Home Blog Page 1001

‘ലോക ചതിയൻ, മന്ത്രിസ്ഥാനം കിട്ടിയത് തന്നെ ചതിയിലൂടെ’; ഗണേഷിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി, സമുദായ ഐക്യ നീക്കം ചതിയെന്ന പ്രസ്താവനക്ക് മറുപടി

കൊച്ചി: എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് രൂക്ഷ മറുപടിയുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ ഒരു ‘ലോക ചതിയൻ’ ആണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ചതിയുടെ ഒക്കെ പ്രതിഫലമായിട്ടാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും സദാചാരബോധമില്ലാത്തയാളാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്ന് ഇന്നലെയാണ് ഗണേഷ് വെളിപ്പെടുത്തൽ നടത്തിയത്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള ചതിയായിരുന്നുവെന്നും, എൻ എസ് എസ് അപകടം മനസ്സിലാക്കിയാണ് പിന്മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു

വെള്ളാപ്പള്ളി അറിഞ്ഞുള്ള ചതി

എൻ എസ് എസ് – എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ വെള്ളാപ്പള്ളി അറിഞ്ഞുള്ള ചതിയെന്നടക്കമാണ് ഗണേഷ് കുമാർ ഇന്നലെ അഭിപ്രായപ്പെട്ടത്. ലക്ഷ്യം ഹിന്ദു ഐക്യമായിരുന്നില്ല. എൻ എസ് എസിനെ വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടാനുള്ള പരിപാടിയായിരുന്നു ലക്ഷ്യമിട്ടത്. വോട്ടായിരുന്നു ഈ നീക്കത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം. ഐക്യനീക്കത്തിൽ നിന്നുളള പിന്മാറ്റം സുകുമാരൻ നായർ എടുത്ത തീരുമാനമാണെന്നും ഗണേഷ് കുമാർ വിവരിച്ചു.

തുഷാർ വെള്ളാപ്പള്ളി വരുമെന്ന് പറഞ്ഞപ്പോൾ, മകനെ പോലെ സ്വീകരിക്കുമെന്നാണ് ജി സുകുമാരൻ നായർ ആദ്യം പറഞ്ഞത്. തുഷാർ വെള്ളാപ്പള്ളി എൻ ഡി എയുടെ ഘടകകക്ഷിയാണ്. ആ രീതിയിൽ ചിന്തിച്ചപ്പോൾ എൻ എസ് എസിനെ വർഗീയതയുടെ തൊഴുത്തിൽ കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് വ്യക്തമായി. അത് കൊണ്ട് തന്നെയാണ് പിൻമാറിയത്. എൻ എസ് എസിനെ കൂടെ നിർത്തി തുഷാർ മുതലെടുക്കുമെന്ന് സുകുമാരൻ നായർ ഭയന്നു. മലപ്പുറത്തെ കുറിച്ചോ മുസ്ലിം ലീഗിനെ കുറിച്ചോ പറയുന്നത് എൻ എസ് എസ് രീതിയായിരുന്നില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിനാണ് ഇന്ന് വെള്ളാപ്പള്ളി മറുപടിയുമായി രംഗത്തെത്തിയത്.

അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും

ന്യൂഡൽഹി: രാത്രി അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി. രാത്രി 9.30 നാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും തിരികെ എത്തുന്നത്. ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇതിനോടകം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിട്ടുണ്ട്.

സ്വതന്ത്രരാജ്യങ്ങൾ നിശ്ശബ്ദത അവസാനിപ്പിക്കണെമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു. യോ​ഗത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും. ഇന്നലെ വിഷയത്തിൽ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷ സമിതി വിലയിരുത്തും.

ലോകം കണ്ടിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ; ഇസ്രയേലിനും യുഎസിനും ട്രംപിന്റെ അതേ ഭാഷയിൽ മുന്നറിയിപ്പ്

ടെഹ്‌റാൻ:ലോകം കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ലോകത്തെ ഞെട്ടിച്ച മുന്നറിയിപ്പ് നൽകിയത്. “ഇന്നലെ അമേരിക്കയിലും ഇസ്രയേലിലും ഇറാന്റെ മിസൈലുകൾ വർഷിച്ചു, അവർക്ക് പരിക്കേറ്റു. ഇന്ന് അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് നമ്മൾ ആക്രമിക്കും.” അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിലാണ് ലാരിജാനി മറുപടി നൽകിയത്.

പശ്ചിമേഷ്യയിൽ കാലങ്ങളായി നിലനിന്നിരുന്ന അധികാര സമവാക്യങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമെനയി കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിലാണ് ഖാമെനയിയും കുടുംബാംഗങ്ങളും വധിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഖമനെയിയുടെ മരണം ഡൊണാൾഡ് ട്രംപാണ് ആദ്യം ലോകത്തെ അറിയിച്ചത്. തുടർന്ന് ഇറാൻ വാർത്താ ഏജൻസികൾ ഇത് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഖാംനഈയുടെ മകളും കൊച്ചുമകളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ഇസ്രയേൽ തലസ്ഥാനമായ തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇതിനെത്തുടർന്ന് യുഎസ്, ഇസ്രയേൽ താവളങ്ങൾ അതീവ ജാഗ്രതയിലാണ്.

ഇറാൻ വീണ്ടും ആക്രമിച്ചാൽ ചരിത്രത്തിലുണ്ടാകാത്ത വിധം ‘അഭൂതപൂർവ്വമായ കരുത്തിൽ’ തിരിച്ചടിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. “അവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇറാന്റെ ഭരണഘടനയിൽ മാറ്റം വരുത്തുകയും നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യമെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

നേതാവിന്റെ വധത്തെത്തുടർന്ന് ഇറാനിൽ ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലാണ്. വൻ സുരക്ഷാ സന്നാഹമാണ് തെഹ്‌റാനിലും മറ്റ് നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. 1989 മുതൽ ഇറാനെ നയിച്ചിരുന്ന ഖാംനഈയുടെ അസാന്നിധ്യത്തിൽ ആരാകും അടുത്ത നേതാവെന്ന ചോദ്യം ഇറാനെ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

അടിമുടി താളം തെറ്റി ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം, ഒറ്റ ദിവസം മാത്രം റദ്ദാക്കിയത് 3,400 വിമാന സർവ്വീസുകൾ

ദുബായ്: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം തുടരുകയാണ് ഇറാൻ. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റി. ഏഴ് വിമാനത്താവളങ്ങളിൽനിന്നുള്ള 3,400 വിമാനസർവ്വീസുകളാണ് ഞായറാഴ്ച മാത്രം റദ്ദാക്കിയത്. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരിക്കുകയാണ്.

ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായി ഫ്ലൈ ദുബായ് അറിയിച്ചു. ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് അറിയിച്ചു. എയർ അറേബ്യയും യുഎഇയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ റദ്ദാക്കി. അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി വരെ നിർത്തിവച്ചിരിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതരും കുടുങ്ങിക്കിടക്കുന്നവരുമായ യാത്രക്കാർക്കുള്ള എല്ലാ താമസ, ഉപജീവന ചെലവുകളും തങ്ങൾ വഹിക്കുമെന്ന് യുഎഇയുടെ പൊതുവ്യോമയാന അധികൃതർ (ജിസിഎഎ) അറിയിച്ചു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ബോർഡിംഗ് വിൻഡോ സ്ഥിരീകരിക്കുന്നില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.

ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ടി20 ലോകകപ്പ്: വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ്… ടീമിൽ മാറ്റമില്ല

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സിംബാബ്‌വെക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടരും. ടോസ് ലഭിച്ചിരുന്നെങ്കില്‍ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് വ്യക്തമാക്കി. ഒരു മാറ്റവുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ബ്രന്‍ഡന്‍ കിംഗിന് പകരം അകെയ്ല്‍ ഹൊസീന്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ഡ്, അകീല്‍ ഹൊസൈന്‍, ഗുഡകേഷ് മോട്ടി, ഷമാര്‍ ജോസഫ്.

സ്വർണത്തിന്‍റെ വിപണി വില 1.50 ലക്ഷം കടന്നേക്കും

ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുകയും യുഎസിന്റെ ഇടപെടല്‍ ശക്തമാകുകയും ചെയ്തതോടെ ലോകത്ത് സാമ്പത്തിക അനിശ്ചിതത്വം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ അപകടസാധ്യതയുള്ള ഓഹരി വിപണികളില്‍നിന്ന് മാറി സുരക്ഷിത നിക്ഷേപങ്ങളായ സ്വര്‍ണത്തിലും വെള്ളിയിലും കൂടുതല്‍ പണം നിക്ഷേപിക്കുകയാണ്. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ ഇരു ലോഹങ്ങളുടേയും വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സംഘർഷവും തീരുവയും സംബന്ധിച്ച ആകാംക്ഷകള്‍ നിലനിന്നിരുന്ന ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണവില 11 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളിവില 18 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ എംസിഎക്‌സ് വിപണിയിലും സ്വര്‍ണം (24 കാരറ്റ്) 10 ഗ്രാമിന് 1.62 ലക്ഷം കവിയുകയും വെള്ളി കിലോയ്ക്ക് 2.82 ലക്ഷം കടക്കുകയും ചെയ്തു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വ്യാപിക്കുകയോ എണ്ണവിതരണം തടസ്സപ്പെടുകയോ ചെയ്താല്‍ സ്വര്‍ണവില ഇനിയും വേഗത്തില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചരിത്രപരമായി വലിയ യുദ്ധങ്ങളോ ജിയോപൊളിറ്റിക്കല്‍ പ്രതിസന്ധികളോ ഉണ്ടായാല്‍ സ്വര്‍ണത്തിലേക്കുള്ള സുരക്ഷിത നിക്ഷേപ ഒഴുക്ക് വര്‍ധിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണം ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5500 ഡോളർ മുതല്‍ 6200ഡോളർ വരെ എത്താനും വെള്ളി ഔണ്‍സിന് 100 ഡോളർ നില വീണ്ടും കടക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ആഗോളവിപണിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ സ്വർണ വില 6200 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ കേരളത്തിലെ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 1.50 ലക്ഷം കടന്നേക്കും. ഇനി ആഭരണമായിട്ടാണ് സ്വർണം വാങ്ങുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹോള്‍മാർക്കിങ് ചാർജുമൊക്കെ ചേർത്ത് 1.70 ലക്ഷമെങ്കിലും നല്‍കേണ്ടി വരും.

നിലവില്‍ യുദ്ധമാണ് പ്രധാന കാരണമെങ്കില്‍ സ്വര്‍ണവിലയുടെ ഉയര്‍ച്ചയ്ക്ക് യുദ്ധം മാത്രമല്ല കാരണം. കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരണം വര്‍ധിപ്പിക്കുന്നത്, പലിശനിരക്കുകള്‍ കുറയുന്നത്, ഡോളറിനോടുള്ള ആശ്രയം കുറയ്ക്കാനുള്ള ആഗോള പ്രവണത എന്നിവയും വില ഉയര്‍ത്തുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ സ്വര്‍ണ വില 2 ലക്ഷം കടക്കാന്‍ ആഗോള വില കുതിപ്പ്, രൂപയുടെ മൂല്യനഷ്ടം, ആഭ്യന്തര പ്രീമിയം വര്‍ധനം എന്നിവ ഒരുമിച്ച് സംഭവിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ അടുത്ത കാലയളവില്‍ വലിയ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും 2 ലക്ഷം എന്ന നില അത്യന്തം ഗുരുതരമായ സാഹചര്യത്തില്‍ മാത്രമേ സംഭവിക്കൂ എന്നതാണ് വിലയിരുത്തല്‍.

ആറ്റുകാൽ പൊങ്കാല: 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ എൽ പി സ്കൂൾ ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂൾ ചാല, ഗവ യുപി സ്കൂൾ ചാല, ഗവ സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്‌, ഗവ സംസ്കൃതം എൽ പി സ്കൂൾ ഫോർട്ട്, ഗവ സെൻട്രൽ ഹൈസ്കൂൾ, ഗവ എൽ പി സ്കൂൾ കുര്യാത്തി, ജവഹർ ഇ എം എച്ച് എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ യുപി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യുപി സ്കൂൾ അമ്പലത്തറ, ഗവ യുപി സ്കൂൾ തമ്പാനൂർ, ഗവ ബോയ്സ് സ്കൂൾ കരമന, ഗവ ഗേൾസ് ഹൈസ്കൂൾ കരമന, എസ് എം വി ഗവ ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ യുപി സ്കൂൾ കൊഞ്ചിറവിള, ഗവ ഹൈസ്കൂൾ കാലടി, ഗവ യുപി സ്കൂൾ നെടുങ്കാട്, ഗവ യുപി സ്കൂൾ ഫോർട്ട്‌, ഗവ ഹയർസെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട്‌ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച പ്രാദേശിക അവധിയാണ്. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

എ.എ. റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം

തിരുവനന്തപുരം: എ.എ. റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം. എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വീണ്ടും മത്സരിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചത്.

വര്‍ക്കലയില്‍ നിന്നുള്ള എംഎല്‍എയാണ് വി ജോയ്. വര്‍ക്കലയില്‍ ജോയിയെ ഒഴിവാക്കിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തുടര്‍ഭരണം ഉറപ്പാക്കാന്‍ വിജയസാധ്യതയ്ക്കു തന്നെ മുന്‍ഗണന നല്‍കണമെന്ന് വാദമുയര്‍ന്നതോടെയാണ് ജോയിക്കു തന്നെ നറുക്കു വീണത്.


തുടര്‍ന്നാണ് റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ യോഗം തീരുമാനിച്ചത്. യുവനേതാവ് എന്നതിനു പുറമെ, വിഭാഗീയത നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യനാണ് എന്നതും റഹീമിന് തുണയായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ റഹീം രാജ്യസഭാംഗമാണ്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിൽ എത്തുന്നു

ന്യൂഡൽഹി: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച കേരളത്തിലെത്തും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം.


മാർച്ച് അഞ്ചിന് എത്തിച്ചേരും. ആറിനും ഏഴിനും ആയിരിക്കും ഔദ്യോഗിക പരിപാടികൾ എന്നാണ് വിവരം. അസം,തമിഴ്നാട്,പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ വിലയിരുത്തുന്ന പ്രക്രിയ പൂര്‍ത്തിയായി.

കേരളത്തിന് പുറമേ,അസം,തമിഴ്നാട്,പുതുച്ചേരി,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും ഒരുമിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ഏപ്രിൽ14-ന് ബിഹു ഉത്സവംനടക്കുന്നത് കൂടി പരിഗണിച്ചാവും അസമിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ നിശ്ചയിക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ വ്യക്തമാക്കിയിരുന്നു.


മേയ്,ജൂൺ മാസങ്ങളിലായി വ്യത്യസ്ത തീയതികളിലാണ് അഞ്ച് നിയമസഭകളുടെയും കാലാവധി അവസാനിക്കുന്നത്. പുതുച്ചേരി നിയമസഭയുടെ കാലാവധി ജൂൺ15-നും അസം(മേയ്20), കേരളം(മേയ്23), തമിഴ്നാട്(മേയ്10), പശ്ചിമ ബംഗാൾ(മേയ്7)എന്നിങ്ങനെ അവസാനിക്കും.


കഴിഞ്ഞ തവണ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.അസമിൽ രണ്ട് ഘട്ടങ്ങളിലും തമിഴ്നാട്,കേരളം,പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായും ആയിരുന്നു വോട്ടെടുപ്പ്.

ഗതാഗത നിയന്ത്രണം

കൊട്ടാരക്കര – ശാസ്താംകോട്ട റോഡിൽ ചന്തമുക്ക് മുതൽ പുത്തൂർ വരെ ബി സി ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശാസ്താംകോട്ട ഭാഗത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങൾ പുത്തൂർ – ചീരൻകാവ് വഴി ദേശീയപാതയിലൂടെ പോകണമെന്ന് കെആർഎഫ്ബി പിഎംയു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.