Home Blog Page 1241

കടുവയുടെ ആക്രമണത്തിൽ 65 കാരൻ കൊല്ലപ്പെട്ടു

വയനാട് .പുൽപ്പള്ളി വണ്ടിക്കടവിൽ കടുവയുടെ ആക്രമണത്തിൽ 65 കാരൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ മാരനാണ് കൊല്ലപ്പെട്ടത്.  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വണ്ടിക്കടവ് കന്നാരം പുഴയുടെ ഓരത്തുനിന്ന് വിറക് ശേഖരിക്കാൻ എത്തിയതായിരുന്നു കൂമൻ മാരനും സഹോദരി കുള്ളിയും. വനാതിർത്തിൽ നിന്ന് കടുവ കൂമനെ വലിച്ചിഴച്ച് മുക്കാൽ കിലോമീറ്റർ കൊണ്ടുപോയി.

ഫോറസ്റ്റ് സ്റ്റേഷന് സമീപം എത്തിച്ച മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചില്ല.

വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടത്തി. ധനസഹായ തുക പത്തുലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപ ഉടൻ നൽകും. മകന് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകാനും തീരുമാനമായി

കുറിച്യാട്  റേഞ്ചിന് കീഴിലാണ് കടുവ ആക്രമണം ഉണ്ടായത്. 

മൂടക്കൊല്ലിയിലെ പ്രജീഷ്, പഞ്ചാരക്കൊല്ലിയിൽ രാധ , ഒടുവിൽ ദേവർഗദ്ധയിൽ കൂമൻ മാരൻ.  കടുവ ആക്രമണത്തിന് ഇരകളാകുന്നവരുടെ എണ്ണം ഏറുന്നത് ആശങ്കാജനകം. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള പ്രജനനകാലം നിർണായകം ആകുകയാണ്.

ഓച്ചിറയിലെ വ്യാപാരികൾ വലിയകെണിയിലകപ്പെട്ടിരിക്കുന്നു

ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി, ഓച്ചിറയെ കിഴക്ക് – പടിഞ്ഞാറ് വേർതിരിക്കുന്ന വന്മതിലിൻ്റെ പണിക്കെതിരെ പില്ലർ എലിവേറ്റഡ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ മനുഷ്യ ചങ്ങല പ്രതിഷേധമൊരുങ്ങുന്നു.

തെക്കുനിന്നും വരുന്നവരെ തടയുന്ന സർവ്വീസ് റോഡ് പോലുമില്ലാത്ത ടോൾ പ്ളാസ വഴി, വലിയ തുക ടോളും കൊടുത്ത് വന്ന് സാധനങ്ങൾ വാങ്ങാൻ ആരും തയ്യാറാകില്ല, നടപ്പാത പോലുമില്ലാത്ത ദേശീയപാതയിൽ കയറി, നടന്ന് വരാനെങ്കിലും സാധിക്കുമോയെന്നത് കണ്ടറിയണം. കിഴക്കു കൂടി വരാനാണെങ്കിൽ മരണക്കെണിയായി മാറിയേക്കാവുന്ന അണ്ടർപാസ്സിലൂടെ തിങ്ങി ഞെരുങ്ങി വന്ന് വേണം സാധനങ്ങൾ വാങ്ങുവാൻ. അതിനു ആളുകൾ തയ്യാറാകുമോ? അക്ഷരാർത്ഥത്തിൽ ഓച്ചിറയിലെ വ്യാപാരികൾ വലിയ കെണിയിലകപ്പെട്ടിരിക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

ഓച്ചിറയുടെ ഹൃദയ ഭാഗത്ത് ബസ്സുകളിലും മറ്റും വന്നിറങ്ങി, സാധനങ്ങൾ വാങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് വ്യാപാരികളുടെ ദൈനംദിന വരുമാന സ്രോതസ്സ്. എന്നാൽ, ഇനി വരാനും പോകാനും ഒരു അടിപ്പാത മാത്രമേയുള്ളൂ. വന്നെത്തുന്ന വാഹനങ്ങൾ തിരിക്കാൻ സ്ഥലവുമില്ല. ഈ സാഹചര്യത്തിൽ നഗരത്തിലേക്ക് കടക്കാതെ സർവ്വീസ് റോഡ് വഴി വാഹനങ്ങൾ കടന്നു പോകുന്ന അവസ്ഥയാണു സംജാതമാകുക. അതുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും.

ഓച്ചിറയിലെ വ്യാപാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവകാലമാണ്. ജനലക്ഷങ്ങൾക്കും വാഹനങ്ങൾക്കും വരാനും പോകാനും ഒരു അടിപ്പാത മാത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. തെക്കും വടക്കുമുള്ള തൊട്ടടുത്ത അടിപ്പാതകൾ കിലോമീറ്ററുകൾ ദൂരെയാണ്. ആ രണ്ട് അടിപ്പാതകൾക്കുമിടയിൽ ഇരുവശങ്ങളിലുമായി ദേശീയ പാതയിൽ വന്നു ചേരുന്ന നാല്പതോളം വഴികളുണ്ട്. അതിലൂടെയൊക്കെ വന്ന്  റോഡ് മുറിച്ചു കടന്നിരുന്ന പതിനാറോളം സ്ഥലങ്ങളാണ് നിർദാക്ഷിണ്യം കെട്ടിയടച്ചത്. അതുകൊണ്ട് തന്നെ ഉത്സവ കാലത്ത്  അടിപ്പാതയിൽ വളരെ അപകടമായ തിരക്കാണുണ്ടാകുക. ക്ഷേത്ര നഗരിയിലോ അടിപ്പാതയിലോ എന്തെങ്കിലും സംഭവിച്ചാൽ, രക്ഷപെടാനോ രക്ഷാപ്രവർത്തനത്തിനോ മറ്റൊരു വഴിയില്ല. അത് വൻ ദുരന്തമായിരിക്കും ഉണ്ടാക്കുക. പ്രായമുള്ളവരും കുട്ടികളും സ്ത്രീകളും അടങ്ങുന്ന വൻജനാവലി, നമ്മുടെ നാട്ടിലേക്കും, സ്ഥാപനങ്ങളിലേക്കും, ഉത്സവത്തിനുമൊക്കെ വന്നുചേരുന്നത്, ഈ നാട് വളരെ സുരക്ഷിതമാണെന്നും അതിവിശാലമാണെന്നുമുള്ള വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം നഷ്ടപ്പെടാൻ ഒരു ദുരന്തം മതി. പിന്നീടൊരിക്കലും ഈ നാട് പഴയതുപോലെയാകില്ല. അതുണ്ടാക്കുന്ന സാമ്പത്തിക തകർച്ച വളരെ വലുതായിരിക്കും.

റെയിൽവേ വൈദ്യുതീകരണം നിമിത്തം വലിയ കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നത് അസാധ്യമായതോടെ, റേയിൽവേ സ്റ്റേഷനു കിഴക്ക് നിന്നും വന്നിരുന്ന ആളുകളിൽ ആവേശം നഷ്ടപ്പെട്ടതു പോലെ, ടോൾ പ്ളാസ കാരണം തെക്കു നിന്നും വരുന്ന ആളുകളിലും കെട്ടുകാഴ്ചകളിലും ആവേശം നഷ്ടപ്പെടാൻ സാധ്യത കാണുന്നു. കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം കൂടി ഇല്ലാതായാൽ അത് ഓച്ചിറയിലെ വ്യാപാര മേഖലയിൽ വലിയ മാന്ദ്യമായിരിക്കും സംഭാവന ചെയ്യുക. ഭീമമായ തുകകൾ കടമെടുത്ത് കെട്ടിടങ്ങൾ വാങ്ങിയും വാടകക്കെടുത്തും, വിലപിടിച്ച കച്ചവട സാധനങ്ങൾ നിറച്ചും കാത്തിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ  പ്രശ്നത്തിലാകുമെന്ന് പ്രതിക്ഷേധക്കാർ പറയുന്നു. ദേശീയ പാതയിൽ നാം മുറിച്ചു കടന്നിരുന്ന പ്രദേശങ്ങൾ കെട്ടിയടയ്ക്കപ്പോൾ തന്നെ വ്യാപാരത്തിൽ ഉണ്ടായ കുറവ് വലുതാണ്. വലിയ കടക്കെണിയിലേക്കാണ് ഓച്ചിറയിലെ വ്യാപാരികൾ പോകുന്നത് 
നാടിന്റെ സ്വസ്ഥമായ ജീവിതത്തിനു വിഘാതമാകാത്ത വികസനമാണ്  വേണ്ടത്. അതിനു നമ്മൾ മുന്നോടു വെയ്ക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്

നിലവിലെ അടിപ്പാത മുതൽ റെയിൽവേ സ്റ്റേഷൻ റോഡുവരെ പില്ലർ എലവേറ്റഡ് ഹൈവേ നിർമ്മിക്കുക. ക്ഷേത്രത്തിനു മുന്നിൽ കാണിക്ക വഞ്ചിയുള്ള വഴിയിലൂടെ റോഡ് മുറിച്ചു കടക്കാൻ അതിവിശാലമായ നടപ്പാത നിർമ്മിക്കുക

നഗരത്തിൽ കടന്നുവരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനും, ഉത്സവ സമയങ്ങളിൽ വൺവേ ട്രാഫിക് ക്രമീകരണങ്ങൾക്കും, ഒരു അടിപ്പാതയിൽ എന്തെങ്കിലും സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിനും ഉതകും വിധംഓച്ചിറ റെയിൽവേ സ്റ്റേഷൻ റോഡിൽ അടിപ്പാത നിർമ്മിക്കുക..

ഗുരുമന്ദിരം, തൻവീർ സെൻട്രൽ സ്കൂൾ വടക്കേ ജുമാ മസ്‌ജിദ് എന്നിവയ്ക്ക് സമീപം നടപ്പാതയ്ക്കായി അടിപ്പാത നിർമ്മിക്കുക

എന്നീ ആവശ്യങ്ങളുയർത്തി വിഭജന മതിലിനെതിരെ ‘മനുഷ്യച്ചങ്ങല’
ഡിസംബർ 27 ശനി വൈകിട്ട് 4.00ന് നടത്തുമെന്ന് ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ, ഭാരവാഹികളായ അയ്യാണിക്കൽ മജീദ്, രാജുമോൻ, കബീർ എൻസൈൻ, ഈസക്കുട്ടി എന്നിവർ പറഞ്ഞു,

50,000 രൂപ കൈക്കൂലി വാങ്ങി; പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

ചെറുതോണി: കെട്ടിടം ക്രമവൽക്കരിച്ച് നൽകി നികുതി അടയ്ക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവർസിയറും ഉടുമ്പൻഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കി സേനാപതി സ്വദേശിയായ എച്ച് വിഷ്ണുവിനെയാണ് വിജിലൻസ് പിടികൂടിയത്.

ഉടുമ്പൻഞ്ചോല സ്വദേശിയായ പരാതിക്കാരൻ ചതുരംഗപ്പാറ വില്ലേജിൽ വാങ്ങിയ വസ്തുവിൽ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാൻ തയ്യാറാക്കി ഉടുമ്പൻഞ്ചോല ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ റോഡിൽ നിന്നുള്ള അകലത്തിൽ അവ്യക്തതയുള്ളതിനാൽ അപാകതകൾ പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിയ്ക്കാൻ അറിയിപ്പ് നൽകി. തുടർന്ന് കെട്ടിടത്തിന്റെ പ്ലാനിലെ അപാകതകൾ പരിഹരിച്ച ശേഷം വിഷ്ണുവിനെ നേരിൽ കണ്ടപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കടമുറിയുടെ നിർമാണം പൂർത്തീകരിച്ച ശേഷം അപേക്ഷ നൽകിയാൽ മതിയെന്നും അപ്പോൾ കെട്ടിട നികുതി സ്വീകരിക്കാനുള്ള നടപടികൾ ചെയ്തുതരാമെന്നും പറഞ്ഞാണ് ഓവർസീയർ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

കെട്ടിട നിർമാണം പൂർത്തിയായതിന് ശേഷം പരാതിക്കാരൻ ഓവർസിയറെ ബന്ധപ്പെട്ടപ്പോൾ പണം കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ ഇടുക്കി വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലി വാങ്ങവെ വിഷ്ണുവിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

2025ൽ മാത്രം 55 കേസുകളിലായി ഉദ്യോ​ഗസ്ഥരും ഇടനിലക്കാരുമുൾപ്പെടെ 74 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

”ബ്ലോസ്സമിങ്ങ് വിത്ത് ബട്സ്” പ്രകാശനം നടന്നു

തിരുവനന്തപുരം. കെ.എസ് .എം ഡി.ബി .കോളേജ് ശാസ്താംകോട്ട, ബോട്ടണി വിഭാഗം അധ്യാപിക  ലക്ഷ്മി ശ്രീകുമാർ  രചിച്ച ”ബ്ലോസ്സമിങ്ങ് വിത്ത് ബട്സ്” എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശന കർമ്മം തിരുവനന്തപുരം കെ. കെ .എം ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടത്തി. ബി.എസ്.എസ്. ആൾ ഇന്ത്യ ചെയർമാനും, നേച്ചർ ക്ലബ്ബ് വേൾഡ് വൈഡിന്റെ ചെയർമാനുമായ     ഡോ. ബി.എസ്.ബാലചന്ദ്രൻ  ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളമനോരമ ബിസ്സിനസ്സ് എഡിറ്റർ പി കിഷോർ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ദക്ഷിണ മേഖല ഐ. ജി. ശ്യാം സുന്ദർ ,പ്രശസ്ത
ഇ.എൻ. ടി സർജൻ ഡോ.ജോൺ പണിക്കർ,
ധാക്കയിലെ
ബിംസ്റ്റെക്ക് ഡയറക്ടർ പ്രശാന്ത് ചന്ദ്രൻ ,കേരഫെഡ് എംഡി സാജു കെ സുരേന്ദ്രൻ,
കേരള കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് കുമാർ ,
  ഡോ. സൂരേഷ്കുമാർ ,  കേരളകൗമുദി സീനിയർ എഡിറ്റർ.  രാജീവ് , ചാർട്ടേഡ് അക്കൗണ്ടൻ്റ്
കെ.എസ്.മധു,പ്രൊഫ.ബീനാ രവീന്ദ്രൻ,
മഞ്ജു ബി.എസ്.
തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
”ബ്ലോസ്സമിങ്ങ് വിത്ത് ബട്സ്”
എന്നത് കവിതകളുടെയും ചിത്രങ്ങളുടെയും ഒരു സമാഹാരമാണ്. ഈ പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും 9-ാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീറാം ചന്ദ്രന്റെതാണ്

തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിലും കോര്‍പ്പറേഷന്റെ സത്യപ്രതിജ്ഞ രാവിലെ 11.30 ന് ക്യു.എ.സി ഗ്രൗണ്ടിലും നടക്കും. കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് മുതിര്‍ന്ന അംഗത്തിന് പ്രതിജ്ഞ ചൊല്ലി നല്‍കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും വരണാധികാരികള്‍ ആദ്യ അംഗത്തിന് പ്രതിജ്ഞ ചൊല്ലി നല്‍കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. ചടങ്ങിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയില്‍ വീണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയില്‍ വീണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം. കൂത്താട്ടുകുളത്താണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. പാലക്കുഴ തോലാനി കുന്നേല്‍ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്.
പാലക്കുഴയില്‍ നിന്ന് കൂത്താട്ടുകുളത്തേയ്ക്ക് പോകുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സോഫിയ കവലയില്‍ വച്ചാണ് സുധീഷിന്റെ തലയില്‍ തേങ്ങ വീണത്. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ഉള്‍പ്പെടെ റോഡിന്റെ വശത്തെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
അപകടത്തിന് പിന്നാലെ സുധീഷിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയില്‍ കഴിയവേ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. പാലക്കുഴയില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു സുധീഷ്. ഷോപ്പിലേക്കാവശ്യമായ പോളിഷിംഗ് സാധനങ്ങള്‍ എടുക്കുന്നതിനായി കൂത്താട്ടുകുളത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ടി20 ലോകകപ്പ്; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു…. സഞ്ജു സാംസണ്‍ ടീമില്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി. ബിസിസിഐ ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഫോം ഔട്ടായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഓപ്പണര്‍ ഇഷാന്‍ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിങും ലോകകപ്പ് ടീമിലുണ്ട്. ജിതേഷ് ശര്‍മയെ തഴഞ്ഞതും ശ്രദ്ധേയമായി.

ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ അക്ഷര്‍ പട്ടേലാണ് ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റന്‍. ലോകകപ്പില്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പോരാട്ടത്തിലും ഇതേ ടീമായിരിക്കും കളിക്കുക. 15 അംഗ സംഘത്തെയൊണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഗില്ലിനെ ഒഴിവാക്കിയതിനാല്‍ തന്നെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണായിരിക്കും ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുക.
ലോകകപ്പ് ടീമിനൊപ്പം ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 11 മുതല്‍ 31 വരെയാണ് ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പര.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ്, ജസ്പ്രിത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങള്‍. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്‍, യുഎസ്എ, നമീബിയ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ എതിരാളികള്‍. ഫെബ്രുവരി ഏഴിന് യുഎസ്എയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.

ശ്രീനിയുടെ ഓര്‍മകളില്‍ ചിന്താവിഷ്ടയായ ശ്യാമള

ശ്രീനിവാസന്റെ വിയോഗത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്യാമളയുടെ വേഷമിട്ട സംഗീത മാധവന്‍. എക്കാലവും മലയാളികളുടെ മനസില്‍ ഇടം നേടിയ ചിത്രം കൂടിയായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
”ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ 19 വയസാണ് പ്രായം. ബാലതാരമായിരുന്നതുകൊണ്ട് സംവിധായകന്‍ പറയുന്നത് മാത്രമാണ് അഭിനയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ശ്യാമളയെ ജനങ്ങള്‍ ഇന്നും ഓര്‍ക്കുന്നു എന്നതിന്റെ കാരണക്കാരന്‍ ശ്രീനി സാര്‍ ആണ്. മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ്. എന്റെ സിനിമാ കരിയറില്‍ മുന്നില്‍ നില്‍ക്കുന്ന പേര് അദ്ദേഹത്തിന്റെ തന്നെയാണ്”, നടി സംഗീത പറയുന്നു.

”അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എനിക്ക് കിട്ടിയ ഭാഗ്യമാണ്. ആ ഓര്‍മകള്‍ എല്ലാം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. ശ്യാമളയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെ വില അറിഞ്ഞിരുന്നില്ല. അപ്പോള്‍ ഞാന്‍ ഒരുപാട് പടങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയമാണ്, ആ സിനിമകളില്‍ ഒന്നുമാത്രമായിരുന്നു എനിക്ക് ശ്യാമള. പക്ഷേ അത് റിലീസ് ആയി കഴിഞ്ഞ് എനിക്ക് കിട്ടിയ സ്വീകാര്യതയും അംഗീകാരവും ആണ് സിനിമയെക്കുറിച്ചും അതിന്റെ വിലയെ കുറിച്ചും എന്നെ ബോധവതി ആക്കിയത്. ശ്രീനി സാറിനെ എന്റെ വീട്ടിലെ എല്ലാവര്‍ക്കും എനിക്കും വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലെ കഥാപാത്രങ്ങളും അദ്ദേഹം സിനിമയ്ക്ക് നല്‍കിയ സംഭാവനകളും ഒക്കെ വളരെ വലുതാണ്”.
”അസുഖം ബാധിച്ച ശേഷം ഞാന്‍ വീട്ടില്‍ പോയി കണ്ട ശ്രീനി സാര്‍ ഞാന്‍ മുമ്പ് കണ്ട ശ്രീനി സാര്‍ ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ നര്‍മം കലര്‍ത്തിയുള്ള സംസാരരീതി അതിന് അന്നും മാറ്റമില്ലായിരുന്നു. വയ്യെങ്കിലും സര്‍ അത്രയും സന്തോഷത്തോടെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് സാറിനെ അങ്ങനെ കാണുന്നത് ഇഷ്ടമല്ല, അത്രയും സജീവമായി നടന്ന വ്യക്തി, സര്‍ സാധാരണ സംസാരിക്കുന്നതും ചിരിക്കുന്നതും പോലെയേ അല്ല. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമാണ്”, സംഗീത പറഞ്ഞു.

കൊല്ലത്ത് നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ചു അപകടം…!, പരിക്കേറ്റ നാലുപേര്‍ ആശുപത്രിയില്‍

കൊല്ലം നിലമേല്‍ പുതുശേരിയില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. ആംബുലന്‍സിലുണ്ടായിരുന്ന നാലുപേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടപ്പ് രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

ഒരു കാര്‍ ആംബുലന്‍സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം കാര്‍ നിര്‍ത്താതെ പോയി.

മലയാളത്തിലെ മനോഹരമായ സിനിമക്കാലം ; 48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം

കൊച്ചി:നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ. ഹാസ്യത്തിനും ചിന്തയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ രചനകളും തന്മയത്വമുള്ള അഭിനയ ശൈലിയും മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്

മലയാളിയുടെയും മലയാളി ജീവിതത്തിന്റെയും കണ്ണാടിയായിരുന്നു ശ്രീനിവാസൻ. ആകാരസൗഷ്ഠവത്തിനപ്പുറം അഭിനയമാണ് നായകന്റെ കരുത്തെന്ന് മലയാളത്തെ ബോധ്യപ്പെടുത്തിയ നടൻ. ആക്ഷേപഹാസ്യവും ആത്മപരിഹാസവും സാമൂഹ്യവിമർശനവും നിറച്ച കഥാപാത്രങ്ങൾ. സാധാരണക്കാരൻ എന്ന അസ്തിത്വത്തെ അവ ആഘോഷിച്ചു. അമിതമായ ചലനങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ലാത്ത ശ്രീനിവാസൻ കഥാപാത്രങ്ങൾ ഹാസ്യത്തിന് പുതിയ ഭാഷ രചിച്ചു.

നാടോടിക്കാറ്റി’ലെ ദാസൻ, ‘സന്ദേശ’ത്തിലെ പ്രഭാകരൻ, ‘കഥ പറയുമ്പോഴിലെ ബാർബർ ബാലനും അറബിക്കഥയിലെ ക്യൂബ മുകുന്ദനും ഉദയനാണ് താരത്തിലെ സരോജ് കുമാറും മലയാളിക്ക് മറക്കാനാകാത്ത വേഷങ്ങളായി. ഹാസ്യവേഷങ്ങളും സ്വഭാവ റോളുകളും നായകവേഷങ്ങളും ശ്രീനിവാസന് ഒരുപോലെ ഇണങ്ങി.

കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന ഗ്രാമത്തിൽ, അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി 1956ൽ ജനിച്ച ശ്രീനിവാസൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം, 1977-ൽ മദ്രാസ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി. പ്രശസ്ത നടൻ രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ

സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൂടെയും ഡബ്ബിംഗ് ആർട്ടിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു.

ശ്രീനിവാസൻ എന്ന കലാകാരന്റെ പ്രതിഭ പൂർണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേർക്കുന്നത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽപ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങൾ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.

സംവിധായകന്റെ കുപ്പായത്തിലും ശ്രീനിവാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അപകർഷതാബോധമുള്ള ഒരു ഭർത്താവിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി. ഒരു ഗ്രാമീണന്റെ സാമൂഹിക കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അപൂർവ അനുഭവങ്ങളിലൊന്നായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ശ്രീനിവാസനെ തേടിയെത്തി.
മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സംഭാവനകൾ നൽകിയാണ് ശ്രീനിവാസൻ വിട വാങ്ങുന്നത്. കാലാതിവർത്തിയായ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ പ്രേക്ഷകഹൃദയങ്ങളിൽ അനശ്വരനായി തുടരുക തന്നെ ചെയ്യും.