സാംസ്കാരിക സായാഹ്നവും പുസ്തക പ്രകാശനവും ശ്രദ്ധേയമായി.
കരുനാഗപ്പള്ളി . കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ‘വിഷൻ 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നവും പുസ്തക പ്രകാശനവും ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ച് ഗാനമാലിക,പുസ്തക പ്രകാശനം, സംവാദം,അക്ഷര നൃത്തം എന്നിവ നടന്നു.
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവതാളം വേദിയിൽ സൗഹൃദ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ സംഗീതജ്ഞൻ ഉദയകുമാർ അഞ്ചൽ, ഗായകരായ കെ എസ് പ്രിയ, അനിൽ മത്തായി, റെനീഷ്, ഷിജു ഇലന്തൂർ എന്നിവർ പഴയ കാല ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ഗാനമാലികയോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സഞ്ചാര പൊരുൾ തേടി എന്ന വിഷയത്തിൽ സംവാദം നടന്നു. എഴുത്തുകാരായ ജി ആർ ഇന്ദുഗോപൻ,ജിൻഷാഗംഗ, അഭിമുഖങ്ങളിലൂടെ ശ്രദ്ധേയനായ വി ആർ രജനീഷ് എന്നിവർ പങ്കെടുത്തു. സംവാദ പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മോഡറേറ്ററായി.തുടർന്ന് ക്ലാപ്പന ഇഎംഎസ് സാംസ്കാരിക വേദി ഗ്രന്ഥശാലയിലെ കുട്ടികൾ അവതരിപ്പിക്കുന്ന അക്ഷര നൃത്തം അരങ്ങേറി.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി വിമൽറോയ് രചിച്ച് സൈന്ധവ ബുക്സ് പുറത്തിറക്കുന്ന രണ്ടാമത്തെ യാത്രാവിവരണ പുസ്തകമായ ‘നീർക്കിളികൾ പാടുമൊരു ദിക്കുകാണാം’
എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ജി ആർ ഇന്ദുഗോപൻ പുസ്തക പ്രകാശനംചെയ്തു. ജിൻഷാഗംഗ പുസ്തകം ഏറ്റുവാങ്ങി.ചടങ്ങിൽ വി ആർ രജനീഷ് മുഖ്യാതിഥിയായി. കെ ജി അജിത് കുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ആർ കെ ദീപ എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ,താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം സുരേഷ് കുമാർ, പോച്ചയിൽ നാസർ എന്നിവർ സംസാരിച്ചു.






























