കൊല്ലം: ആശ്രമം ഭാഗത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശേരി കുറിച്ചി പത്താംമുട്ടം ഇത്തിപ്പള്ളി ഹൗസിൽ ജോസഫിന്റെ മകൻ ഷാനു ജോസഫ് (22) ആണ് പിടിയിലായത്. 4.705 ഗ്രാം എംഡിഎംഎയും 34 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
ഒക്ടോബർ 14ന് കൊല്ലം എക്സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആശ്രമം ഭാഗത്തെ വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ മേഖല എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
സ്ക്വാഡ് ഇൻസ്പെക്ടർ സാജൻ സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി, അനീഷ്, സജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗംഗ ബി., സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, അനന്തു, സിദ്ധു, അനന്തൻ, സിഇഒ ഡ്രൈവർ ജയകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.



























