മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് വെറ്ററൻ താരം രോഹിത് ശർമ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്തുനിന്ന് മാറ്റി വീണ്ടും രോഹിത്തിനെ ചുമതലയേൽപ്പിക്കാനാണ് ഫ്രാഞ്ചൈസിയുടെ നീക്കമെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്.
ഹാർദിക് പാണ്ഡ്യക്ക് കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിലും മുംബൈ ഇന്ത്യൻസിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2024, 2025, 2026 സീസണുകളിൽ ഒരിക്കൽ മാത്രമാണ് ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനായത്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് മുംബൈ വിജയിച്ചത്. പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ഫിനിഷ്.
മുംബൈയെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത് ശർമ. 2024ലാണ് താരം നായകസ്ഥാനം ഹാർദിക് പാണ്ഡ്യക്ക് കൈമാറിയത്. 2025 സീസണിനിടെ തന്നെ ഹാർദിക്കിനെ മാറ്റാൻ ഫ്രാഞ്ചൈസി ആലോചിച്ചിരുന്നെങ്കിലും പകരക്കാരനെ തീരുമാനിക്കാൻ കഴിയാത്തതിനാൽ നീക്കം നടന്നില്ലെന്നാണ് റിപ്പോർട്ട്.
സൂര്യകുമാർ യാദവിനെപ്പോലുള്ള താരങ്ങൾ ടീമിലുണ്ടെങ്കിലും തിലക് വർമ്മയുടെ പേരാണ് രോഹിത് ആദ്യം നിർദേശിച്ചതെന്നാണ് വിവരം. എന്നാൽ നായകസ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടതോടെ രോഹിത് സമ്മതിക്കുകയായിരുന്നു. ന്യൂസിലൻഡിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നതായും പുതിയ പരിശീലകരെ നിയമിക്കുന്നതിലും രോഹിത്തിന്റെ അഭിപ്രായം തേടിയതായും റിപ്പോർട്ടിലുണ്ട്.
അതേസമയം, നായകസ്ഥാനത്തുനിന്ന് മാറേണ്ടിവന്നാൽ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് താരം മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അജിങ്ക്യ രഹാനെ വിരമിച്ചതോടെ പുതിയ നായകനെ തേടുന്ന കൊൽക്കത്തയിലേക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
എന്നാൽ ട്രേഡ് നീക്കം നടന്നില്ലെങ്കിൽ രോഹിത്തിന്റെ നായകത്വത്തിന് കീഴിൽ കളിക്കാൻ ഹാർദിക് സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹാർദിക് ഐപിഎൽ കരിയർ ആരംഭിച്ചത്. 2022ൽ ഗുജറാത്ത് ടൈറ്റൻസിലെത്തിയ താരം ആദ്യ സീസണിൽത്തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2023ൽ റണ്ണറപ്പുമാക്കി. 2024ൽ ട്രേഡ് ഇടപാടിലൂടെയാണ് വീണ്ടും മുംബൈയിലെത്തിയത്.
പരിശീലകസംഘത്തിലും അഴിച്ചുപണി
രോഹിത് നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പരിശീലകസംഘത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തുന്നതായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. മഹേല ജയവർധനയ്ക്ക് പകരം കീറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ചു. റോബിൻ ഉത്തപ്പ ബാറ്റിങ് പരിശീലകനായും മിച്ചൽ മക്ലെനഗൻ ബൗളിങ് പരിശീലകനായും ചുമതലയേറ്റു. മുൻ ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ടി. ദിലീപ് ഫീൽഡിങ് പരിശീലകനാകും. ധവാൽ കുൽക്കർണിയെ ഡെവലപ്മെന്റ് ബൗളിങ് പരിശീലകനായും നിയമിച്ചു.



























