ബോഹും: അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു, കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി എസ്. ജോയി, കാലടി തോട്ടകം സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കെട്ടിടത്തിന് മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിൽ ഇവിടെ താമസിച്ചിരുന്ന 41കാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
ബോഹുമിലെ പാർപ്പിട മേഖലയിലുള്ള അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും അതിവേഗം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഫ്ലാറ്റിൽനിന്നാണ് മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ച് അവശനിലയിലായ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയും ദേശീയതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ആറുമാസം മുമ്പാണ് നോവ സാബു ജർമനിയിലെത്തിയത്. കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകളാണ് അഞ്ജലി. ഈ വർഷം ജൂലൈയിൽ ജോലിക്കായാണ് അഞ്ജലി ജർമനിയിലെത്തിയത്. ബി.എഡ്. ബിരുദധാരിയായ അഞ്ജലി അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ജോലി ചെയ്തുവരികയായിരുന്നു. അശ്വനി എസ്. ജോയിയാണ് സഹോദരി.
കാലടി തോട്ടകം സ്വദേശിയായ സിവിൻ ജോണി രണ്ടാഴ്ച മുമ്പാണ് ജർമനിയിലെത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ തീവയ്പ് സംശയിച്ച് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Home News Breaking News ജർമനിയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; തീവയ്പ് സംശയിച്ച് റൊമാനിയൻ പൗരൻ അറസ്റ്റിൽ… മരിച്ചവരിൽ...



























