Home Blog Page 1139

അംഗൻവാടി ടീച്ചർ പതിവായി കുട്ടികളെ മർദ്ദിക്കുന്നതായി കാണിച്ച് പോലീസിൽ പരാതി

കോഴിക്കോട് മാറാട് കൈതവളപ്പിൽ അംഗൻവാടി ടീച്ചർ പതിവായി കുട്ടികളെ മർദ്ദിക്കുന്നതായി കാണിച്ച് പോലീസിൽ പരാതി.ഭാവന അംഗൻവാടി ടീച്ചർ ശ്രീകലക്കെതിരെയാണ് പരാതി നൽകിയത്.കുട്ടികളെ മർദ്ദിച്ചിട്ടില്ലെന്ന് ടീച്ചർ വിശദീകരിച്ചു.മാറാട് പൊലീസ് കേസെടുത്തു

നാല് വയസുകാരനെ അംഗൻവാടിയിൽ വെച്ച് ടീച്ചർ സ്റ്റീൽ സ്കെയിൽ വച്ച് മർദ്ദിച്ചതോടെയാണ് കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്.കഴിഞ്ഞ ആറിനാണ് സംഭവം.

മൂത്രമൊഴിപ്പിക്കാൻ താത്പര്യമില്ലാത്തതിനാൽ കുട്ടികൾക്ക് വെളളം കൊടുക്കുന്നില്ലെന്നും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും സഹായം നൽകുന്നില്ല ഭക്ഷണം കൃത്യമായി നൽകുന്നില്ല ഇതൊക്കെയാണ് ടീച്ചർക്കെതിരായ പരാതികൾ.ഇതോടെ അംഗൻവാടിയിലേക്ക് പോകാൻ മടിക്കുകയാണ് കുട്ടികൾ പലരും

എന്നാൽ മർദനമുണ്ടായിട്ടില്ലെന്നാണ് ശ്രീകല ടീച്ചർ വിശദീകരിക്കുന്നത്.ആകെ 9 കുട്ടികൾ ഉളളതിൽ അഞ്ച് പേരുടെ രക്ഷിതാക്കളും അധ്യാപികക്കെതിരെ പരാതി നൽകിയിട്ടുണ്ട്.സംഭവത്തിൽ മാറാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭി

ശബരിമലയിൽ സ്വർണ്ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

തിരുവനന്തപുരം. ശബരിമലയിൽ സ്വർണ്ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം. കട്ടിളപ്പാളിയിലെയും ദ്വാരപാലകശില്പ പാളിയിലെയും സ്വർണ്ണത്തിൻ്റെ അളവിൽ കുറവ് വന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.പാളികളുടെ കാലപ്പഴക്കത്തിലും സംശയമുള്ളതായി സൂചന.നിർണായകഫലം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശബരിമലയിലെ സ്വർണ്ണം നഷ്ടമായെന്നു ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു.
1998 ൽ യുബി ഗ്രൂപ്പ് സ്വർണ്ണം പൊതിഞ്ഞ് നൽകിയ പാളികളിലെ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ട് വന്ന പാളികളിലെ സ്വർണ്ണത്തിന്റെ അളവും താരതമ്യം ചെയ്തുള്ള പരിശോധനയാണ് വി.എസ്.എസ്.സിയിൽ നടത്തിയത്.പഴയ പാളിയിൽ നിന്നും പുതിയ പാളിയിൽ നിന്നും നിശ്ചിത അളവിൽ മുറിച്ചെടുത്ത ശേഷം അതിലെ സ്വർണ്ണത്തിന്റെ അളവ് താരതമ്യം ചെയ്യുകയായിരുന്നു.പുതിയ പാളികളിൽ പൂശിയിരിക്കുന്ന സ്വർണത്തിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി.ഇതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവന്ന പാളികളിൽ നിന്ന് സ്വർണം മോഷണം നടന്നതായി സ്ഥിരീകരിച്ചത്.പാളികളുടെ മൊത്തം വലിപ്പവുമായി താരതമ്യം ചെയ്തശേഷം എത്ര അളവിൽ സ്വർണം നഷ്ടമായിട്ടുണ്ട് എന്നും ഈ റിപ്പോർട്ടോടെ കണ്ടെത്താനാണ് എസ്ഐടിയുടെ ശ്രമം.

നാളെ ഹൈക്കോടതിയിൽ നൽകുന്ന ഇടക്കാല റിപ്പോർട്ടിൽ മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിൻറെ അളവ് വ്യക്തമാക്കിയേക്കും.അതോടൊപ്പം പാളികളുടെ കാലപ്പഴക്കവും പരിശോധിച്ചിരുന്നു.നിലവിലുള്ള പാളികൾക്ക് കാലപ്പഴക്കം കുറവാണെന്ന് വന്നാൽ ശബരിമലയിലെ യഥാർത്ഥ പാളികൾ പൂർണ്ണമായും അടിച്ചുമാറ്റി ഡ്യൂപ്ലിക്കറ്റ് പാളിയാണ് തിരികെ എത്തിച്ചതെന്ന് വിലയിരുത്തും.ഇത്തരത്തിൽ വൻ കൊള്ളാ നടന്നിട്ടുണ്ടെന്നും വിഎസ് എസ് സി ഫലത്തിൽ ഉണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.ഇത്തരത്തിൽ പാളികൾ ഒന്നാകെ കവര്‍ന്നതായി തെളിഞ്ഞാൽ ശബരിമലയിലെ സ്വർണക്കൊള്ളയുടെ വ്യാപ്തി വർദ്ധിക്കും.അതിനാൽ തന്നെ നാളത്തെ
ഹൈകോടതിയുടെ നീക്കങ്ങൾ നിർണ്ണായകമാണ്.

വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും

കോട്ടയം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങനല്ലേയെന്ന് സുകുമാരൻ നായർ ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറ‍ഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു എന്നും സുകുമാരൻ നായർ വിമർശിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെ പി സി സി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ എൻ എസ് എസ് ജനറൽ സെക്രട്ടറിയും സതീശനെതിരെ കടുപ്പിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.

എസ് എൻ ഡി പി – എൻ എസ് എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻ എസ് എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം തള്ളി. മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസ്സമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച അദ്ദേഹം, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു. എൻ എസ് എസിന് പാർലമെന്‍ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലിം വിരോധിയല്ല. ലിഗീനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് എസ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചു. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നത് എന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.

ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായ പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ എനിക്കെതിരെ ഒരൂ ആരോപണവും ഇതുവരെ ഉയന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി സ്ഥീരീകരിച്ചു… രോഗം സ്ഥിരീകരിച്ചത് കാക്കയില്‍

കണ്ണൂര്‍: ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥീരീകരിച്ചു. കാക്കയില്‍ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കണ്ണൂര്‍ റീജണല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാക്കയില്‍ രോഗ ബാധ കണ്ടെത്തിയത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജനങ്ങളില്‍ പനി, ശ്വാസകോശ അണുബാധ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചത് കാക്കയിലായതിനാല്‍ പ്രഭവ കേന്ദ്രം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ചത്ത പക്ഷികളെ ആഴത്തില്‍ കുഴിയെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് ഇട്ട് നഗരസഭ പൊതുജനാരോഗ്യ വിഭാഗം സംസ്‌കരിക്കും.
ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കാക്കകളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാര്‍ഡിലുമായി പതിനാറോളം കാക്കകള്‍ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നാണ് കണ്ടെത്തല്‍. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിര്‍ണയ ലാബില്‍ നടത്തിയ പരിശോധനയിലാണു രോഗബാധ സ്ഥിരീകരിച്ചത്.

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു. ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞിരുന്ന 20കാരിയാണ് മരിച്ചത്. മണിപ്പൂര്‍ കലാപത്തിനിടെ പുറത്തുവന്ന നടുക്കുന്ന വാര്‍ത്തയായിരുന്നു മെയ്തേ വിഭാഗക്കാരായ ഒരു സംഘം കുക്കി വിഭാഗത്തില്‍ നിന്നുള്ള 18കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. 2023 മെയ് മാസത്തിലായിരുന്നു സംഭവം. നീതിക്കായി പോരാടിയ യുവതി നീതി ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ഗുവാഹത്തിയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പീഡിപ്പിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ് മാത്രമാണുണ്ടായിരുന്നത്. 2023 ഡിസംബര്‍ 15ന് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോവുകയായിരുന്ന യുവതിയെ ആക്രമണകാരികള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് യുവതിയെ ആയുധധാരികളായ മറ്റൊരു സംഘത്തിന് കൈമാറുകയും അവിടെവച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി അക്കാലം മുതല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആദ്യഘട്ടത്തില്‍ മണിപ്പൂരില്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കും തുടര്‍ച്ചയായ അണുബാധയുമാണ് യുവതിയുടെ മരണത്തിന് കാരണമായത്. ഗര്‍ഭാശയത്തിന് ഉള്‍പ്പെടെ പരിക്കേറ്റ നിലയിലാണ് പെണ്‍കുട്ടിയുണ്ടായിരുന്നത്. മരിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 20 വയസായിരുന്നു.

മെയ്‌തേ തീവ്ര വിഭാഗത്തില്‍പ്പെട്ട നാല് പേരുടെ സംഘമാണ് കുന്നിന്‍മുകളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട പെണ്‍കുട്ടി വിവസ്ത്രയായാണ് നഗരത്തിലേക്ക് എത്തിയത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞു കുഴഞ്ഞുവീണു മരിച്ച സംഭവം,പിതാവ് കസ്റ്റഡിയിൽ

നെയ്യാറ്റിൻകര. ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞു കുഴഞ്ഞുവീണു മരിച്ച സംഭവം.പിതാവ് കസ്റ്റഡിയിൽ.കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ പോലീസ് ചോദ്യം ചെയ്തു.ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ മരിച്ചത്.ഷിജിൽ വാങ്ങി കൊണ്ടുവന്ന ബിസ്ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നൽകിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണ് മരിച്ചത്

വായിൽ നിന്ന് നുരയും പതയും വരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരികയും ചെയ്തതായി കൃഷ്ണപ്രിയയുടെ മൊഴി.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമായി കൃഷ്ണപ്രിയയുടെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.കുഞ്ഞ് നിലത്ത് വീണോ എന്ന് അസ്വാഹിത വിഭാഗത്തിലെ ഡോക്ടർ രക്ഷിതാക്കളോട് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.എന്നാൽ ഒരാഴ്ച്ച മുമ്പ് കുഞ്ഞ് വീണ് കൈക്ക് വളവ് ഉണ്ടായത് കാരണം കാരക്കോണം മെഡിക്കൽ കോളേജിൽ നിന്ന് പ്ലാസ്റ്റർ ഇട്ടിരുന്നു. വയറിൽ ക്ഷതം ഏറ്റിരുന്നതായി സംശയമുണ്ട്

പൊസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകു എന്ന് പോലീസ്

ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി,റിപ്പോർട്ട്‌ തേടും

കണ്ണൂര്‍. ആദിവാസി വയോധികയ്ക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന പരാതി. പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പേരാവൂർ പഞ്ചായത്തിൽ നിന്ന് റിപ്പോർട്ട്‌ തേടും. ബിജെപി നൽകിയ പരാതിയിലാണ് നടപടി

തൊഴിൽ നിഷേധിച്ച തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെടും. തൊഴിൽ നിഷേധിക്കപ്പെട്ട ആദിവാസി വയോധിക ലക്ഷ്മി ഇതുവരെ പരാതി നൽകിയിട്ടില്ല. വ്യാഴാഴ്ചയാണ് സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ലക്ഷ്മിക്ക് തൊഴിൽ നിഷേധിച്ചത്. തൊഴിലുറപ്പ് പണിക്ക് ആളുകൾ കൂടുതൽ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാർ നൽകുന്ന വിശദീകരണം

നിയമസഭ , കോൺഗ്രസ്‌ നേതൃത്വത്തിന് മുന്നിൽ പ്രതിസന്ധിയായി കൊച്ചി

കൊച്ചി.നിയമസഭ തെരഞ്ഞെടുപ്പ്. കോൺഗ്രസ്‌ നേതൃത്വത്തിന് മുന്നിൽ പ്രതിസന്ധിയായി കൊച്ചി സീറ്റ്‌. കൊച്ചി സീറ്റിൽ പ്രാദേശികവാദം ശക്തമാകുന്നു.കൊച്ചി സീറ്റിൽ കൊച്ചിയിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്ന് നിയോജക മണ്ഡലം UDF കൺവീനർ ജോൺ പഴയേരി.കൊച്ചിയിൽ UDF തോൽവിക്ക് കാരണം പുറത്തുനിന്നുള്ള സ്ഥാനാർഥി മത്സരിച്ചത്

കൊച്ചിക്കാരനായ സ്ഥാനാർഥി വന്നാൽ UDF ന് ജയം ഉറപ്പ്.സഭ നേതൃത്വവും ആവശ്യപ്പെടുന്നത് കൊച്ചിക്കാരനായ സ്ഥാനാർഥിയെയാണ്. കൊച്ചിക്കാരൻ സ്ഥാനാർഥി മതിയെന്ന ആവശ്യവുമായി നോട്ടീസുകൾ. സേവ് യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രതിക്ഷപ്പെട്ടിരിക്കുന്നത്

ബസ്സ് സ്റ്റാൻഡ് പരിസരത്ത് അജ്ഞാതമൃതദേഹം

തിരുവല്ല. കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് അജ്ഞാതമൃതദേഹം.രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മരിച്ച ആൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ദുരൂഹതയില്ലെന്ന് പോലീസ്. ബസ്റ്റാൻഡിന് സമീപത്തെ ഓട്ടോ ഡ്രൈവർമാരാണ് മൃതദേഹം ആദ്യം കണ്ടത്