28.8 C
Kollam
Tuesday 22nd September, 2026 | 06:13:47 PM
Home News National ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം

നാഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം. ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 217 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കൻപ്പട 15.4 ഓവറിൽ വെറും 69 റൺസിന് പുറത്തായി. 147 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്.

ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഇതിനുമുമ്പ് മലേഷ്യയ്ക്കെതിരെ നേടിയ 142 റൺസ് വിജയമായിരുന്നു റെക്കോർഡ്. ഫൈനലിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരിക്കൽപോലും മത്സരത്തിൽ പിടിമുറുക്കാൻ സാധിച്ചില്ല. 21 പന്തിൽ 29 റൺസ് നേടിയ നായിക ചമരി അത്തപ്പത്തുവാണ് ലങ്കയുടെ ടോപ്സ്കോറർ. കവിഷ ദിൽഹരി (11), കൗശിനി നുത്യാംഗന (14) എന്നിവർ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ഏഴു പേർക്ക് രണ്ടക്കം കാണാനാകാതെ ക്രീസ് വിടേണ്ടിവന്നു. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റും, ശ്രേയാങ്ക പാട്ടീൽ, ശ്രീചരണി, ഷെഫാലി വർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന വലിയ സ്കോർ പടുത്തുയർത്തി. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ അർധ സെഞ്ചറി പ്രകടനമാണ് ഇന്ത്യൻ ഇന്നീങ്സിന് കരുത്തുപകർന്നത്. 45 പന്തുകൾ നേരിട്ട സ്മൃതി അഞ്ച് ഫോറുകളുടെയും ഏഴ് കൂറ്റൻ സിക്സുകളുടെയും അകമ്പടിയോടെ 79 റൺസ് വാരിക്കൂട്ടി. കൂടാതെ 22 പന്തിൽ 49 റൺസ് എടുത്ത റിച്ച ഘോഷും, 29 പന്തിൽ 48 റൺസ് നേടിയ ഓപ്പണർ ഷെഫാലി വർമയും ബാറ്റിംഗിൽ തിളങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here