Home Blog Page 298

മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്

സംസ്ഥാനത്തെ തീരപ്രദേശത്തും ഓഗസ്റ്റ് 7 വരെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. ഓഗസ്റ്റ് 7 വരെ കേരളതീരത്ത് മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും കാരണം മത്സ്യബന്ധനത്തിന് പ്രതികൂലമായ സാഹചര്യമാണ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും ജാഗ്രത നിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശനിവാസികളും കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

വലവിരിച്ച് സ്‌പൈഡര്‍മാന്റെ കുതിപ്പ്

മുംബൈ: ഇന്ത്യയിലുള്‍പ്പെടെ വലവിരിച്ച് സ്‌പൈഡര്‍മാന്റെ കുതിപ്പ്. ടോം ഹോളണ്ട് നായകനായ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുയാണ്. റിലീസ് ചെയ്ത ആദ്യവാരത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് 300 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹോളിവുഡ് സിനിമയായി. നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സാണ് ഔദ്യോഗിക കലക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
ട്രേഡ് ട്രാക്കറായ സാക്നില്‍ക്കിന്റെ കണക്കുപ്രകാരം, ഞായറാഴ്ച മാത്രം രാജ്യത്തെ 18,051 ഷോകളില്‍ നിന്ന് ചിത്രം 76 കോടി രൂപയുടെ നെറ്റ് കലക്ഷന്‍ നേടി. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കലക്ഷന്‍ 256.20 കോടി രൂപയായപ്പോള്‍ ഗ്രോസ് കലക്ഷന്‍ 306.37 കോടി രൂപയായി ഉയര്‍ന്നു.
ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത്. അതേസമയം, ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പിനും മള്‍ട്ടിപ്ലക്‌സുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഒരു ഹോളിവുഡ് ചിത്രം നേടിയ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് നേട്ടമെന്ന റെക്കോര്‍ഡും ചിത്രത്തിന്റെ പേരിലായി.
കേരളത്തിലും ചിത്രം ചരിത്രവിജയം കുറിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 20 കോടി രൂപയിലധികം കലക്ഷന്‍ നേടിയ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹോളിവുഡ് സിനിമയായി മാറി. ആദ്യദിനത്തില്‍ തന്നെ ഏകദേശം 5.5 കോടി രൂപ നേടിയ ചിത്രം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് സമാനമായ തിരക്കാണ് തിയറ്ററുകളില്‍ സൃഷ്ടിച്ചത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളിലും മികച്ച പ്രതികരണം നേടി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

സുപ്രീംകോടതി നൽകിയ പുതിയ വിശദീകരണം രാജ്യത്തെ യുവജനങ്ങളുടെ വലിയ വിജയം’; സ്വാഗതം ചെയ്ത് സിജെപി

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കും എതിരെയുള്ള എഫ്‌ഐആറുകൾ പിൻവലിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി നൽകിയ പുതിയ വിശദീകരണം രാജ്യത്തെ യുവജനങ്ങളുടെ വലിയ വിജയമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുഖ്യ വക്താവ് സൗരവ് ദാസ്. നിയമപരമായ നടപടികളിലൂടെ എഫ്‌ഐആറുകൾ പിൻവലിക്കുകയോ ക്ലോസ് ചെയ്യുകയോ അല്ലെങ്കിൽ ക്ലോഷർ റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയോ ചെയ്യാൻ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗരവ് ദാസ്.

Also Read: ജോസഫും കുടുംബവും വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിന് പോയ സമയം നോക്കിക്കയറി, വാടകവീട് കുത്തിത്തുറന്ന് കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു

“ഇന്ന്, ഈ രാജ്യത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഭിച്ച മറ്റൊരു വലിയ വിജയമാണിത്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സാധ്യമായ ഏത് നിയമ മാർഗത്തിലൂടെയും എഫ്‌ഐആറുകൾ പിൻവലിക്കാനോ അവസാനിപ്പിക്കാനോ കഴിയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു”- സൗരവ് ദാസ് പറഞ്ഞു.

മുൻ ഉത്തരവിൽ പറഞ്ഞിരുന്ന ക്രിമിനൽ പശ്ചാത്തലം എന്ന പരാമർശം, കൊലപാതകം, ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് മാത്രമേ ബാധകമാകൂ എന്നും കോടതി വിശദീകരിച്ചു. ഈ വിശദീകരണം സാധാരണ വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കും മുൻപ് രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കു പോലും ഭാവിയിൽ നിയമപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. അതുകൊണ്ട് തന്നെ സാധാരണ വിദ്യാർത്ഥികൾക്കും പ്രതിഷേധക്കാർക്കും ഇതൊരു വലിയ വിജയമാണ്. അവർക്കെതിരായ എല്ലാ എഫ്‌ഐആറുകളും ഇനി റദ്ദാക്കപ്പെടും. ഇത് വളരെ വലിയൊരു വിജയമാണെന്നും സൗരവ് ദാസ് പറഞ്ഞു.

ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിഷേധക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ജൂലൈ 28ലെ ഉത്തരവ്, ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് മാത്രം ബാധകമാക്കാനാണ് ഉദ്ദേശിച്ചതെന്നായിരുന്നു സുപ്രീംകോടതി തിങ്കളാഴ്ച വിശദീകരിച്ചത്. ‘ക്രിമിനൽ പശ്ചാത്തലം’ എന്ന പ്രയോഗം ആ പരിമിതമായ അർത്ഥത്തിൽ മനസ്സിലാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജോസഫും കുടുംബവും വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിന് പോയ സമയം നോക്കിക്കയറി, വാടകവീട് കുത്തിത്തുറന്ന് കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു

ചേർത്തല: ആളില്ലാത്ത സമയം നോക്കി വാടക വീട് കുത്തിത്തുറന്ന് രണ്ടു പവൻ സ്വർണവും 6,000 രൂപയും കവർന്നു. കാളികുളം കവലയ്ക്ക് കിഴക്ക് വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ കപ്പേളവെളി കെ ജെ ജോസഫിന്‍റെ (ബോബൻ) വീട്ടിലാണ് മോഷണം നടന്നത്. ജോസഫും കുടുംബവും ഈ വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ കെ ജെ ജോസഫും ഭാര്യ ലാലി ജോസഫും മകൻ ലിവിൻ കെ ജോസഫും വേളാങ്കണ്ണി തീർഥാടനത്തിന് പോയിരുന്നു.

Also Read: മുഖവും തലയും തകർത്തു, സ്വകാര്യ ഭാഗത്ത് മരപ്പലക കുത്തിക്കയറ്റി, 15കാരിയെ ക്രൂരമായി കൊലപ്പെടുത്തി

തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീടിന്‍റെ പിൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. അലമാരിയിലുണ്ടായിരുന്ന തുണികളും ട്രോളി ബാഗിലുണ്ടായിരുന്ന സാധനങ്ങളുമെല്ലാം വലിച്ചുവാരിയ നിലയിലായിരുന്നു. ട്രോളി ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടു പവന്‍റെ സ്വർണവളകളും അലമാരിയിൽ വെച്ചിരുന്ന 6000 രൂപയുമാണ് നഷ്ടപ്പെട്ടത്. എന്നാൽ അലമാരിയിലുണ്ടായിരുന്ന റോൾഡ് ഗോൾഡ് ആഭരണങ്ങൾ മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയതായി ജോസഫ് പറഞ്ഞു.

വിവരമറിഞ്ഞയുടൻ ചേർത്തല പൊലീസ് സ്ഥലത്തെത്തി. എസ് ഐ അതുൽ രാജിന്‍റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. തിങ്കളാഴ്ച ഉച്ചയോടെ ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്‍റ് വിഭാഗവും പരിശോധന നടത്തി. പ്രത്യേക പരിശീലനം ലഭിച്ച ജൂഡി എന്ന നായ വീടിനു പരിസരത്ത് മണം പിടിച്ച് ഓടിയെങ്കിലും മതിലിനു പുറത്തേക്ക് പോയില്ല. രണ്ടു മാസം മുൻപും ഇവിടെ മോഷണം നടന്നിരുന്നതായി വീടുടമ ഉണ്ണികൃഷ്ണൻ പറഞ്ഞു. പുറത്തുണ്ടായിരുന്ന പൈപ്പുകളും മറ്റു ഉപകരണങ്ങളുമാണ് അന്ന് മോഷണം പോയത്. അന്നും ചേർത്തല പൊലീസിൽ പരാതി നൽകിയിരുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഭാര്യയെ ഫോണില്‍ വിളിച്ച് ആത്മഹത്യാശ്രമം; പമ്പയാറ്റില്‍ ചാടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി

റാന്നി: ഭാര്യയെ ഫോണില്‍ വിളിച്ചശേഷം പമ്പയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി രക്ഷപ്പെടുത്തി. റാന്നി പാലത്തിന്റെ കൈവരിയില്‍ കയറി നിന്ന യുവാവ് നദിയിലേക്ക് ചാടാന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലീസിന്റെ സമയോചിത ഇടപെടല്‍.
ഇടമുറി സ്വദേശിയായ യുവാവാണ് ഭാര്യയോട് പിണങ്ങി കൈവരിയില്‍ കയറിയത്. നിറഞ്ഞൊഴുകുന്ന പമ്പയിലേക്ക് ചാടാന്‍ ആയിരുന്നു ശ്രമം. പൊലീസ് ശ്രദ്ധ തിരിച്ച ശേഷം അതിവേഗം പിടികൂടുകയായിരുന്നു. മദ്യ ലഹരിയില്‍ ആയിരുന്നു ആത്മഹത്യാശ്രമം. പൊലീസ് സ്റ്റേഷനിലും യുവാവ് അക്രമാസക്തനായി.

തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ പുതിയ മാറ്റങ്ങള്‍; യാത്രക്കാര്‍ അറിയേണ്ടത്

ന്യൂഡല്‍ഹി: തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ ഓഗസ്റ്റ് മുതല്‍ നിലവില്‍ വന്ന പുതിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. റിസര്‍വേഷന്‍ കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ ബുക്കിങ് കൂടുതല്‍ വേഗത്തിലും സുഗമമായും നടത്തുന്നതിനുമായി ഇന്ത്യന്‍ റെയില്‍വേയും ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും (ഐആര്‍സിടിസി) പ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
റിസര്‍വേഷന്‍ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാന്‍ രാജ്യത്തെ വിവിധ സ്റ്റേഷനുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ യാത്രക്കാര്‍ക്ക് ക്രമമായ രീതിയില്‍ കൗണ്ടര്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
അതേസമയം, ഐആര്‍സിടിസിയുടെ പുതുക്കിയ വെബ്സൈറ്റും ബുക്കിങ് സംവിധാനവും ഓണ്‍ലൈന്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ സഹായിക്കും. കൂടുതല്‍ ഉപയോക്താക്കള്‍ ഒരേസമയം ലോഗിന്‍ ചെയ്യുന്ന സമയത്തും മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ബുക്കിങ് അനുഭവം നല്‍കുമെന്നും കൗണ്ടറുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് റെയില്‍വേയുടെ പ്രതീക്ഷ. താഴെ പുറയുന്നവയാണ് പ്രധാന മാറ്റങ്ങള്‍.

ടോക്കണ്‍ സിസ്റ്റം

പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടറുകള്‍ വഴി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക്, കൗണ്ടറില്‍ എത്തുമ്പോള്‍ തന്നെ ക്യൂവിലെ അവരുടെ സ്ഥാനം നിശ്ചയിക്കുന്നതിനായി നമ്പരിട്ട ഒരു ടോക്കണ്‍ നല്‍കും. യാത്രക്കാര്‍ ആദ്യം ടോക്കണ്‍ ശേഖരിക്കുകയും തുടര്‍ന്ന് ബുക്കിങ് പൂര്‍ത്തിയാക്കാന്‍ വീണ്ടും ക്യൂവില്‍ നില്‍ക്കുകയും ചെയ്യേണ്ടിയിരുന്ന പഴയ രീതി ഇതിലൂടെ ഒഴിവാക്കപ്പെട്ടു. എ സി ക്ലാസ് ബുക്കിംഗുകള്‍ക്കായുള്ള ടോക്കണുകള്‍ രാവിലെ 8:30 നും 9:30 നും ഇടയിലും, നോണ്‍-എ സി ക്ലാസ് ബുക്കിങുകള്‍ക്കായുള്ള ടോക്കണുകള്‍ രാവിലെ 9നും 9:30 നും ഇടയിലുമായിരിക്കും വിതരണം ചെയ്യുക.

കൗണ്ടര്‍ ബുക്കിങുകളെ കാറ്റ?ഗറി എ, കാറ്റ?ഗറി ബി എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാറ്റഗറി എ ബുക്കിംഗുകള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമായിരിക്കും കാറ്റ?ഗറി ബി പരിഗണിക്കുക.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

നിലവിലുള്ള നിയമപ്രകാരം, ഐആര്‍സിടിസി വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴിയുള്ള തത്കാല്‍ ടിക്കറ്റുകള്‍ ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഉപയോക്താക്കള്‍ക്ക് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ബുക്കിങ് പൂര്‍ത്തിയാക്കാന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു വണ്‍-ടൈം പാസ്വേഡ് (ഒടിപി) അയക്കുന്നതാണ്. അംഗീകൃത ഏജന്റുമാര്‍ക്ക് തത്കാല്‍ സമയത്തിന്റെ ആദ്യ 30 മിനിറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വിലക്ക് തുടരുന്നുണ്ട്. എ സി ക്ലാസുകള്‍ക്ക് രാവിലെ 10 മണി മുതല്‍ 10:30 വരെയും നോണ്‍-എ സി ക്ലാസുകള്‍ക്ക് രാവിലെ 11 മണി മുതല്‍ 11:30 വരെയുമാണ് ഈ നിയന്ത്രണം.

ഓണ്‍ലൈന്‍ ബുക്കിങ് വേഗത്തിലായി

പരിഷ്‌കരിച്ച ഐആര്‍സിടിസി ബീറ്റ വെബ്സൈറ്റ് ബുക്കിങ് വേ?ഗത്തിലാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ അവകാശപ്പെടുന്നു. ഐആര്‍സിടിസി പുറത്തുവിട്ട ഡാറ്റ പ്രകാരം, ആദ്യ മൂന്ന് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയായ ബുക്കിങുകളില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 5 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അഞ്ച് മിനിറ്റിനുള്ളിലുള്ള ബുക്കിങുകളില്‍ 3 ശതമാനവും, 30 മിനിറ്റിനുള്ളിലുള്ള ബുക്കിങുകളില്‍ 2 ശതമാനവും വര്‍ധനവുണ്ടായെന്നും ഐആര്‍സിടിസി പറയുന്നു.

ആധാര്‍ ഓതന്റിക്കേഷന്‍ കാരണം പലപ്പോഴും ബുക്കിങിന് താമസം നേരിടേണ്ടി വന്നേക്കാമെന്നും അതിനാല്‍ ആധാര്‍ ഓതന്റിക്കേഷന്‍ മുന്‍കൂട്ടി തന്നെ പൂര്‍ത്തിയാക്കാനും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളില്‍ വെബ്‌സൈറ്റ് തകരാറിലാകാതിരിക്കാന്‍ സെര്‍വര്‍ ശേഷി വര്‍ധിപ്പിച്ചതായും റെയില്‍വെ അവകാശപ്പെടുന്നു.
ഈ വര്‍ഷം ജൂലൈയില്‍ ആകെ റെയില്‍വേ ടിക്കറ്റ് ബുക്കിംഗുകളുടെ 89.84 ശതമാനവും ഓണ്‍ലൈന്‍ വഴിയായിരുന്നു.

മുഖവും തലയും തകർത്തു, സ്വകാര്യ ഭാഗത്ത് മരപ്പലക കുത്തിക്കയറ്റി, 15കാരിയെ ക്രൂരമായി കൊലപ്പെടുത്തി

ഗുവാഹത്തി: വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി 15കാരിയെ പീഡിപ്പിച്ചു. ക്രൂരമായ ശാരീരിക ലൈംഗിക പീഡനത്തിനിടെ അസമിൽ 15കാരിക്ക് ദാരുണാന്ത്യം. കുടുംബത്തിലുള്ളവർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് സംഭവം.

Also Read: തഴവ എവിഎച്ച് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

വീടിനടുത്തുള്ള ബന്ധുവീട്ടിൽ വിരുന്നിന് പോയി മടങ്ങി എത്തിയ ബന്ധുക്കളാണ് 15കാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 15കാരിയുടെ മുഖവും തലയും തല്ലിത്തകർത്ത നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിലായിരുന്നു 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനവും കൊലപാതകവുമാണ് നടന്നതെന്നാണ് കുടുംബം സംശയിക്കുന്നത്. എന്നാൽ പീഡനം നടന്നോയെന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ വിരുന്നിന് വീട്ടുകാരോടൊപ്പം 15കാരിയും പോയിരുന്നു. എന്നാൽ ചടങ്ങിനിടെ ഉറ്റ ബന്ധുവിനോട് വഴക്കിട്ട് 15കാരി തനിച്ച് വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു. പിന്നീട് പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴാണ് 15കാരിയുടെ മൃതദേഹം തിരിച്ചറിയാത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിലെ പ്രതികളെ കണ്ടെത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ ദേശീയപാത 6 തടഞ്ഞിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ചോദ്യം ചെയ്തതായാണ് പൊലീസ് സൂപ്രണ്ട് വിശദമാക്കുന്നത്.

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയും പ്രളയബാധിത ക്യാമ്പുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നതിനാലുമാണ് പത്തനംതിട്ടത്തില്‍ അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ?മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച യൂനിവേഴ്‌സിറ്റി, പി.എസ്.സി. പരീക്ഷകള്‍ എന്നിവക്ക് മാറ്റമില്ലായെന്ന് വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം, കണ്ണൂര്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലും ഇടുക്കി, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിയുള്ളത്. അവധിമൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍മാര്‍ അറിയിച്ചു.

പെരുമഴയിൽ ഉദ്യോഗാർഥികൾ നനയണ്ട, ഓഗസ്റ്റ് 4, 5, 6, 10 തീയതികളിലെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പി എസ്‌ സി നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ ദിവസങ്ങളിലെ എല്ലാ ഓൺലൈൻ, ഒ എം ആർ പരീക്ഷകളും പൂർണ്ണമായും മാറ്റിവച്ചെന്ന് പി എസ് സി അറിയിച്ചു.

പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലകളിലെ കളക്ടർമാർ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലുക്കുകൾക്കും അവധിയായിരിക്കും. ഇതിനൊപ്പം തന്നെ ഇടുക്കി, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

നാളെയും അതിശക്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിൽ രാത്രിയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയത്. നേരത്തെ നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിൽ പുതിയ അറിയിപ്പ് പ്രകാരം നാളെ 12 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത
ഓറഞ്ച് അലർട്ട്

03/08/2026 & 04/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഞ്ഞ അലർട്ട്

03/08/2026 & 04/08/2026: തിരുവനന്തപുരം, കൊല്ലം

06/08/2026 & 07/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ചവറ : പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീഷണിയില്‍. ക്ഷേത്രത്തിന്റെ തെക്ക്, വടക്ക് വശത്ത് നടക്കുന്ന മണല്‍ഖനനം മൂലം ക്ഷേത്രത്തിന്റെ പട്ടിഞ്ഞാറുവശം സ്ഥാപിച്ചിരുന്ന കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു.

തിരമാലകള്‍ ക്ഷേത്രമതിലിനുള്ളില്‍ പതിക്കുന്നത് ക്ഷേത്രത്തിന് ഭീഷണിയാകുകയാണ്. ക്ഷേത്രമതില്‍ തകര്‍ന്നു വീഴാറായ സ്ഥിതിയിലാണ്. മണ്‍സൂണ്‍ കാലത്തെ കടലാക്രമണത്തെ ചെറുക്കാന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കിയിട്ടും അധികൃതര്‍ മെല്ലെപ്പോക്ക് സമീപനമാണ് തുടരുന്നത്. ദിനംപ്രതി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന പൊന്മന കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറകിലെ കടല്‍ത്തീരത്താണ് ശക്തമായ കടലാക്രമണം തുടരുന്നത്.

സംരക്ഷണഭിത്തി പാറകള്‍ കടലില്‍ താണു
ക്ഷേത്രത്തിന് കടലാക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്ന കടല്‍ഭിത്തി ശക്തമായ തിരമാലകളില്‍ കടലില്‍ താണുപോയ നിലയിലാണ്. തുടര്‍ന്ന് ക്ഷേത്ര ഭരണസമിതിയുടെ ചിലവില്‍ ചാക്കുകളില്‍ മണ്ണ് നിറച്ച്‌ അടുക്കിയാണ് കടലാക്രമണത്തെ നേരിട്ടത്. എന്നാല്‍ മണ്‍സൂണ്‍ മഴ ശക്തമായതോടെ തിരമാലകള്‍ വശങ്ങളിലൂടെ ക്ഷേത്രത്തിലേക്ക് അടിച്ചുകയറുകയാണ്. ജെസിബി ഉപയോഗിച്ച്‌ മണ്ണുകൂട്ടിയാണ് കടല്‍വെള്ളം തടഞ്ഞിരിക്കുന്നത്. ഈ മണ്‍തിട്ട കൂടി ഒലിച്ചുപോയാല്‍ ക്ഷേത്രവും പരിസരവും അപകടാവസ്ഥയിലാകും.

സ്ഥലം സന്ദര്‍ശിച്ച്‌ കളക്ടര്‍
ക്ഷേത്ര ഭരണസമിതി കളക്ടറെ സന്ദര്‍ശിച്ച്‌ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തുകയും കഴിഞ്ഞ ജൂലായ് 8ന് ജില്ലാ കളക്ടര്‍ ആനി ജൂല തോമസും സബ്കളക്ടര്‍ അഖില്‍ വി. മേനോനും നേരിട്ട് സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അടിയന്തരമായി സീവാള്‍ നിര്‍മ്മാണം നടത്താനും ഇതിനായി കെഎംഎംഎല്ലിലെ പ്രത്യേക ഫണ്ടില്‍നിന്ന് രണ്ട് കോടി രൂപ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഡെപ്പോസിറ്റ് ചെയ്യാനും ഇറിഗേഷന്‍ വകുപ്പ് വഴി അടിയന്തരമായി നിര്‍മ്മാണം നടത്താനുമായിരുന്നു നിര്‍ദ്ദേശം.

സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥ
പുരാതനമായ ക്ഷേത്രത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് കടല്‍ഭിത്തി ബലപ്പെടുത്തുന്നതിനും പുലിമുട്ട് നിര്‍മ്മിക്കാനുമായി 3,90,00,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും 87,50,000 രൂപ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഡിപ്പാസിറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും 25% പണി മാത്രമെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുള്ളു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രഭരണ സമിതിയുടെ നിരന്തര ആവശ്യത്തെ പരിഗണിച്ച്‌ 2026ല്‍ ക്ഷേത്രത്തില്‍ വച്ച്‌ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. അടിയന്തിര സാഹചര്യം പരിഗണിച്ച്‌ ക്ഷേത്ര സംരക്ഷണത്തിനായി രണ്ട് കോടി രൂപ ജലസേചനവകുപ്പിന് കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തികള്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് നടത്തേണ്ടതെങ്കിലും ഇവരുടെ അനാസ്ഥ മൂലം ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ പറയുന്നു..