൺ പോലീസാണ് അന്വേഷണം നടത്തുന്നത്. പറമ്പിൽ ബസാർ സ്വദേശി സഫർനാസാണ് ഒരു കോടി 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി മുങ്ങിയത്.

വർഷങ്ങളായി കമ്മത്ത് ലൈനിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സഫർനാസിന് സ്വർണ വ്യാപാരികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
തിങ്കളാഴ്ച ഒരൊറ്റ ദിവസം കൊണ്ടാണ് ഇയാൾ വിവിധ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ കൈക്കലാക്കി കടന്നുകളഞ്ഞത്. തന്റെ കടയിലെ ഉപഭോക്താക്കൾക്ക് മോഡലുകൾ കാണിക്കാനാണെന്ന് പറഞ്ഞ് പത്തോളം ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുകയായിരുന്നു.

ഏറെ സമയം കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് വ്യാപാരികൾ നടത്തിയ അന്വേഷണത്തിലാണ് സഫർനാസ് ആഭരണങ്ങളുമായി മുങ്ങിയതായി വ്യക്തമായത്. ഇയാള് കടന്നുകളയുന്ന സിസി ടിവിസഹിതം പൊലീസിന് നല്കി. സഫർനാസിന്റെ മേല്് വിലാസവും മറ്റുമെല്ലാം പൊലീസ് ശേഖരിച്ചു. സൈബർസെല് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതിയെ വേഗത്തില് കണ്ടെത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ടൗൺ പോലീസ് പ്രതിയെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സഫർനാസ് ഒളിക്കാനിടയുള്ള സ്ഥലങ്ങളെല്ലാം പരിശോധിക്കുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ പിടികൂടാത്തതില് വ്യാപക പ്രതിഷേധവും വ്യാപരികള് പങ്കുവയ്ക്കുന്നു. ഒരു കോടി രൂപയിലധികം സ്വർണമാണ് സഫർനാസ് മോഷ്ടിച്ചെടുത്തത്.