നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർമാണ സ്ഥലത്ത് ക്രെയിൻ അഴിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.
ക്രെയിൻ ഓപ്പറേറ്ററും മൂന്ന് തൊഴിലാളികളും ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഭണ്ഡാര സ്വദേശിയായ വിശ്വനാഥ് കത്താനെ, ഉത്തർപ്രദേശ് സ്വദേശി മുകേഷ് നിഷാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരും ജാർഖണ്ഡ് സ്വദേശികളാണ്. ഇവരെ ഓറിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് കാരണം സാങ്കേതിക തകരാറാണോ മനുഷ്യരുടെ ഭാഗത്തുനിന്നുള്ള പിഴവാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നിർമാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാഹുൽ മാഡ്‌നെ അറിയിച്ചു.
മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ വിജയ് കമ്പനിയുമായി ബന്ധപ്പെട്ട കരാറുകാരനാണ് നിർമാണം നടത്തുന്നത്. സർക്കാർ എൻജിനീയർമാർ, ഉദ്യോഗസ്ഥർ, കരാർ കമ്പനിയുടെ സൂപ്പർവൈസർമാർ എന്നിവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. അപകടസ്ഥലത്ത് സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ 29ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലും നിർമാണ സ്ഥലത്ത് ക്രെയിൻ തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചിരുന്നു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിബിആർ ആശുപത്രി റോഡിലായിരുന്നു അപകടം.



























