Home Blog Page 296

ഉറങ്ങി കിടക്കുന്ന ഷാനുക്കയെ കാണാൻ ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞു പോയത്; ഇക്ക, ഡാഡിയുടെ അടുത്തേക്ക് പോയിട്ട് ഒരു വര്ഷം

prem nazir son shanavas shane

പ്രേം നസീറിന്റെ മകന്റെ ഓർമ്മദിനം സിദ്ദു പനക്കൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വര്ഷം ഒന്നുകഴിഞ്ഞിട്ടും ഇപ്പോഴും മരണം നടന്ന ദിവസത്തെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടെന്നാണ് സിദ്ദു പറയുന്നത്.

സിദ്ദുവിന്റെ വാക്കുകൾ

ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ അറിയാതെ കണ്ണുകളിൽ വെള്ളം നിറയും… ഇന്ന് ഷാനുക്ക മരിച്ചിട്ട് ഒരു വർഷം ആകുന്നു. ഷാനവാസ് ഇക്ക ലോകത്തുനിന്ന് വിട പറഞ്ഞപ്പോൾ കഴിഞ്ഞവർഷം എഴുതിയത്. തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ഞാൻ. ഉറങ്ങി കിടക്കുന്ന ഷാനുക്കയെ കാണാൻ. ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞു പോയത്. ഷാനുക്ക ഈ ലോകം വിട്ടു പോയി എന്ന വാർത്ത ഇന്നലെ രാത്രി 11 മണിയോടുകൂടി അറിഞ്ഞപ്പോൾ അത് വിശ്വസിക്കാനായില്ല.

45 വർഷത്തെ ബന്ധമാണ് അവസാനിക്കുന്നത്. മലയാള ചലച്ചിത്ര പരിഷത്തിലെ ഓഫീസ് ബോയ് ആയിരുന്ന 80 കളിൽ നസീർ സാറിന്റെ വീട്ടിലേക്ക് നിരന്തരം പോയിക്കൊണ്ടിരുന്നപ്പോൾ തുടങ്ങിയ ബന്ധമാണ്. പ്രേം നസീർ എന്ന ഇതിഹാസത്തിന്റെ മകനെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.ആ വീടിന്റെ വരാന്തയിൽ നിൽക്കുമ്പോൾ, അകത്തുനിന്ന് ഷാനുക്ക കടന്നുവരുന്നത് കണ്ടാൽ ഒതുങ്ങി നിൽക്കുന്ന ബഹുമാനത്തിൽ തുടങ്ങി കാണുമ്പോൾ ചിരിക്കുന്നതിലേക്കും പരിചയപ്പെടുന്നതിലേക്കും എത്തി ആ ബന്ധം. അന്ന് അദ്ദേഹം സിനിമയിൽ അഭിനയിച്ചു തുടങ്ങിയിട്ടില്ല. 81ലാണ് ആദ്യസിനിമ പ്രേമ ഗീതങ്ങൾ റിലീസ് ആവുന്നത്.പരിഷത്തിലെ ജോലിക്കാലത്തിനു ശേഷവും മദ്രാസിലെ സ്റ്റുഡിയോകളിൽ വച്ച് പലതവണ കണ്ടു സംസാരിച്ചു. അദ്ദേഹം അത്യാവശ്യം തിരക്കുള്ള നടനായി മാറിക്കൊണ്ടിരുന്നു. മദ്രാസിൽ നിന്ന് ഞാൻ താമസം കേരളത്തിലേക്ക് മാറിയതിനുശേഷം കുറെ നാൾ പിന്നെ ടച്ച് ഒന്നുമുണ്ടായില്ല.

പിന്നെ കാണുന്നത് തിരുവനന്തപുരത്ത് ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് ഏകദേശം 20 വർഷത്തോളം മുൻപാണെന്ന് തോന്നുന്നു. അന്നവിടെ ഷീല ചേച്ചിയും ഉണ്ടായിരുന്നു. ഷാനുക്ക എന്നെ ഷീല ചേച്ചിയുടെ അടുത്തേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തി ഇതാരാണെന്ന് ഓർമ്മയുണ്ടോ എന്ന് ചോദിച്ചു. ഞാൻ പരിഷത്തിൽ ജോലി ചെയ്യുമ്പോൾ ഷീല ചേച്ചിയായിരുന്നു ട്രഷറർ. ആ ഓർമ്മകളൊക്കെ പുതുക്കി. ആ പരിചയം പുതുക്കലും സൗഹൃദവും പിന്നീട് ദൃഢമായി മാറുകയായിരുന്നു.ഷാനുക്ക തിരുവനന്തപുരത്താണ് താമസം, ഫാമിലി മലേഷ്യയിലും. ഇടയ്ക്കിടയ്ക്ക് മലേഷ്യ പോയി വരും. പോകുന്നതിനു മുമ്പ് ഫോൺ ചെയ്തു ചോദിക്കും വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരണൊ എന്ന്. ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും ഒന്നു രണ്ടു തവണ ചെറിയ സമ്മാനങ്ങൾ കൊണ്ടുതന്നു.

ആറേഴുവർഷം വർഷം മുൻപ് ഒരു തിരുവോണത്തിന് ഞാൻ എന്റെ വീട്ടിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ഞങ്ങൾ അയൽപക്കത്തുള്ള മൂന്നുനാലു വീട്ടുകാർ ചേർന്നായിരുന്നു അത്തവണത്തെ ഓണസദ്യ. ഭക്ഷണം കഴിച്ചശേഷം ചെറിയ കളികളിൽ ഒക്കെ പങ്കെടുത്തതാണ് അദ്ദേഹം മടങ്ങിയത്.
തിരുവനന്തപുരത്ത് ഡിപിഐ ജംഗ്ഷനടുത്താണ് അദ്ദേഹം താമസിക്കുന്നത്. ഞാൻ ആ വഴി പോകുമ്പോൾ വിളിച്ചു നോക്കും അദ്ദേഹം ഉണ്ടെങ്കിൽ വീട്ടിൽ കയറി കുറച്ചുനേരം സംസാരിച്ചിട്ടാണ് പോവുക. ഏകദേശം മൂന്നോ നാലോ വർഷം മുമ്പ് അദ്ദേഹത്തിന് ഒരു കിഡ്നി മാറ്റിവെക്കൽ ഓപ്പറേഷൻ ഉണ്ടായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് സുഖമായ ശേഷവും അദ്ദേഹത്തെ പോയി കണ്ടു. ആ സമയത്ത് അദ്ദേഹം ആദ്യത്തെ ഫ്ലാറ്റ് വിട്ട് മറ്റൊന്നിലേക്ക് മാറിയിരുന്നു.

ഞാൻ വർക്ക് ചെയ്ത അഞ്ചു സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങളുടെ “ചൈന ടൗൺ” എന്ന പടത്തിലാണ് അദ്ദേഹം വീണ്ടും അഭിനയിച്ചു തുടങ്ങിയത് എന്ന് തോന്നുന്നു. എയ്ഞ്ചൽസ് എന്ന പടത്തിൽ എന്റെ മൂത്തമകൻ അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുകയും ചെയ്തു. ആറുമാസം മുമ്പ് മുതൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചാൽ കിട്ടുമായിരുന്നില്ല. അദ്ദേഹം മലേഷ്യയിൽ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ഇക്കഴിഞ്ഞ ജൂൺ 27ആം തീയതി വൈകിട്ട് ഞാൻ അദ്ദേഹത്തെ വീണ്ടും വിളിച്ചുനോക്കി ഫോൺ എടുത്തില്ല. 10 മിനിറ്റ് കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു ചെറിയ അസുഖങ്ങളൊക്കെ ആയി ഇരിക്കുകയാണെന്ന് പറഞ്ഞു. ചുമ ഉണ്ട് എന്നാണ് പറഞ്ഞത്. ഞാൻ തിരുവനന്തപുരത്ത് വരുമ്പോൾ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

നസീർ സാറിന്റെ അതേ സ്വഭാവം തന്നെയായിരുന്നു എന്റെ അനുഭവത്തിൽ ഷാനുക്കക്ക്. വലുപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഇഷ്ടപ്പെടുന്ന ശീലം സ്നേഹിക്കുന്ന ശീലം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമായ നസീർ സാറിന്റെ മകന് അങ്ങനെ ആവാനേ കഴിയൂ. ആ ബന്ധവും അറ്റ് പോവുകയാണ്. ചില ബന്ധങ്ങൾ വേർപെടുമ്പോൾ, എന്നെന്നേക്കുമായി നഷ്ടമാകുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്.
മഹാനായ ആ പിതാവിന്റെ മകൻ ഡാഡിയുടെ അടുത്തേക്ക് യാത്രയായി കഴിഞ്ഞു. വർഷങ്ങൾക്കുശേഷം മകനെ കാണാൻ ആ പിതാവും മാതാവും അവിടെ കാത്തിരിക്കുന്നുണ്ടാകും. യാത്രയയക്കുന്നവരുടെ വേദന യാത്ര പോകുന്നവർ അറിയുന്നില്ല എന്നതാണ് സത്യം.

വെള്ളം കയറില്ല എന്ന് പറഞ്ഞ റോഡിൽ വെള്ളം കയറി,എ സി റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്‍

എ സി റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്‍. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും പ്രതിയാക്കണം. ജനങ്ങളുടെ പണം മോഷ്ടിച്ചത് ആരെന്ന് കണ്ടെത്തണം

വെള്ളം കയറില്ല എന്ന് പറഞ്ഞ റോഡിൽ വെള്ളം കയറി. കുട്ടനാടിനെ മനസ്സിലാക്കാതെയാണ് 750 കോടി രൂപ ചിലവഴിച്ചത്. വെള്ളം കയറാത്ത സ്ഥലങ്ങളിൽ പാലം നിർമ്മിച്ചു. പുറത്തുനിന്ന് കൺസൾട്ടന്റിനെ കൊണ്ടുവന്നാണ് രൂപകല്പന ചെയ്തത്

പി എസ് സി പരീക്ഷാക്രമകേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു

തിരുവനന്തപുരം.പി എസ് സി പരീക്ഷാക്രമകേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു.ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർമാർ എസ്ഐമാർ എന്നിവരെ ഉൾപ്പെടുത്തി ടീമംഗങ്ങളുടെ എണ്ണം പത്തിൽ നിന്ന് 20 ആക്കി. അതിനിടെ പരീക്ഷയിൽ വിട്ടുപോയ 10 ചോദ്യങ്ങളുടെ മൂല്യം നിർണയം നടത്താൻ പരീക്ഷാ വിഭാഗത്തോട് പി എസ് സി നിർദേശിച്ചു.

പരാതികളുടെ എണ്ണം കൂടി പലതിലും ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുന്നു ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചത്. ശാസ്ത്രീയ ഫോറൻസിക് പരിശോധനകളിലൂടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് തീരുമാനം.നിലവിൽ കിട്ടിയ 95 പരാതികളിൽ പകുതിയിലേറെ പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള മൂല്യനിർണയുമായി ബന്ധപ്പെട്ട പരാതിയിൽ പി എസ് സി ചെയർമാനെ ചോദ്യം ചെയ്യാൻ കത്ത് നൽകിയിട്ടുണ്ട്.ഇതിനെതിരെ പ്രതിപക്ഷ നേതാവടക്കം സിപിഎം രംഗത്തെത്തിയത് പരീക്ഷാക്രമക്കേടുകൾ മറച്ചുവെക്കാനാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പി എസ് സി ചെയർമാനായി ഡോ എം ആർ ബൈജുവിനെ നിയമിച്ചത്.
ഇതിനിടെ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ വിട്ടുപോയ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താൻ പി എസ് സി പരീക്ഷാ വിഭാഗത്തോട് നിർദ്ദേശിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ പുനർ മൂല്യനിർണയം നടത്താൻ വൈകിയിരുന്നു.

108 ആംബുലൻസ് തടഞ്ഞുനിർത്തി മെയിൽ നഴ്സിനെ ആക്രമിച്ചതായി പരാതി

വർക്കല.108 ആംബുലൻസ് തടഞ്ഞുനിർത്തി മെയിൽ നഴ്സിനെ ആക്രമിച്ചതായി പരാതി.കല്ലമ്പലം ഇടവൂർക്കോണം ബി.എസ്. മൻസിലിൽ ഷാനവാസാണ് പരാതിക്കാരൻ. രോഗിയെ ആശുപത്രിയിൽ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് സംഭവം

വാഹനം തടഞ്ഞു നിർത്തി സംഘം അക്രമിക്കുകയായിരുന്നു.ഡ്യൂട്ടിയിലാണെന്നും അകാരണമായാണ് ആക്രമിക്കുന്നതെന്നും പറഞ്ഞിട്ടും ആക്രമണം നടത്തി. ഇതു സംബന്ധിച്ച വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ വർക്കല പോലീസ് കേസെടുത്തു .

തൃഷയ്ക്കെതിരായ ദ്വയാർഥ പ്രയോഗം; ഉദയനിധി കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയവുമായി ബന്ധപ്പെട്ട പൊതുപ്രസംഗത്തിനിടെ നടത്തിയതായി ആരോപിക്കപ്പെടുന്ന ദ്വയാർഥ പരാമർശത്തെ തുടർന്നാണ് പൊലീസ് നടപടി.
കേസിൽ മുൻകൂർ ജാമ്യം തേടി ഉദയനിധി സ്റ്റാലിൻ കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ഉച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല നിർദേശം നൽകിയിരുന്നു. തുടർന്ന് കോടതി നടപടികൾക്കിടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സംഭവം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

പ്രിയദര്‍ശിനിയില്‍ സ്ത്രീകൾ തള്ളിക്കയറുന്നു; അധിക്ഷേപ പരാമർശവുമായി ഗതാഗത മന്ത്രി സി പി ജോൺ

തിരുവനന്തപുരം:
പണം ഇല്ലാതെ പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകൾ തള്ളിക്കയറുകയാണെന്നാണ് ഗതാഗതമന്ത്രി സിപി ജോണ്‍ . മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിലാണ് പഠിപ്പിക്കുന്നത്. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടക്കുമെന്നും സി പി ജോൺ അധിക്ഷേപിച്ചു

അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്”- സിപി ജോണ്‍ പറഞ്ഞു.

എംഡിഎംഎ പണമിടപാട്… പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പ്രത്യേക അന്വേഷക സംഘത്തിന്റെ അപേക്ഷ ചൊവ്വാഴ്‌ച കോടതി പരിഗണിക്കും. അറസ്‌റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്‌റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതിനാണ്‌ കസ്‌റ്റഡി അപേക്ഷ നൽകിയത്‌.


കീർത്തന, കാവ്യ, നീഷ്‌മ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോളുകളുടെ വിവരശേഖരണവും നടക്കുന്നു. ശാസ്ത്രീയ തെളിവ് ശേഖരണവും ആരംഭിച്ചു. എടിഎം വഴി പണം പിൻവലിച്ചതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. എടിഎം കൗണ്ടറിൽനിന്ന്‌ പണം പിൻവലിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതിക്കായി ബാങ്കുകൾക്ക് കത്ത് നൽകി. ഇതുവഴി പണം പിൻവലിച്ചയാളെ കണ്ടെത്തിയാൽ അവരും പ്രതികളാകും. ആയിരക്കണക്കിന് ഫോൺ കോളുകളാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നത്. പണം മുഴുവൻ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ്‌ പോയതെന്ന്‌ കണ്ടെത്തി. മൊത്ത വിതരണക്കാരനായ ഇയാളെപ്പറ്റിയുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആവശ്യമെങ്കിൽ ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കും.


കീർത്തന വടകര എൻഡിപിഎസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വാദംകേട്ടു. കാവ്യ, നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ എന്നിവരും തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷയിൽ പ്രത്യേക അന്വേഷക സംഘത്തിനുവേണ്ടി എതിർ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളെ എതിര്‍ത്ത് സംസ്ഥാന പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിലപാട് അറിയിക്കും. കേസില്‍ ഇന്നലെ 9 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയേക്കും.

പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇഡി ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ല എന്നും, എന്നാല് ആക്രമണം ഗൗരവമാണ് എന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കിയിരുന്നു. ഇതേ മാനദണ്ഡം ചൂണ്ടികാട്ടി, ഇന്ന് നാല് പ്രതികൾക്ക് കൂടി സിംഗിൾ ബെഞ്ച് ജാമ്യം നൽകിയേക്കും.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്, വിചാരണക്കോടതി മാറ്റിയ തിനെതിരെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി മാറ്റിയ നടപടിക്കെതിരെ ഭാര്യ സി. ജസീല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രോസിക്യൂട്ടർമാരെ തുടർച്ചയായി മാറ്റുന്നതും പ്രതിഭാഗം അഭിഭാഷകന്റെ സൗകര്യാർത്ഥം വിചാരണക്കോടതി മാറ്റിയതും ചോദ്യം ചെയ്താണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂട്ടർമാരെ നിരന്തരം മാറ്റുന്നത് കേസിന്റെ വിചാരണ അട്ടിമറിക്കാൻ ഇടയാക്കുമെന്നും, ഉന്നത സ്വാധീനമുള്ള ഐഎസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ, നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിചാരണക്കോടതി മാറ്റി അഡിഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി കേസ് പഴയ വിചാരണക്കോടതിയിൽ തന്നെ തുടരാൻ നിർദേശം നൽകണമെന്നും ജസീല ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

30-ാം ദിവസം,മുഖ്യമന്ത്രിയുടെ നിലപാടിൽ LPST റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം. മുട്ടിലിഴഞ്ഞിട്ട് നോക്കാമെന്നാണോ, മുഖ്യമന്ത്രിയുടെ നിലപാടിൽ LPST റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കനക്കുന്നു. സർക്കാറിന്റേത് തികഞ്ഞ അവഗണനയാണെന്നാണ് റാങ്ക് ഹോൾഡേഴ്സിന്റെ നിലപാട്. കൂടുതൽ പേർ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചുള്ള ഉദ്യോഗാർത്ഥികളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ 30 ആം ദിവസവും തുടരുകയാണ്… 6 ദിവസമായി സമരസമിതി സെക്രട്ടറി എസ് വളർമതി നിരാഹാര സമരവും നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തെറ്റിദ്ധാരണ ആണ് നോക്കുന്നതെന്നും അതുകൊണ്ട് സമരം കടുപ്പിക്കാനും ആണ് തീരുമാനമെന്ന് ഇവർ പറയുന്നു

വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ സമരാവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം ചെയ്ത ഉദ്യോഗാർത്ഥികൾ വൈകുന്നേരം പാളയത്തിൽ നിന്ന് സെക്രട്ടേറിയറ്റ് വരെ മാർച്ചും സംഘടിപ്പിച്ചിരുന്നു.തുടർന്ന് അവരുടെ റാങ്ക് ലിസ്റ്റ് കത്തിക്കുകയും ചെയ്തു