പാലക്കാട് . നെന്മാറ വിത്തിനശ്ശേരിയിൽ കഴിഞ്ഞദിവസം കൂട്ടിൽ അകപ്പെട്ട പുലിയെ ഒരു മാസം മുമ്പ് പ്രദേശത്ത് നിന്ന് ഓടിച്ച റോക്കിയെ ഓർമ്മയുണ്ടോ, പ്രദേശത്ത് പുലിയുണ്ട് എന്ന് വ്യക്തമാക്കിയത് റോക്കിയുടെ ധീരതയാണ്. വിത്തിന ശേരിയിലെ ഈ വളർത്തു നായ ആള് ചില്ലറക്കാരനല്ല.
കഴിഞ്ഞ കുറെ കാലങ്ങളായി നെന്മാറ സ്വദേശികളുടെ ഉറക്കം കെടുത്തി ഭീതിയിലാക്കിയ പുലിയാണ് വിത്തിനശേരി സ്വദേശി ശശിയുടെ വളർത്തു നായക്ക് മുമ്പിൽ പേടിച്ച് വിറച്ചു ഓടി പോയത്. പട്ടിയുമായി രാത്രി കശപിശയുണ്ടാക്കിയതാരാണെന്ന് രാവിലെ സിസിടിവി നോക്കിയ വീട്ടുകാർ നടുങ്ങിപ്പോയി. പുലിയെ മൽപ്പിടുത്തതിലൂടെ വളർത്തുനായ റോക്കി ഓടിക്കുന്നത് കണ്ട് ജനം അമ്പരന്നു. വിഡിയോ വൈറലായി. റോട്ട് വീലറിൻ്റെ മാർക്കറ്റ് കുതിച്ചുയർന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് മേഖലയിൽ പുലിയുണ്ട് എന്ന ജനങ്ങളുടെ ആശങ്ക വനം വകുപ്പും കണക്കിലെടുക്കുന്നത് പിന്നീട് ഉടനടി പ്രദേശത്ത് കൂട് സ്ഥാപിച്ചു.പിന്നാലെ പുലി കൂട്ടിൽ കുടുങ്ങി.
ഇതോടെ പുലിയെ കീഴ്പ്പെടുത്തിയ ശശിയുടെ റോട്ട് വീലർ നായെ അന്വേഷിച്ച് എത്തുകയാണ് പലരും.
റോക്കിയുടെ വൈറൽ വീഡിയോക്ക് പിന്നാലെ പുലി കൂട്ടിൽ അകപ്പെട്ടതോടെ തൽക്കാലത്തേക്ക് എങ്കിലും ആശ്വാസത്തിലാണ് പ്രദേശവാസികൾ റോക്കിക്ക് നന്ദി പറയുകയാണീ നാട്.
പുലിക്ക് പുല്ലു വിലയിട്ട റോക്കിയെ മറക്കരുത്, തന്നെ അകത്താക്കാൻ വന്ന പുലിയെ ‘അകത്താക്കി’യത് റോക്കിയുടെ ധൈര്യം
കോവൂരിൽ ഒരാഴ്ച മുമ്പ് വാഹനാപകടത്തിൽ മരിച്ച മാതാവിൻ്റെ സഞ്ചയനം ഇന്ന് നടക്കാനിരിക്കെ മകൻ ആത്മഹത്യ ചെയ്ത നിലയിൽ
ശാസ്താംകോട്ട:വാഹനാപകടത്തിൽ മരിച്ച മാതാവിൻ്റെ സഞ്ചയന ദിവസത്തിൻ്റെ തലേന്ന് മകൻ ആത്മഹത്യ ചെയ്തു.മൈനാഗപ്പള്ളി കോവൂർ കാവിന്റെ മേലെതിൽ ശാന്തമ്മയുടെയും പരേതനായ
രാജൻ പിള്ളയുടെയും മകൻ കലേഷ് (45) ആണ് മരിച്ചത്.മാതാവ് ശാന്തമ്മയുടെ
സഞ്ചയനം ഞായർ നടക്കാനിരിക്കെയാണ് മകൻ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച കോവൂർ തോപ്പിൽ മുക്കിൽ ബസ് തട്ടിയാണ് ശാന്തമ്മ മരണപ്പെട്ടത്.ഇന്നലെ രാവിലെയോടെയാണ് കലേഷ് മരിച്ചതെന്ന് കരുതപ്പെടുന്നു.എന്നാൽ വൈകിട്ടാണ് ബന്ധുക്കൾ മൃതദ്ദേഹം കാണുന്നത്.മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് രാജൻപിള്ള എട്ടുവർഷം മുമ്പ് തേവലക്കര ചേന്നങ്കര ജംക്ഷനിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ അടിയിൽ പെട്ടാണ് മരിച്ചത്.
മാതാവ് ശാന്തമ്മയും കലേഷുമായിരുന്നു വീട്ടിൽ താമസം.കലേഷ് അവിവാഹിതനായിരുന്നു.മാതാവ് മരണപ്പെട്ടതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.കഴിഞ്ഞ
ഞായറാഴ്ച ചവറയിലുള്ള മകളുടെ വീട്ടിലേക്ക് പോകാൻ തോപ്പിൽമുക്കിലേക്ക് വരികയായിരുന്ന ശാന്തമ്മ സ്റ്റോപ്പിൽ നിർത്തി ഇട്ടിരുന്ന ബസിൽ കയറുന്നതിന് വേണ്ടി ബസിന് മുന്നിലൂടെ ഓടി വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.ഇതിനിടയിൽ മുന്നോട്ട് എടുത്ത ബസ് ശാന്തമ്മയെ തട്ടുകയും റോഡിൽ വീണ ഇവരുടെ കാലിലൂടെ പിൻചക്രം കയറി ഇറങ്ങുകയുമായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കല,കവിത എന്നിവരാണ് കലേഷിൻ്റെ സഹോദരങ്ങൾ.കലേഷിൻ്റെ സംസ്ക്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും.
പാണ്ടിമേളം പെയ്തിറങ്ങി;ആസ്വദിക്കാൻ മണ്ണൂർക്കാവിൽ എത്തിയത്ആയിരങ്ങൾ
മൈനാഗപ്പള്ളി:മേളപ്രമാണി ചെറുശ്ശേരി കുട്ടൻമാരാരും, 51 സംഘവും പൂര പൊലിമ ചാർത്തി നടത്തിയ പാണ്ടിമേളം മണ്ണൂർകാവ് ഉത്സവത്തിന് മാറ്റേകി.ഒമ്പതാം ഉത്സവ ദിനമായ ഇന്ന് ക്ഷേത്ര മൈതാനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചെമ്പടയിൽ തുടങ്ങി ത്രിപുടയിൽ അവസാനിച്ച പാണ്ടിമേളം അതീവ ശ്രേഷ്ഠമായി.ചടങ്ങിൽ തൃശ്ശൂർ പൂരം തിരുവമ്പാടി മേള പ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ട ചെറുശ്ശേരി കുട്ടന്മാരാരെ മണ്ണൂർക്കാവ് ക്ഷേത്ര ഭരണസമിതി പൊന്നാടയണിയിച്ച് ആദരിച്ചു.ആസ്വദിക്കാൻ മണ്ണൂർക്കാവിൽ എത്തിയത്
ആയിരങ്ങളാണ്.മണ്ണൂർകാവിൽ ഞായർ ദശദിന ഉത്സവത്തിന് കോടിയിറങ്ങും.രാവിലെ 6 ന് സോപാനസംഗീതം, 3 ന് വർണ്ണശബളമായ കെട്ടുകാഴ്ച ചിത്തിരവിലാസം സ്കൂൾ ജംഗ്ഷനിൽ കേന്ദ്രീകരിച്ച് അവിടെ നിന്നും ക്ഷേത്രത്തിലേക്ക് ക്രമമായി എത്തിച്ചേരും.തുടർന്ന് മണ്ണൂർക്കാ വ് ഭഗവതിയുടെ തിരുവെഴുന്നള്ളത്ത്, വലിയ കാണിക്ക, കുതിര കാണൽ ദീവാരാധന, 9 ന് കോട്ടയം മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള,ഗംഭീര വെടിക്കെട്ട് എന്നിവയാണ് പരിപാടികൾ.
ഇന്ന് രാവിലെ 11 വരെ ക്ഷേത്രത്തിൽ പറയിടാവുന്നതാണ്.
ശാസ്താംകോട്ട ഡിവൈഎസ്പി ഓഫിസ് താലൂക്കാസ്ഥാനത്തുനിന്ന് പോവില്ല
ശാസ്താംകോട്ട. ഡിവൈഎസ്പി ഓഫിസ് താലൂക്കാസ്ഥാനത്തുനിന്ന് പോവില്ല. ടൗണില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുവേണ്ടി മുന്‍പ് മാറ്റിയ സ്ഥലത്തിന് മുന്നിലായി 18 സെന്‍റ് ഭൂമി കണ്ടെത്തി. ഈ ഭൂമി പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലിരുന്നതായിരുന്നു അത് കെട്ടിത്തിരിച്ച് പൊലീസ് വകുപ്പിന് കൈമാറാന്‍ പഞ്ചായത്ത് നീക്കം തുടങ്ങി.
ഡിവൈഎസ്പി ഓഫീസിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നത് ശൂരനാട് പൊലീസ് സ്റ്റേഷനുപിന്നിലേക്കുമാറുന്നതിന് തീരുമാനിച്ചത് ഏറെ പരാതിക്കിടയാക്കിയിരുന്നു. അതേസമയം ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ ടൗണില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ തടാകതീരത്തു തുടരുന്നതിന്ു പരിഹാരം ഇനിയും ആയിട്ടില്ല. ഡിവൈഎസ്പി ഓഫീസിനൊപ്പം ഒരു ഔട്ട് പോസ്റ്റ് സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
ശാസ്താംകോട്ട തടാക ദുരന്തത്തിന്‍റെ 44 ആം വാർഷികം ആചരിച്ചു
ശാസ്താംകോട്ട .തടാക ദുരന്തത്തിന്‍റെ 44 ആം വാർഷികം ശാസ്താംകോട്ട അമ്പലക്കടവിൽ നടന്നു. 1982 ജനുവരി 16നാണ് കേരളത്തെ നടുക്കിയ 24 പേരുടെ ജീവൻ പൊലിഞ്ഞ തോണി അപകടം ഉണ്ടായത്. ശാസ്താംകോട്ട ആഴ്ച ചന്തയിൽ നിന്നും സാധനങ്ങളും വാങ്ങി തൊട്ടടുത്ത ഗ്രാമമായ പടിഞ്ഞാറേ കല്ലടയിലേക്ക് യാത്രതിരിച്ച വള്ളമാണ് അക്കരെ വെട്ടോലി ക്കടവിന് സമീപത്ത് ഏതാനും മീറ്ററുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ മരണമടഞ്ഞ 24 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 24 ദീപങ്ങൾ തെളിയിച്ചുകൊണ്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം കലാദേവി ത്രിതല പഞ്ചായത്ത് അംഗങ്ങളായ അരവിന്ദ്, ഇന്ദു, അമൃത ലക്ഷ്മി, ബിന്ദു ഗോപാലകൃഷ്ണൻ, കൃഷ്ണലേഖ,നൂറുദ്ദീൻ കുട്ടി, ശരത്,ഹരി കുറിശ്ശേരി, നിസാം,അജിതകുമാർ എന്നിവർ സംസാരിച്ചു. അപകടത്തിൽ രക്ഷപ്പെട്ട പ്രസന്നനെ ചടങ്ങിൽ ആദരിച്ചു. കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
ദൈവത്തെ അറിയാന്‍ മതം മാറേണ്ട സാഹചര്യമില്ല- ഗവർണർ

തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്തു
കൊല്ലം (തുരുത്തിക്കര). എല്ലാ മതങ്ങളും ഒന്നാണ്. എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് കാണാന്‍ കഴിയാത്ത ഒരേ ശക്തിയെ ആണ്. ദൈവത്തിലേക്ക് എത്തിച്ചേരാന്‍ പല വഴികളുണ്ട്. ഓരോരുത്തരും അവരവരുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ വഴികള്‍ സ്വീകരിക്കുന്നുവെന്നു മാത്രം . ഒരാളെയും അവരുടെ മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ടതില്ല. എന്തിനാണ് നമ്മള്‍ മറ്റൊരാളുടെ വിശ്വാസത്തെ മാറ്റാന്‍ ശ്രമിക്കുന്നത്. ദൈവത്തെ കണ്ടെത്തുന്നതിന് മതം മാറേണ്ട കാര്യമില്ലെന്നും വിശ്വാസത്തെ മുറുകെ പിടിച്ചാല്‍ മതിയെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ജിവിതത്തിൽ വിജയിക്കാൻ ദൈവത്തിൽ വിശ്വാസം വേണം. വിശ്വാസത്തിലേക്കുളള വഴി തിരിച്ചറിയലാണ്. വിശ്വാസത്തെ പിന്തുടരുന്നത് ദൈവത്തോടുളള സേവനമാണ്. അത് മനുഷ്യന് ധൈര്യവും ദിശയും നല്‍കുന്നു. സര്‍വ്വശക്തനായ ദൈവത്തിന്റെ അസ്തിത്വത്തെ തിരിച്ചറിയാത്തവരാണ് അതിനെ വെല്ലുവിളിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ നാം മറ്റുളളവരെ ബഹുമാനിക്കണം. അത് നാം നമ്മളെ ബഹുമാനിക്കുന്നതിനു തുല്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ശതാബ്ദി ആഘോഷങ്ങൾ ഒരു ദേവാലയത്തിൻ്റെ മാത്രം ആഘോഷമല്ല, അതൊരു വിശ്വാസത്തിൻ്റെയും സമൂഹത്തിൻ്റെയും ആഘോഷമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മാർത്തോമ്മാ സഭ പരമാധ്യക്ഷൻ മോസ്റ്റ് റൈറ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, അടൂർ ഭദ്രസനാധിപൻ റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ജോയ് ജോണ്‍ തുരുത്തിക്കര, റവ. എ. ധര്‍മ്മിഷ്ഠ പണിക്കര്‍, റവ. കിരണ്‍ ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സുവനീർ പ്രകാശനം, ചാരിറ്റി ഫണ്ട് സ്വീകരണം, പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനം, ലോഗോ പ്രകാശനം, ശതാബ്ദി മെമ്മോറിയൽ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം എന്നിവയും ചടങ്ങില്‍ നടന്നു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ പി.ടി., ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശിവശങ്കരപ്പിള്ള, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. ജോൺ മാത്യു, കരിന്തോട്ടുവ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് വികാരി ഫാ. കാലേബ്, വിജയറാണി കത്തോലിക്കാ ചർച്ച് വികാരി ഫാ. ജസ്റ്റിൻ ജോസഫ്, കരിന്തോട്ടുവ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. പ്രവീൺ സാം പണിക്കർ, കുന്നത്തൂർ ശാലോം മാർത്തോമ്മാ ചർച്ച് വികാരി റവ. സുബിൻ എം. മാത്യൂ, ബോംബെ ഐ.പി.സി. സീനിയർ പാസ്റ്റർ ജോൺസൺ ചാക്കോ, കരിന്തോട്ടുവ സാൽവേഷൻ ആർമി ചർച്ച് മേജർ ജോൺ, വൈ.എം.സി.എ. പ്രതിനിധി ഫാ. സോളു കോശി രാജു, റവ. വി. കുഞ്ഞുകോശി, റവ. വൈ. ജോർജ്, വാർഡ് മെംബർ എൻ. രാജി, പ്രോഗ്രാം കൺവീനർ വൈ. തോമസ്, റവ. എബി ഉമ്മൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ഇടവകയിലെ മുൻ ഭാരവാഹികളെയും 80 വയസ്സിന് മുകളിലുള്ള അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഉന്നത വിജയം നേടിയവരെയും പരിപാടിയില്‍ ആദരിച്ചു. തുടർന്ന് ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ മാർഗംകളി, കോൽകളി, നൃത്തപരിപാടികൾ എന്നിവ അരങ്ങേറി . അമൃത ടിവി സൂപ്പർ ഫാമിലി റിയാലിറ്റി ഷോ ഫെയിം രാജേഷ് അടിമാലി അവതരിപ്പിച്ച സംഗീതസന്ധ്യയും നടന്നു.
ഇന്ന്( ജനുവരി 18 ഞായറാഴ്ച ) ഇടവക ദിനത്തോടനുബന്ധിച്ച് വൈകിട്ട് 4 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും ആദ്യ കുർബാന ശുശ്രൂഷയ്ക്കും അഭിവന്ദ്യ യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് സ്നേഹവിരുന്നോടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഔദ്യോഗിക സമാപനമാകും.
ഫോട്ടോ: തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ മോസ്റ്റ് റൈറ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, കൊടിക്കുന്നിൽ സുരേഷ് എം.പി, ജോയ് ജോണ്‍ തുരുത്തിക്കര, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, റവ. എ. ധര്‍മ്മിഷ്ഠ പണിക്കര്‍, റവ. വി. കുഞ്ഞുകോശി എന്നിവര്‍ സമീപം
ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത രണ്ടുപേരെ അടിച്ചുകൊന്നു
തിരുവള്ളൂർ( തമിഴ് നാട്) .നടുറോഡിൽ രണ്ടുപേരെ അടിച്ചുകൊന്നു. നാല് പേർ പിടിയിൽ ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തത് പ്രകോപനം
തമിഴ്നാട് തിരുവള്ളൂരിൽ രണ്ടുപേരെ അടിച്ചുകൊലപ്പെടുത്തി. തിരുപ്പതി-ചെന്നൈ ദേശീയ പാതയിൽ ഒണ്ടിയക്കുപ്പത്താണ് ആക്രണം.ഒണ്ടിക്കുപ്പം സ്വദേശികളായ പാർത്ഥിപൻ, സുകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിലുണ്ട്. കേസിൽ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.മർദന ദൃശ്യങ്ങൾപ്രചരിച്ചു.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അമിതവേഗത്തിൽ ബൈക്കോടിച്ചത് ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. മൂന്നുപേരെയും റോഡിലിട്ട് കല്ലുകൊണ്ടും വടികൊണ്ടും മർദിച്ചു. യുവാക്കൾ ബോധരഹിതരായപ്പോൾ തിരികെ പോയി. പൊലിസെത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും കൊല്ലപ്പെട്ടുവെന്ന് മനസിലായത്. മർദനത്തിൽ ഗുരുതര പരുക്കേറ്റ കേശവമൂർത്തിയെ തിരുവള്ളൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു അന്വേഷണം. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികൾ പൊലിസ് വലയിലായി. ഒണ്ടിക്കുപ്പം സ്വദേശികളായ ജവഹർ,വിനോദ്കുമാർ,ജ്യോതിഷ്,നാലകണ്ഠൻ എന്നിവരാണ് പിടിയിലായത്. സംഭവസമയം ഇവർ മദ്യപിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ബൈക്കോടിച്ചത് ചോദ്യം ചെയ്ത ദേഷ്യത്തിൽ മർദിയ്ക്കുകയായിരുന്നുവെന്ന് പ്രതികൾ പൊലിസിന് മൊഴി നൽകി. അറസ്റ്റ് ചെയ്യാൻ പൊലിസെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടെ വീണ് രണ്ട് പ്രതികൾക്ക് കാലിനും കൈക്കും പരുക്കേറ്റു.



































