കാസർകോട്: 45 പവൻ മോഷ്ടിക്കുന്നതിനിടെ മോഷ്ടാക്കൾ സംഭവിച്ചത് വൻ അബദ്ധം. മുക്കുപണ്ടമെന്ന ധാരണയിൽ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും. വൻ തുക നഷ്ടമായെങ്കിലും മോഷ്ടാക്കൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് അല്പം ആശ്വാസത്തിനുള്ള വക നൽകിയിട്ടുണ്ട്.
ഞായറാഴ്ച പൂച്ചക്കാട്ടെ പൂട്ടിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണവും 50000 രൂപയും മോഷണം പോയിരുന്നു. സർവ്വവും നഷ്ടപ്പെട്ടു എന്ന് കരുതിയ കുടുംബത്തിന് അല്പം ആശ്വാസമായിരുന്നു മോഷ്ടാക്കളുടെ ഈ അബദ്ധം. മോഷണം നടത്തി തിരിച്ചു പോകുമ്പോൾ മുക്കുപണ്ടം എന്ന് കരുതി മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് ഡയമണ്ട് നെക്ലെയ്സും കമ്മലുമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് ആറു ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ ആഭരണങ്ങൾ. പൂച്ചക്കാട് തെക്കേപുറം അരയാൽ തറയിലെ അബ്‌ദുൾ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണ്ണവും 50000 രൂപയുമാണ് കവർന്നത്.
ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഉച്ചക്കും ഇടയിലുള്ള സമയത്താണ് മോഷണമെന്നാണ് പരാതിയിൽ പറയുന്നത്. അബ്‌ദുൾ മജീദ് വിദേശത്താണ്. ഭാര്യയും മാതാവുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ ഒരു ചടങ്ങിനായി മൂന്ന് ദിവസം മുമ്പ് ബന്ധു വീട്ടിൽ പോയിരുന്നു. ശനിയാഴ്ച മടങ്ങി എത്തിയെങ്കിലും വൈകുന്നേരം വീണ്ടും പോയി. ഞായറാഴ്ച വീണ്ടും എത്തിയപ്പോഴാണ് മുൻ വാതിൽ പൊളിച്ചതായി കണ്ടത്. സമീപത്തെ വീടിനു സമീപം വെച്ച പിക്കാസ് കൊണ്ടാണ് വാതിൽ പൊളിച്ചത്. ഇത് കണ്ടെത്തിയിട്ടുണ്ട്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



































