മോഹന്‍ലാലിന് ശേഷം ഒടിയനാകാനൊരുങ്ങി നടന്‍ പൃഥ്വിരാജ്. ‘ഒടിയന്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നീ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രാഹുല്‍ സദാശിവനൊപ്പം പൃഥ്വിരാജും മഞ്ജു വാര്യരും ഒരുമിക്കുന്നതിനാല്‍ സിനിമാ പ്രേക്ഷകള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. പാന്‍ ഇന്ത്യന്‍ സിനിമയായാണ് ‘ഒടിയന്‍’ പ്രേക്ഷകരിലേക്കെത്തുക.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. ധര്‍മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കരണ്‍ ജോഹര്‍, അദര്‍ പൂനവാല, അപൂര്‍വ മേത്ത, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സത്യവും മിഥ്യയും തമ്മിലുള്ള യുദ്ധം. ‘ഒടിയന്‍ – ദ് ഏജ് ഓഫ് ഇല്യൂഷന്‍’ ഉടന്‍ വരുന്നു- എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്യുമെന്നാണ് വിവരം. ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പില്‍ അഭിനയിക്കുകയാണ് മഞ്ജു വാര്യര്‍ നിലവില്‍. ഐ നോബഡി, ഖലീഫ, എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന വരാണസി എന്നിവയാണ് പൃഥ്വിരാജിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.
മോഹന്‍ലാല്‍ നായകനായി ഇതിനു മുന്‍പ് ഒടിയന്‍ എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഹരികൃഷ്ണന്‍ തിരക്കഥ എഴുതിയ സിനിമ ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു സംവിധാനം െചയ്തത്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക. കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ‘ലോക’ സിനിമയിലും ഒടിയന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഒടിയനായി എത്തിയത്. എന്തായാലും പൃഥ്വിരാജിന്റെ ഒടിയന്‍ വന്‍ സംഭവമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.






























