ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലിസ്, വാഹനത്തിൽ മൂന്നര മണിക്കൂറോളം വട്ടംകറക്കി. രാവിലെ പതിനൊന്നോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലിസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലിസ് സ്റ്റേഷനിലെത്തിച്ചത്.
പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ഡൽഹി പൊലിസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു.
പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ അടക്കമുള്ള നേതാക്കളെയും ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സിപിഎം പിബി അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തമായി തുടരുകയാണ്. സിജെപി ജന്തർമന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ഡൽഹി പൊലിസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചു.

































