Home Blog Page 21

കെഎസ്ആർടിസി കാർഗോ സേവനത്തിലേക്ക്;വാഹനങ്ങൾ ലഭ്യമാക്കാൻ ഇ-ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം.ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായാണ് ടെൻഡർ ക്ഷണിച്ചത്. സേവനം പിന്നീട് ഘട്ടംഘട്ടമായി വിപുലീകരിക്കും

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കാർഗോ സംവിധാനത്തിലൂടെ മികച്ച വരുമാനം നേടിവരുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ കാർഗോ സേവനങ്ങളുടെ പ്രവർത്തനരീതി, സാധ്യതകൾ എന്നിവ പഠിച്ച് സംസ്ഥാനത്ത് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

തെരുവുനായ 11 കാരന്റെ കൈവിരൽ കടിച്ചെടുത്തു

തിരുവനന്തപുരം. കിളിമാനൂരിൽ ആണ് 11കാരനെ തെരുവുനായ ആക്രമിച്ചത്.മൊട്ടലുവിള സ്വദേശികളായ രാജു- അഞ്ചു ദമ്പതികളുടെ മകൻ ശരൺ (11) നാണ് പരുക്കേറ്റത്.വീട്ടുമുറ്റത്ത് ഇളയ സഹോദരനുമായി കളിച്ചു കൊണ്ടിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം .

വിരലിനു പുറമേ ഇടതുകാലിൻ്റെ തുടയിലും ആഴത്തിൽ മുറിവേറ്റു.കൈ വിരലിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ കണ്ടെത്തെനായിട്ടില്ല

പ്രതികളെ അന്വേഷിച്ചെത്തിയ പോലീസ് സ്ത്രീകളെ മർദ്ദിച്ചതായാക്ഷേപം

കരുനാഗപ്പള്ളി. കോഴിക്കോട് കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പ്രതികളെ അന്വേഷിച്ചെത്തിയതായിരുന്നു. പത്തനംതിട്ട Dysp -യുടെ സ്പെഷ്യൽ സ്കോഡിലെ പോലീസുദ്യോഗസ്ഥരാണ് മഫ്തിയിൽ രണ്ട് പ്രതികളെ പിടികൂടാനെത്തിയത്.

മഫ്തിയിലെത്തിയ പോലീസിനെ തിരിച്ചറിയാതെ സ്ത്രീകൾ തടഞ്ഞതിനെ തുടർന്ന് മർദ്ദിച്ച വെന്നാണാ ക്ഷേപം. എന്നാൽ ടോർച്ചും ചുടുകട്ടയുപയോഗിച്ച് പോലീസിനെ മർദ്ദിച്ചതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും മൂന്ന് സ്ത്രീകൾക്കും ഒരു പുരുഷനുമെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുക്കുകയും ചെയ്തു.

രാജ്യാന്തര സമുദ്രതീര ശുചീകരണദിനം ആചരിച്ചു,സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പണിക്കർ കടവ് തീരം ശുചീകരിച്ച് യുവജനങ്ങൾ

കരുനാഗപ്പള്ളി . സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ഭാരത സർക്കാർ യുവജന കായിക മന്ത്രാലയം കൊല്ലം മേരാ യുവ ഭാരത് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളനാതുരുത്ത് തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ബോധവൽക്കരണപരിപാടി സംഘടിപിപ്പിക്കുകയും ചെയ്തു. ദിനാചാരണ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട് ഉദ്‌ഘാടനം ചെയ്തു.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പാഠപുസ്തക സമിതി അംഗം സുധീർ ഗുരുകുലം മുഖ്യാതിഥിയായിരുന്നു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഉപസമിതി കൺവീനർ റംഷാദ്. എസ്,സബർമതി ഗ്രന്ഥശാല
സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ,ഓമനക്കുട്ടൻ,ഭാരവാഹികളായ സുനിൽ പൂമുറ്റം,ഷീബ.എസ്, ഗംഗ.വി,അദ്വൈദ് ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.

തെങ്ങുംവിള ചാരിറ്റബിൾ സൊസൈറ്റി ചികിത്സ ധനസഹായം കൈമാറി

ശൂരനാട്. ഗുരുതരമായ കരൾ രോഗം ബാധിച്ച് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഷാജഹാൻ, ഫാൻകോണി അനീമിയരോഗം ബാധിച്ച കാശിനാഥ്‌, എന്നിവർക്ക് തെങ്ങുംവിള ചാരിറ്റബിൾ സൊസൈറ്റി ചികിത്സസഹായം കൈമാറി. തെങ്ങുംവിള ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നാസർ പോച്ചയിൽ ചികിത്സ ധനസഹായം കൈമാറി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽസൊസൈറ്റി പ്രസിഡന്റ്‌ ഹനീഫ ഇഞ്ചവിള അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റനീഷ്. എസ്,സജീർ, PK സൈനുദ്ധീൻ,
റംഷാദ്ബി തെങ്ങുംവിള , റിയാസ് അപ്പു, അലി അക്ബർ, ബദർ, അസീസ്കുട്ടി,തെങ്ങുംവിളചാരിറ്റി സൊസൈറ്റി അംഗങ്ങളായ ഷിബു അസീസ്, ഷൈജു, നാസർ, ഷിബു, അൻഷാദ്,എന്നിവർ പങ്കെടുത്തു. ട്രഷറര്‍ തങ്ങൾ കുഞ്ഞ് കൃതജ്ഞത രേഖപ്പെടുത്തി.

മികവുത്സവം നടത്തി

ശാസ്താംകോട്ട : മൈനാഗപ്പള്ളിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനും, പിന്നീട് CPIM നേതാവുമായിരുന്ന കെ . ശ്രീധരൻ്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മികവുത്സവം ചിത്തിര വിലാസം UPS ൽ നടന്നു. അക്കാഡമിക്‌സമിതി ചെയർമാൻ ഡി പ്രസന്നകുമാർ അദ്ധ്യക്ഷനായി. പ്രശസ്ത സിനിമാ സംവിധായകനും കവിയുമായ ജയേഷ് മൈനാഗപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനർ കെ. രാജീവ്, സഖാവ് കെ ശ്രീധരൻ ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടിപിള്ള , സെക്രട്ടറി എം.സതീശൻ , കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രമുഖ പ്രഭാഷകൻ പി കെ അനിൽകുമാർ, പ്രശസ്ത കവി പി. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു
ക്ലാസ് മുറികളിൽ ഡോ: KG അഭിലാഷ് കുമാർ
KP അജിത്ത്, എം.സതീശൻ , ആർ ബീന , RP. സുഷമ , ബിന്ദു ജയകുമാർ, എന്നിവർ മികവുത്സവത്തിന് നേതൃത്വം നൽകി. പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മികവുത്സവത്തിൽ പങ്കാളികളായത് .
എൽ പി, യുപി, എച്ച് എസ് വിഭാഗങ്ങളിലെ മികച്ച വിദ്യാർത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് അനുസമരണ ദിനമായ സെപ്തംബർ 30 ന് നടക്കുന്ന സമ്മേളനത്തിൽ വെച്ച് എൻഡോവ്മെൻ്റുകൾ വിതരണം ചെയ്യുമെന്ന് അക്കാഡമിക് സമിതി കൺവീനർ കെ. രാജീവ് അറിയിച്ചു

ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രഭൂമി കയ്യേറാൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ;മണ്ണുമാന്തി യന്ത്രവും പോലീസ് കസ്റ്റഡിയിൽ

ശാസ്താംകോട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ക്ഷേത്രഭൂമി കയ്യേറാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ശാസ്‌താംകോട്ടയിലെ വ്യാപാരിയായ മനക്കര കോളാട്ടു വീട്ടിൽ അലക്സാണ്ടർ ആണ് അറസ്റ്റിലായത്.ഇയ്യാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്.കയ്യേറ്റത്തിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ 7.30 ഓടെ കോടതിക്ക് സമീപമുള്ള ക്ഷേത്രഭൂമി കയ്യേറുകയായിരുന്നു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ക്ഷേത്രഭൂമിയുടെ അതിര് തകർത്ത ശേഷം അലക്സാണ്ടറിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് കൂട്ടിച്ചേർക്കുകയായിരുന്നു ലക്ഷ്യം.മണ്ണ് ഇടിക്കുന്നത് അറിഞ്ഞ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നൂറോളം ഭക്തർ സംഭവസ്ഥലത്ത് തടിച്ചു കൂടി പ്രതിഷേധിച്ചതിനെ തുടർന്നാണ് ശാസ്താംകോട്ട പോലീസ് സംഭവസ്ഥലത്ത് എത്തിയത്.തുടർന്ന്
മണ്ണ് കുത്താൻ ഉപയോഗിച്ച ജെസിബിയും, അലക്സിനെയും കസ്റ്റഡിയിലെടുത്തു.ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറുടെ പരാതിയിൽ അലക്സിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം കേസടുക്കുകയായിരുന്നു.


ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദേവസ്വം ഭൂമി അതിര് തിരിച്ചു തന്നില്ല എങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടു പോകുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.പി അജിതകുമാർ,സെക്രട്ടറി കേരള ശശികുമാർ എന്നിവർ പറഞ്ഞു.രണ്ടു ദിവസത്തെ അവധിയുടെ മറവിലാണ് നിയമലംഘനത്തിന് മുതിർന്നതെന്നാണ് വിവരം. മുമ്പും ഇയാളും സംഘവും ഇത്തരത്തില്‍ ഭൂമി കയ്യേറിയിട്ടുണ്ട്. നിയമത്തിന്‍റെ പഴുതുകള്‍ ഉപയോഗിച്ച് സഹായം ചെയ്തുകൊടുക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥരും ഈ കയ്യേറ്റത്തിന് പിന്നിലുണ്ട്. എണ്‍പതുകളില്‍ ഒരു സ്വകാര്യഭൂമിപോലുമില്ലാതിരുന്ന മേഖലയില്‍ പട്ടയങ്ങളുടെ മറവില്‍ നിരവധികയ്യേറ്റങ്ങളാണ് നടന്നത്.

അതിനിടെ ദേവസ്വം വസ്തു അളന്നു തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതും,ദേവസ്വം ഓംബുഡ്സ്മാന്റെ നിർദ്ദേശപ്രകാരം ബോർഡിന്റെയും ശാസ്താംകോട്ട താലൂക്ക് ഓഫീസറുടെയും നേതൃത്വത്തിൽ ജോയിന്റ് സർവ്വേ നടത്തുന്നതിന് മുമ്പായിട്ടാണ് അലക്സാണ്ടർ ഇത്തരത്തിൽ കയ്യെറ്റത്തിന് ശ്രമം നടത്തിയതെന്നും ആക്ഷേപമുണ്ട്

കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നു,വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേരള സര്‍വകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല,മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം. കേരള സര്‍വകലാശാല ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് തയാറാക്കിയ വിദ്യാര്‍ഥി പെരുമാറ്റച്ചട്ടത്തിനെതിരെ പ്രതിഷേധം പുകയുന്നതിനിടെ, പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പ്രചാരണം നടക്കുന്നതായി റോജി എം ജോണ്‍ ആരോപിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേരള സര്‍വകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കോടതി നിര്‍ദേശപ്രകാരം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചര്‍ച്ചകള്‍ക്കായി നിയമ സമിതി തയ്യാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഈ രേഖ അയച്ച് അവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷം വീണ്ടും ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ ഇത് സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദേശമായി കണക്കാക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രസ്താവന നടത്തുന്നതിന് മുന്‍പ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുറത്തുവന്നത് ഒറിജിനല്‍ രേഖ അല്ലെന്നും അത്തരം ഒരു രേഖ തയാറാക്കിയിട്ടില്ലെന്നുമാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ പ്രതികരിച്ചത്.

സര്‍വകലാശാലയും വൈസ് ചാന്‍സലറും ഏകപക്ഷീയമായി ഇത്തരം ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കില്ലെന്ന് മന്ത്രി ഒ ജെ ജനീഷ് പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് ജനീഷ്. സര്‍ക്കാരോ യൂത്ത് കോണ്‍ഗ്രസോ ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിന് അനുകൂലമല്ലെന്നും ജനീഷ് പറഞ്ഞു.

വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍, ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു

തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിചിന്നുവിനുമാണ് മണ്ണിനടിയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായത്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് അറിയാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്ന് വൈകീട്ടാണ് സംഭവം. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ കനത്തമഴയാണ് വട്ടവടയില്‍ അനുഭവപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡിന് മുകളിലേയ്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മഴ മൂലം ഇവർ ഷെഡിൽ കയറി നിൽക്കുകയായിരുന്നു. തകർന്ന ഷെഡിൽ നിന്ന് വൈദ്യൂതാഘാതം ഏൽക്കുകയായിരുന്നു.

മൂന്ന് മണിയ്ക്ക് ശേഷം മേഖലയിൽ കനത്ത മഴ ആണ് അനുഭവപ്പെട്ടത് . നിലവിൽ മഴ കുറവുണ്ട്. അപകടത്തിൽ മരണമടഞ്ഞ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും ദേവികുളത്ത് നിന്ന് പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിച്ച കേസ്, ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട (എസ്ആർ ധന്യ) അറസ്റ്റിൽ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.