Home Blog Page 1229

ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസറാകാം; അപേക്ഷ ക്ഷണിച്ചു

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി 514 ഒഴിവുണ്ട്.

പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കും.

അപേക്ഷയോടൊപ്പം ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്ക് bankofindia.bank.in സന്ദർശിക്കുക. അവസാന തീയതി: ജനുവരി അഞ്ച്.

പുതുവർഷത്തിൽ വർക്ക് ലൈഫ് ബാലൻസ് നിലനിർത്താം; ഈ ശീലങ്ങൾ പതിവാക്കൂ

തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും ഒരു മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളും സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിനെയാണ് വർക്ക് ലൈഫ് ബാലൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വർക്ക് ലൈഫ് ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉത്പാദനക്ഷമത വർധിപ്പിക്കാനും സാധിക്കുകയുള്ളു. പ്രധാനമായും രണ്ട് രീതിയിൽ നിങ്ങൾക്ക് വർക്ക് ലൈഫ് ബാലൻസ് ചെയ്യാൻ കഴിയും. ഒന്ന് ജോലിയും വ്യക്തിപരമായ ജീവിതവും വേർതിരിച്ച് കൊണ്ടുപോകുക, രണ്ടാമത്തേത് ഇവ രണ്ടും സംയോജിപ്പിച്ച് മുന്നോട്ട് പോകുക. ഓരോരുത്തരുടെയും സാഹചര്യത്തിന് അനുസരിച്ച് ഇത് തെരഞ്ഞെടുക്കാവുന്നതാണ്.

വർക്ക് ലൈഫ് ബാലൻസിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാം

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

വർക്ക് ലൈഫ് ബാലൻസ് ഉണ്ടാകുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാനും ക്ഷീണം ഒഴിവാക്കാനും സാധിക്കും. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഉത്പാദനക്ഷമത വർധിക്കുന്നു

വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിലൂടെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും കാര്യക്ഷമതയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാനും സാധിക്കും.

ശാരീരിക ആരോഗ്യം

ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിലൂടെ സാധിക്കും. ഇത് മുടക്കമില്ലാതെ വ്യായാമങ്ങൾ ചെയ്യാനും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ സമയം കണ്ടെത്താനും നിങ്ങളെ സഹായിക്കുന്നു.

ബന്ധങ്ങൾ ദൃഢമാക്കുന്നു

വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിലൂടെ കുടുംബാംഗങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചിലവഴിക്കാൻ സാധിക്കും. ഇത് ബന്ധങ്ങളെ കൂടുതൽ ദൃഢമുള്ളതാക്കുന്നു.

തൊഴിൽ സംതൃപ്തി

ജോലിയോടുള്ള താല്പര്യവും സംതൃപ്തിയും വർധിപ്പിക്കാൻ വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിലൂടെ സാധിക്കും.

വർക്ക് ലൈഫ് ബാലൻസ് മെച്ചപ്പെടുത്താൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലാൻ വേണം

വ്യക്തിപരമായ സമയങ്ങൾ ഒരിക്കലും ജോലിക്ക് വേണ്ടി മാറ്റിവെയ്ക്കരുത്. കൃത്യമായ സമയത്തിനുള്ളിൽ ജോലികൾ ചെയ്തു തീർക്കാൻ ശ്രദ്ധിക്കണം. ജോലി സമയം, പുറത്തുപോകുന്ന സമയം എന്നിവ കൃത്യമായി പ്ലാൻ ചെയ്യണം.

ശ്രദ്ധ കേന്ദ്രീകരിക്കാം

ജോലി സമയങ്ങളിൽ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കാൻ സഹായിക്കുന്നു. രാത്രിയിലും വീക്കെൻഡിലും ജോലി ചെയ്യുന്ന ശീലം ഒഴിവാക്കാം.

ഒന്നിൽകൂടുതൽ ജോലികൾ ചെയ്യരുത്

ഒരേസമയം ഒന്നിൽകൂടുതൽ ജോലികൾ ചെയ്യരുത്. ജോലികൾ ചെയ്യാൻ ഒരു സമയവും മീറ്റിംഗുകൾക്ക് മറ്റൊരു സമയവും സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ക്ഷീണം അകറ്റാനും, കാര്യക്ഷമത കൂട്ടാനും സഹായിക്കുന്നു.

വിശ്രമം എടുക്കണം

ദിവസം മുഴുവനും ജോലിയിൽ ആയിപ്പോകരുത്. ഇടയ്ക്കിടെ വിശ്രമം എടുക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷം ലഭിക്കാൻ സഹായിക്കുന്നു.

മാറിനിൽക്കാം

അവധിയുള്ള ദിവസങ്ങളിൽ ജോലിക്കാര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ ശ്രദ്ധിക്കണം. ഈ സമയങ്ങൾ വ്യക്തിപരമായ ജീവിതത്തിന് മാറ്റി വയ്ക്കാം.

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം

ദിവസം മുഴുവനും ജോലിഭാരങ്ങളും ജോലിക്കാര്യങ്ങളും ഓർത്തിരിക്കേണ്ടതില്ല. ജോലി സംബന്ധമായ വിഷയങ്ങൾ ഓഫിസിൽ തന്നെ തീർക്കുക. വീടെത്തിയാൽ അവിടത്തെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.

എപ്സ്റ്റീൻ ഫയലിൽ ട്രംപിനെതിരെ ഗുരുതര പരാമർശം; യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാമർശം തള്ളി യുഎസ് നീതിന്യായ വകുപ്പ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന എപ്സ്റ്റീൻ ഫയലിലെ പരാമർശം തള്ളി നീതിന്യായ വകുപ്പ്. സ്ഥിരീകരിക്കാൻ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനിൽ ഉൾപ്പെട്ടത്. ഈ ആരോപണം ശരിയല്ലെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.

ട്രംപ് വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാമർശം. ചൊവ്വാഴ്ചയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഫെഡറൽ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴികളും ഉൾപ്പെട്ടിരുന്നു. ഇതിലാണ് ട്രംപിനെതിരായ ആരോപണം ഉൾപ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മിൽ ചർച്ച നടത്തുന്നത് താൻ കേട്ടുവെന്നാണ് മൊഴി. എന്നാൽ ഈ മൊഴികളിൽ എഫ്ബിഐ തുടർ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.

30000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ഈ രേഖകൾ എഫ്ബിഐക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ഇത് പൂർണമായും അസത്യമാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്.

‘ഒതുക്കു’ന്തോറും ട്രംപിനെ മുറുക്കുന്ന ‘എപ്സ്റ്റീൻ’ എന്ന ഊരാക്കുരുക്ക്

ട്രംപ് തെറ്റ് ചെയ്തതായി സംശയമുണ്ടെന്നോ ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവെന്നോ ഫെഡറൽ നിയമ നിർവ്വഹണ ഏജന്റുമാരോ പ്രോസിക്യൂട്ടർമാരോ ഫയലുകളിൽ ഒരിടത്തും പറയുന്നില്ലെന്ന് നീതിന്യായ വകുപ്പ് ഊന്നിപ്പറഞ്ഞു. അതേസമയം യുഎസ് ഡിപ്പാർട്ട്മെന്‍റ് പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് അതിജീവിത രംഗത്തെത്തി. 2009ലാണ് അതിജീവിത എപ്സ്റ്റീനിന്റെ അതിക്രമത്തിനിരയായത്. വൈകാതെ അവർ എഫ്ബിഐക്ക് പരാതിയും നൽകി. കോടതി എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ഭാര്യയെ സംശയം, ഒന്നര വർഷമായി പിരിഞ്ഞ് ജീവിക്കുന്നു; ഡിവോഴ്സ് നോട്ടീസ് അയച്ച യുവതിയെ വെടിവെച്ച് കൊന്ന് ഭർത്താവ്

ബെംഗളൂരു: ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭാര്യയെ വെടിവച്ച് കൊന്നു. ബെംഗളൂരു ബസവേശ്വര നഗറിലാണ് ക്രൂരമായ സംഭവം നടന്നത്. യൂണിയൻ ബാങ്ക് അസിസ്റ്റന്‍റ് മാനേജർ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസിൽ കീഴടങ്ങി.

ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി പൊലീസ് പറയുന്നു. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്. മുൻ സോഫ്ട്‍വെയർ എഞ്ചിനീയറാണ് ബാലമുരുകൻ. ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒന്നര കൊല്ലമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു.

‘ഇനി മേയർ സ്ഥാനത്തേക്കില്ല, മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതിയുണ്ട്’; കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വർഗീസ്

കൊച്ചി: മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ട്. കൂടുതൽ കൗൺസിലർമാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു.

തുല്യ വോട്ടുകൾ വന്നാൽ രണ്ടു ടേം വേണമെന്നായിരുന്നു കെപിസിസി നിർദേശം. എന്നാൽ കൂടുതൽ വോട്ടുകൾ കിട്ടിയെന്ന് പറയുന്ന ആളല്ല മേയറായത്. ഒരു സ്ഥാനവും ആരും തനിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ സ്ഥാനം പ്രതീക്ഷിച്ച് പാർട്ടിയിൽ നിൽക്കുന്ന ആളല്ല താൻ. രാഷ്ട്രീയപ്രവർത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകും എന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകയുകയാണ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി സർക്കുലർ തെറ്റിച്ചാണ് മേയറെ തീരുമാനിച്ചതെന്ന് ദീപ്തി മേരി വർഗീസ് ഇന്നലെ ആരോപിച്ചിരുന്നു. കോർ കമ്മറ്റി കൂടുമെന്ന് പറഞ്ഞ് പറ്റിച്ചു. നാലരക്ക് യോഗം വിളിച്ചു. എന്നാൽ 3.50 ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷും ദീപ്തിയെ വെട്ടിയതില്‍ അതൃപ്തി പരസ്യമാക്കി. ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയിൽ പ്രതിപക്ഷ നേതാവിനെതിരെയാണ് എം ആർ അഭിലാഷ് വിമർശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡണ്ടും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിലരുടെ വ്യക്തി താൽപര്യങ്ങളാണ് മേയർ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിൻ്റെ വില പോലും നൽകിയില്ലെന്നും അഭിലാഷ് പ്രതികരിച്ചു.

റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരണം: ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു

മധ്യപ്രദേശിലെ ദേവാസ് നഗരത്തിൽ റെയിൽവേ ട്രാക്കിൽ റീൽസ് നിർമ്മിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു.


ബിരാഖേഡി റെയിൽവേ ക്രോസിംഗിന് സമീപമുള്ള ട്രാക്കിൽ ചൊവ്വാഴ്ചയാണ് അപകടം. അലോക്, സണ്ണി യോഗി എന്നിങ്ങനെ 16 വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഇൻഡസ്ട്രിയൽ ഏരിയ പോലീസ് പറഞ്ഞു.


രണ്ട് ആൺകുട്ടികളും ചേർന്ന് വളരെക്കാലമായി സോഷ്യൽ മീഡിയയിൽ റീൽസ് നിർമ്മിക്കുന്നുണ്ട്. നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നവരാണ്. പുതിയ റീൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി ട്രാക്കിൽ ചിത്രീകരണം നടത്തുകയായിരുന്നു. ഇരു ട്രാക്കിലും ട്രെയിൻ വരുമ്പോഴായിരുന്നു ചിത്രീകരണം. എന്നാൽ എതിർ വശത്ത്   ഇൻഡോർ-ബിലാസ്പൂർ ട്രെയിൻ കുതിച്ച് വരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടില്ല.

എന്റെ പൊന്നേ!…. ഇത് എങ്ങോട്ടാണ്….

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.
ഇന്നലെ പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കണ്ണൂര്‍: തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കണ്ണൂർ ചെണ്ടയാട് സ്വദേശി മഞ്ജിമ പി.രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് 6000 രൂപ വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.

റോഡരികില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചുള്ള യുവ ഡോക്ടർമാരുടെ രക്ഷാദൗത്യം വിഫലം… കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി

കൊച്ചി: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് മൂന്ന് യുവ ഡോക്ടർമാർ അടിയന്തര വൈദ്യസഹായം നൽകിയ യുവാവ് മരിച്ചു. പത്താനാപുരം സ്വദേശി വി.ഡി ലിനു(40) ആണ് മരണത്തിന് കീഴടങ്ങിയത്. എറണാകുളം ഉദയംപേരൂരിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതില്‍ ലിനുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തം വാര്‍ന്ന് ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ലിനു. ഈ സമയം അതുവഴി യാത്രചെയ്തിരുന്ന ഡോക്ടർമാരാണ് ലിനുവിന് അടിയന്തര വൈദ്യസഹായം നൽകി ആശുപത്രിയിലെത്തിച്ചത്. എന്നാൽ തുടർ ചികിത്സക്കിടെയാണ് ലിനു മരണത്തിന് കീഴടങ്ങിയത്.

റോഡരികിൽ മൊബൈൽ ഫ്‌ളാഷ് ലൈറ്റുകളുടെ വെട്ടത്തിലായിരുന്നു ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ.തോമസ് പീറ്റർ, ഭാര്യ ഡോ.ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ.മനൂപ് എന്നിവർ ചേർന്ന് ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് ചെറിയ പ്ലാസ്റ്റിക് സ്‌ട്രോ കടത്തി ശ്വസനം വീണ്ടെടുത്തിരുന്നത്.ഉടൻ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ ലിനു മരിക്കുകയായിരുന്നു.

പികെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി

കൊൽക്കൊത്ത. പികെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി

മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം

കൊൽക്കത്തയിൽ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ പോകുമ്പോഴാണ് മോഷണം

ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി

ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്