ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റത്തിന്‍റെ ആഘാതം ഇന്ത്യൻ കർഷകരിലേക്ക് എത്താതിരിക്കാൻ കേന്ദ്ര സർക്കാർ സാധ്യമായതെല്ലാം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബനസ്‌കാന്തയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യം പ്രതിസന്ധി നേരിടുമ്പോൾ സന്തോഷിക്കുകയും വ്യാജപ്രചാരണങ്ങൾ വഴി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് പ്രതിപക്ഷത്തുള്ളതെന്ന് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ മറവിൽ രാജ്യത്ത് വളത്തിന്‍റെയും പാചകവാതകത്തിന്‍റെയും ക്ഷാമം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയിൽ വലിയ വിലയുള്ള രാസവളങ്ങൾ ഇന്ത്യൻ കർഷകർക്ക് വളരെ കുറഞ്ഞ നിരക്കിലാണ് സർക്കാർ ലഭ്യമാക്കുന്നത്. വിപണിയിൽ ഒരു ചാക്ക് യൂറിയയ്ക്ക് 3000 രൂപ വിലയുള്ളപ്പോൾ കർഷകർക്ക് അത് 300 രൂപയിൽ താഴെയാണ് നൽകുന്നത്. അതുപോലെ, അന്താരാഷ്ട്ര തലത്തിൽ 5000 രൂപ വിലവരുന്ന ഡി-അമോണിയം ഫോസ്‌ഫേറ്റ് 1350 രൂപ നിരക്കിൽ നൽകുന്നുണ്ടെന്നും ഇതിന്‍റെ ബാക്കി തുക മുഴുവൻ സർക്കാർ സബ്സിഡിയായി വഹിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വിവിധ സർക്കാരു നയങ്ങളിലൂടെ ഇതുവരെ കർഷകർക്ക് 50 ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക നേട്ടമാണ് ഉണ്ടായതെന്നും മോദി കൂട്ടിച്ചേർത്തു.

































