ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തിന് അപകടകരമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംവരണ വ്യവസ്ഥ അട്ടിമറിക്കാനുള്ള നീക്കമാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ നടത്തുന്നത്. ഇന്ത്യാ സഖ്യ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാർഗെ. ഭരണഘടന ഉറപ്പുനൽകുന്ന സംവരണ പരിരക്ഷ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് കടുത്ത അനീതിയാണ്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകൾ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വർധിപ്പിക്കണം. സംവരണത്തിന്റെ കാര്യത്തിൽ ഈ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിൽ പാസാക്കാനുള്ള ആവശ്യമായ ഭൂരിപക്ഷം കേന്ദ്രസർക്കാരിന് ലഭിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് ബില്ലിന് പിന്തുണ ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള നീക്കം രാജ്യത്തിന് ദോഷകരമാകും. ബിൽ പാസായാൽ ജനാധിപത്യം തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കൈകളിൽ അധികാരം കേന്ദ്രീകരിച്ചാൽ ഭരണഘടന തന്നെ മാറ്റിയെഴുതുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ഖാർഗെ പങ്കുവച്ചു.




























