ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഇന്ന്, കൊല്ലം പത്തനാപുരത്തെ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി, 100 വർഷം പൂർത്തിയാക്കുക എന്നത് വളരെ കുറച്ച് സ്ഥാപനങ്ങൾക്ക് മാത്രം കൈവരിക്കാൻ കഴിയുന്ന “അവിസ്മരണീയമായ നാഴികക്കല്ലാണ്” എന്ന് വിശേഷിപ്പിച്ചു. ഒരു നൂറ്റാണ്ടുകാലം വ്യക്തികളുടെ മനസ്സിനെ രൂപപ്പെടുത്തുന്നതിനും സ്വഭാവം വളർത്തുന്നതിനും ഭാവി കെട്ടിപ്പടുക്കുന്നതിനുമായി വിദ്യാലയം ചെലവഴിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലമുറകളായി ഇവിടുത്തെ വിദ്യാർഥികൾ ഉത്തരവാദിത്വമുള്ള ജനങ്ങളായും നേതാക്കളായും പ്രൊഫഷണലുകളായും സഹാനുഭൂതിയുള്ള മനുഷ്യരായും വളർന്നുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതൊരു സ്ഥാപനത്തിന്റെയും യഥാർഥ കരുത്ത് അതിന്റെ അടിസ്ഥാന സൗകര്യങ്ങളിലല്ല, മറിച്ച് അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ ആഘോഷം ഭൂതകാലത്തെക്കുറിച്ച് മാത്രമല്ല, ഭാവികൂടി മുൻനിർത്തിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയും നൂതനാശയ ഉപജ്ഞാതാക്കളും നയിക്കുന്ന, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, വിദ്യാഭ്യാസം പാഠപുസ്തകങ്ങൾക്കും അപ്പുറമാകണമെന്നും അത് വിമർശനാത്മക ചിന്തയും സഹാനുഭൂതിയും കരുത്തും സത്യസന്ധതയും വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. വലിയ സ്വപ്നങ്ങൾ കാണാനും കഠിനാധ്വാനം ചെയ്യാനും വിനയമുള്ളവരായിരിക്കാനും സ്കൂളിൽ നിന്ന് പകർന്നു കിട്ടിയ മൂല്യങ്ങൾ മുറുകെപ്പിടിക്കാനും അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.
ലഹരിമരുന്നുകളോട് “അരുത്” എന്ന് പറയാൻ ഉപരാഷ്ട്രപതി വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. സമൂഹത്തെ ബാധിച്ചിട്ടുള്ള ഏറ്റവും വലിയ ശാപങ്ങളിലൊന്നാണ് ലഹരി ദുരുപയോഗമെന്ന് പറഞ്ഞ അദ്ദേഹം, ലഹരിക്കെതിരായ പ്രചാരണം മതങ്ങൾക്കും ഭാഷകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അതീതമായ ജനകീയ മുന്നേറ്റമായി മാറണം എന്നതിന് ഊന്നൽ നൽകി.
സമൂഹത്തെ സേവിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഉണ്ടാകുന്ന ആരോഗ്യകരമായ മത്സരം ആശാവഹവും സ്വാഗതാർഹവുമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയത്തിന്റെ പാരമ്പര്യത്തെ ദേശീയ കാഴ്ചപ്പാടുമായി കൂട്ടിയിണക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
2047-ലെ ഇന്ത്യ രൂപപ്പെടുന്നത് ഇന്നത്തെ വിദ്യാർഥികളുടെ ആശയങ്ങളിലൂടെയും മുൻകൈകളിലൂടെയുമായിരിക്കുമെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. കേവലം വ്യക്തിപരമായ വിജയത്തിന് വേണ്ടി മാത്രമല്ല, സമൂഹത്തിൽ മികച്ച മാറ്റം സൃഷ്ടിക്കാനും അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു.
ശതാബ്ദിയെ നവീകരണത്തിന്റെ കാലമായി വിശേഷിപ്പിച്ച അദ്ദേഹം, സ്കൂൾ അതിന്റെ രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ ധാർമികവും സാംസ്കാരികവുമായ അടിത്തറയിൽ ഉറച്ചുനിന്ന്, ആധുനിക വിദ്യാഭ്യാസ മുന്നേറ്റങ്ങളെ നെഞ്ചിലേറ്റുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വെറും പരീക്ഷാ വിജയികളെ മാത്രമല്ല, മറിച്ച് രാജ്യനിർമ്മാണത്തിന് പ്രതിജ്ഞാബദ്ധരായ, ഉത്തരവാദിത്വമുള്ള ജനങ്ങളെ തുടന്നും വാർത്തെടുക്കാൻ അദ്ദേഹം വിദ്യാലയത്തോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിനും സാമൂഹ്യവികസനത്തിനും കേരളം നൽകുന്ന ശക്തമായ ഊന്നൽ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ പോലുള്ള സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ കീർത്തിക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും നിരീക്ഷിച്ചു.
ഭൂതകാലത്തെ ആദരിക്കുകയും വർത്തമാനകാലത്തെ ആഘോഷിക്കുകയും ഭാവിക്കായി സജ്ജമാകുകയും ചെയ്യുന്ന അർഥവത്തായ പരിപാടികളോടെയാകണം ശതാബ്ദിവർഷം അടയാളപ്പെടുത്തേണ്ടതെന്ന് ഉപസംഹരിക്കവേ ഉപരാഷ്ട്രപതി പറഞ്ഞു.
പത്തനാപുരം മൗണ്ട് താബോർ ദയറയിലുള്ള നാല് മെത്രാപ്പോലീത്തമാരുടെ വിശുദ്ധ കബറിടത്തിൽ ഉപരാഷ്ട്രപതി പുഷ്പാർച്ചനയും നടത്തി.
ശതാബ്ദി ആഘോഷങ്ങളിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക, വിനോദസഞ്ചാര സഹമന്ത്രി ശ്രീ സുരേഷ് ഗോപി, കേരള ഗതാഗത മന്ത്രി ശ്രീ കെ.ബി. ഗണേഷ് കുമാർ, കേരള ധനമന്ത്രി ശ്രീ കെ.എൻ. ബാലഗോപാൽ, ലോക്സഭാംഗം ശ്രീ കൊടിക്കുന്നിൽ സുരേഷ്, പൗരസ്ത്യ കാതോലിക്ക ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ, കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, മൗണ്ട് താബോർ ദയറ സുപ്പീരിയർ യുനാൻ സാമുവൽ റമ്പാൻ, മൗണ്ട് താബോർ ദയറ സെക്രട്ടറി ഫിലിപ്പ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
എണ്ണ ടാങ്കറിന് നേരെ ഇറാന് ആക്രമണം…. ടാങ്കറിൽ ജീവനക്കാരായി ഇന്ത്യക്കാരും
ഒമാന് തീരത്തോട് ചേര്ന്ന് ഹോര്മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന എണ്ണ ടാങ്കറിന് നേരെ ഇറാന് ആക്രമണം. പലാവു പതാക വഹിച്ച എണ്ണ ടാങ്കറിന് നേരെയാണ് ഒമാന്റെ മുസന്ദം ഭാഗത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില് കുറഞ്ഞത് നാല് പേര്ക്ക് പരിക്കേറ്റതായി ഒമാന്റെ മാരിടൈം സെക്യൂരിറ്റി സെന്റര് (എംഎസ്സി) പറഞ്ഞു.
15 ഇന്ത്യക്കാരും അഞ്ച് ഇറാനിയന് പൗരന്മാരും ഉള്പ്പെടെ 20 പേരടങ്ങുന്ന ജീവനക്കാരാണ് സ്കൈലൈറ്റ് എന്ന എണ്ണ ടാങ്കറില് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്ട്ട്. മുസന്ദത്തിലെ ഖസബ് തുറമുഖത്ത് നിന്ന് അഞ്ച് നോട്ടിക്കല് മൈല് അകലെ നടന്ന ആക്രമണത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. എന്നാല്, ആക്രമണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അധികൃതര് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകള് പതിച്ചതായും റിപ്പോര്ട്ടുകളുണ്ട്. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകള് വീണത്. ജനവാസ മേഖലയില് നടന്ന ആക്രമണത്തില് പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.
ലോകത്തിലെ ഏറ്റവും സെന്സിറ്റീവ് സമുദ്ര ചോക്ക്പോയിന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗോള എണ്ണ കപ്പലുകളുടെ തന്ത്രപ്രധാനമായ പാതയാണ് ഹോര്മുസ് കടലിടുക്ക്. ഇടുങ്ങിയ ഇടനാഴിയിലൂടെ ഒരു കപ്പലും കടന്നുപോകാന് അനുവദിക്കുന്നില്ലെന്ന് ഇറാന് നാവികസേന അവകാശപ്പെട്ട റേഡിയോ മുന്നറിയിപ്പ് ഇന്നലെ ഒരു മുന്നറിയിപ്പിനായി ഒരുങ്ങി.
ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം,പ്രതികള് സുഹൃത്തുക്കള്,കാരണം ലഹരി
പെരുമ്പാവൂര് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം. പ്രഭാദ് ചന്ദ്ര വർമയെ കൊന്നത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന്. കൊന്നത് ഇരുവരും ചേർന്ന് മർദിച്ച്. സംഭവം മേത്തലയിലെ കിംഗ് പ്ലൈവുഡ് മുന്നിൽ വെച്ച്
ലഹരിയുപയോഗത്തിനിടെയുണ്ടായ തർക്കമാണ് കാരണം. പ്രഭാദിനൊപ്പം ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളാണ് പ്രതികൾ. പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിൽ
മുതുപിലാക്കാട് കിഴക്ക് പ്രദീപ് ഭവനത്തിൽ കെ വി രവീന്ദ്രൻ പിള്ള അന്തരിച്ചു
മുതുപിലാക്കാട് കിഴക്ക്. പ്രദീപ് ഭവനത്തിൽ വിരമിച്ച സൈനികൻ കെ.വി.രവീന്ദ്രൻ പിള്ള(81) അന്തരിച്ചു. ഭാര്യ. ശശികല എൽ മക്കൾ :പ്രദീപ് ആർ പിള്ള ( അദ്ധ്യാപകൻ,ഗവ.എൽ .പി .ജി . എസ് , മണ്ണടി ) പ്രീയകല(അദ്ധ്യാപിക,സെന്റ്.ജോൺസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ,അമ്പലത്തും കാല) മരുമക്കൾ: സുരഭി ജെ പി (അദ്ധ്യാപിക, ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ശാസ്താംകോട്ട ) , കൃഷ്ണകുമാർ എസ്( കെ എസ് ആർ ടി സി, കൊട്ടാരക്കര )സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്
ടെൻഡറായിട്ടും കരാറുകാർ വരാതെ മുട്ടം – മണക്കടവ് തീരദേശ റോഡ്
മണ്റോത്തുരുത്ത്. രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അനുവദിച്ച മുട്ടം – മണക്കടവ് തീരദേശ റോഡിനുള്ള നിർമാണ പ്രവൃത്തികൾ രണ്ടു തവണ ടെൻഡർ ചെയ്തിട്ടും കരാറുകാരാരും ഇതു വരെയും പ്രവൃത്തി ഏറ്റെടുക്കാൻ മുന്നോട്ടു വന്നിട്ടില്ല.
ഒന്നാം എൽ. ഡി.എഫ് സർക്കാരിന്റെ കാലയളവിൽ ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടത്തിയ ഓണമ്പലം മുതൽ മുട്ടം വരെയുള്ള 4കി. മീറ്റർ വരുന്ന ഒന്നാംഘട്ട പണികൾ രണ്ടുവർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു.
നവകേരള സദസ്സിൽ ഓരോ നിയമസഭാ മണ്ഡലത്തിനും വേണ്ടി അനുവദിച്ച 7 കോടിയിൽ നിന്നും 3.50 കോടി ഉപയോഗിച്ചാണ് കുണ്ടറ മണ്ഡലത്തിലെ പേരയം പഞ്ചായത്തിലൂടെ കടന്നു പോകുന്ന,രണ്ടാം ഘട്ടമായ മുട്ടം – കൈതയ്ക്കൽ-റോഡ് കടവ്-മണക്കടവ് തീരദേശ റോഡ് പ്രഖ്യാപിച്ചത്. ഏകദേശം 9 കി. മീറ്റർ നീളം വരുന്ന റോഡാണിത്. കഴിഞ്ഞ നവംബർ 4 ന് ഇതിനുള്ള ഭരണാനുമതി നൽകുകയും നിർവഹണചുമതല തദ്ദേശ സ്വയം ഭരണവകുപ്പിന് കൈമാറുകയും ചെയ്തതാണ്.തുടർന്ന് രണ്ട് തവണ പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും കരാറുകാരാരും പണി ഏറ്റെടുക്കാൻ മുന്നോട്ടു വന്നിട്ടില്ല.

ഒരു റോഡിന്റെ രണ്ട് റീച്ചുകൾ രണ്ട് വകുപ്പുകൾ വഴി നടപ്പാക്കുന്നത് വഴിയുണ്ടാകാവുന്ന സങ്കീർണതകളോ മറ്റു ആശയ ക്കുഴപ്പങ്ങളോ തടസമാണെങ്കിൽ, അവ അടിയന്തരമായി പരിഹ രിക്കാൻ നടപടിയുണ്ടാകണമെന്ന്, കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ് കോസ് ആവശ്യപ്പെട്ടു.
കല്ലട മേഖലയിലെ സമഗ്ര വികസനത്തിന് സഹായകരമായ ഓണമ്പലം- മണക്കടവ് തീരദേശ റോഡ് മൂന്നാംഘട്ടമായി ഇടിയക്കടവ് വരെ നീട്ടാനും കക്കാട്ട് കടവിൽ പാലം നിർമിച്ച് ഇടിയ ക്കടവ് – പേഴുംതുരുത്ത് റോഡുമായി ബന്ധിപ്പിക്കാനും നടപടി വേണമെന്ന് ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണനും സെക്രട്ടറി ആർ. അശോകനും ആവശ്യപ്പെട്ടു.
എസ്. സോമരാജൻ, എൻ. അംബുജാക്ഷപണിക്കർ, കളത്തറ ശാന്തകുമാർ, എ.കെ.സഹജൻ,വി. എസ്. പ്രസന്നകുമാർ, ഡി. ശിവപ്രസാദ്,കിടങ്ങിൽ മഹേന്ദ്രൻ,പി. വിനോദ് എന്നിവർ പങ്കെടുത്തു.
സിബിഎസ്ഇ പരീക്ഷകൾ മാറ്റി
ദുബായ്: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ സിബിഎസ്ഇ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളാണ് മാറ്റിയത്. ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമായിട്ടുള്ളത്.
ഇതുസംബന്ധിച്ച് സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും ഈ രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും പരീക്ഷാ മാറ്റം സംബന്ധിച്ച അറിയിപ്പ് സിബിഎസ്ഇ നൽകിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മൂന്നാം തീയതിയിലെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ചും ആലോചനകൾ നടക്കുന്നുണ്ട്.
ചൊവ്വാഴ്ച നടത്തുന്ന അവലോകനത്തിന് ശേഷം മാർച്ച് അഞ്ച് മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കും. വിദ്യാർഥികൾ കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.
ഡൽഹി സബോർഡിനേറ്റ് സർവീസിൽ എൻജിനിയർ/ഓഫീസർ; അപേക്ഷ ക്ഷണിച്ചു
ഡൽഹി സർക്കാരിനു കീഴിലുള്ള വകുപ്പുകളിലെയും ബോർഡുകളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലീഗൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എന്നീ തസ്തികകളിലായി 911 ഒഴിവുണ്ട്. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനായി പരീക്ഷ നടത്തും.
അവസാന തീയതി: മാർച്ച് 25. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും dsssbonline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് ആക്രമിച്ച് ജനക്കൂട്ടം,വെടിവയ്പില് 9 പേർ കൊല്ലപ്പെട്ടു
വാഷിങ്ടൺ. ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് ആക്രമിച്ച് ജനക്കൂട്ടം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ കൊലപാതകത്തിനെതിരെയാണ് ഇറാൻ അനുകൂലികളുടെ പ്രതിഷേധം നടന്നത്. സംഘർഷത്തിലും വെടിവെപ്പിലും 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. “കറാച്ചിയിലെ സിവിൽ ആശുപത്രികളിലേക്ക് എട്ട് മൃതദേഹങ്ങൾ മാറ്റി. സംഘർഷത്തിൽ 20 പേർക്ക് പരിക്കേറ്റുവെന്നും എദി ഫൗണ്ടേഷൻ റെസ്ക്യൂ സർവീസ് വക്താവ് മുഹമ്മദ് അമിൻ പറഞ്ഞു.
പലർക്കും വെടിയേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും അമീൻ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഷിയ മുസ്ലീങ്ങൾ ആദരിക്കുന്ന ഖമേനിയുടെ കൊലപാതകമാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ എത്താനിടയാക്കിയത്. പ്രധാന ഗേറ്റ് കടന്ന് കോൺസുലർ കെട്ടിടത്തിന്റെ ഡ്രൈവ്വേയിലേക്ക് എത്തിയ പ്രതിഷേധക്കാർ കോൺസുലേറ്റ് ഓഫീസിലെ ജനാലകൾ തകർത്തു.
കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. “കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് ഞങ്ങൾ തീയിടുകയാണ്. ദൈവം നിശ്ചയിച്ചിരിക്കുന്നു, ഞങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും.” പ്രതിഷേധക്കാർ പറഞ്ഞു. തീയിടാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇറാനെ പിന്തുണച്ച് പാക്കിസ്ഥാന്റെ വിവിധ മേഖലകളിൽ പ്രതിഷേധം നടന്നു. ഐക്യരാഷ്ട്രസംഘടനയുടെ ഒരു പ്രാദേശിക ഓഫിസടക്കം നിരവധി കെട്ടിടങ്ങൾ അടിച്ചുതകർത്തു.
ഖമേനിയുടെ താല്ക്കാലിക പിന്ഗാമി, അയത്തൊള്ള അലിറേസ അറാഫി
ടെഹ്റാന്: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്ക്കാലിക പിന്ഗാമിയായി അയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചു. മുതിര്ന്ന മതപണ്ഡിതനാണ് അലിറേസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തൊള്ള അലിറേസ അറാഫി. അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക.
ഇറാന്റെ ഭരണഘടനാ സംവിധാനത്തിന് കീഴില്, അയത്തൊള്ള അലിറേസ അറാഫിക്ക് പുറമെ, രാജ്യത്തിന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈന് മൊഹ്സെനി-എജെയ് എന്നിവര് ഇടക്കാല കൗണ്സിലില് ഉള്പ്പെടുന്നു. നിലവില് ഇറാനിലെ ശക്തമായ ഗാര്ഡിയന് കൗണ്സിലിന്റെ ഡെപ്യൂട്ടി ചെയര്മാനായിരുന്നു അലിറേസ അറാഫി. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ത്ഥികളെയും പാര്ലമെന്റ് പാസാക്കിയ നിയമങ്ങളെയും പരിശോധിക്കുന്ന സംവിധാനമാണത്. ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ തലവന് കൂടിയാണ് അദ്ദേഹം.
സാങ്കേതിക വിദഗ്ദ്ധനായ അയത്തൊള്ള അലിറേസ അറാഫി അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ളയാളാണ്. 24 പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയത്തൊള്ള അലി ഖമേനിയുടെ പിന്ഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന് മൊജ്തബ ഖമേനി (56 വയസ്സ്), മുഹമ്മദ് മെഹ്ദി മിര്ബാഘേരി, അയത്തൊള്ള റൂഹൊള്ള ഖമേനിയുടെ ചെറുമകന് ഹസന് ഖമേനി, ഹാഷെം ഹൊസ്സേനി ബുഷെഹരി എന്നിവരാണ് പരമോന്നത നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.
മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമ വാക്കും അദ്ദേഹത്തിന്റേതാണ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുക കമാൻഡർ ഇൻ ചീഫായ പരമോന്നത നേതാവാണ്.
സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിൻ്റെ പദവിയിലെത്തിയ രണ്ടാമത്തെയാളാണ് അന്തരിച്ച ആയത്തൊള്ള അലി ഖമേനി. ഇസ്ലാമിക് വിപ്ലവശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖമേനിയാണ് ആദ്യ പരമോന്നത നേതാവ്.




































