ന്യൂഡല്‍ഹി: തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ ഓഗസ്റ്റ് മുതല്‍ നിലവില്‍ വന്ന പുതിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. റിസര്‍വേഷന്‍ കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ ബുക്കിങ് കൂടുതല്‍ വേഗത്തിലും സുഗമമായും നടത്തുന്നതിനുമായി ഇന്ത്യന്‍ റെയില്‍വേയും ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും (ഐആര്‍സിടിസി) പ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
റിസര്‍വേഷന്‍ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാന്‍ രാജ്യത്തെ വിവിധ സ്റ്റേഷനുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ യാത്രക്കാര്‍ക്ക് ക്രമമായ രീതിയില്‍ കൗണ്ടര്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
അതേസമയം, ഐആര്‍സിടിസിയുടെ പുതുക്കിയ വെബ്സൈറ്റും ബുക്കിങ് സംവിധാനവും ഓണ്‍ലൈന്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ സഹായിക്കും. കൂടുതല്‍ ഉപയോക്താക്കള്‍ ഒരേസമയം ലോഗിന്‍ ചെയ്യുന്ന സമയത്തും മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ബുക്കിങ് അനുഭവം നല്‍കുമെന്നും കൗണ്ടറുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് റെയില്‍വേയുടെ പ്രതീക്ഷ. താഴെ പുറയുന്നവയാണ് പ്രധാന മാറ്റങ്ങള്‍.
ടോക്കണ്‍ സിസ്റ്റം
പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടറുകള്‍ വഴി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക്, കൗണ്ടറില്‍ എത്തുമ്പോള്‍ തന്നെ ക്യൂവിലെ അവരുടെ സ്ഥാനം നിശ്ചയിക്കുന്നതിനായി നമ്പരിട്ട ഒരു ടോക്കണ്‍ നല്‍കും. യാത്രക്കാര്‍ ആദ്യം ടോക്കണ്‍ ശേഖരിക്കുകയും തുടര്‍ന്ന് ബുക്കിങ് പൂര്‍ത്തിയാക്കാന്‍ വീണ്ടും ക്യൂവില്‍ നില്‍ക്കുകയും ചെയ്യേണ്ടിയിരുന്ന പഴയ രീതി ഇതിലൂടെ ഒഴിവാക്കപ്പെട്ടു. എ സി ക്ലാസ് ബുക്കിംഗുകള്‍ക്കായുള്ള ടോക്കണുകള്‍ രാവിലെ 8:30 നും 9:30 നും ഇടയിലും, നോണ്‍-എ സി ക്ലാസ് ബുക്കിങുകള്‍ക്കായുള്ള ടോക്കണുകള്‍ രാവിലെ 9നും 9:30 നും ഇടയിലുമായിരിക്കും വിതരണം ചെയ്യുക.
കൗണ്ടര്‍ ബുക്കിങുകളെ കാറ്റ?ഗറി എ, കാറ്റ?ഗറി ബി എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാറ്റഗറി എ ബുക്കിംഗുകള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമായിരിക്കും കാറ്റ?ഗറി ബി പരിഗണിക്കുക.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
നിലവിലുള്ള നിയമപ്രകാരം, ഐആര്‍സിടിസി വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴിയുള്ള തത്കാല്‍ ടിക്കറ്റുകള്‍ ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഉപയോക്താക്കള്‍ക്ക് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ബുക്കിങ് പൂര്‍ത്തിയാക്കാന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു വണ്‍-ടൈം പാസ്വേഡ് (ഒടിപി) അയക്കുന്നതാണ്. അംഗീകൃത ഏജന്റുമാര്‍ക്ക് തത്കാല്‍ സമയത്തിന്റെ ആദ്യ 30 മിനിറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വിലക്ക് തുടരുന്നുണ്ട്. എ സി ക്ലാസുകള്‍ക്ക് രാവിലെ 10 മണി മുതല്‍ 10:30 വരെയും നോണ്‍-എ സി ക്ലാസുകള്‍ക്ക് രാവിലെ 11 മണി മുതല്‍ 11:30 വരെയുമാണ് ഈ നിയന്ത്രണം.
ഓണ്‍ലൈന്‍ ബുക്കിങ് വേഗത്തിലായി
പരിഷ്‌കരിച്ച ഐആര്‍സിടിസി ബീറ്റ വെബ്സൈറ്റ് ബുക്കിങ് വേ?ഗത്തിലാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ അവകാശപ്പെടുന്നു. ഐആര്‍സിടിസി പുറത്തുവിട്ട ഡാറ്റ പ്രകാരം, ആദ്യ മൂന്ന് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയായ ബുക്കിങുകളില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 5 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അഞ്ച് മിനിറ്റിനുള്ളിലുള്ള ബുക്കിങുകളില്‍ 3 ശതമാനവും, 30 മിനിറ്റിനുള്ളിലുള്ള ബുക്കിങുകളില്‍ 2 ശതമാനവും വര്‍ധനവുണ്ടായെന്നും ഐആര്‍സിടിസി പറയുന്നു.
ആധാര്‍ ഓതന്റിക്കേഷന്‍ കാരണം പലപ്പോഴും ബുക്കിങിന് താമസം നേരിടേണ്ടി വന്നേക്കാമെന്നും അതിനാല്‍ ആധാര്‍ ഓതന്റിക്കേഷന്‍ മുന്‍കൂട്ടി തന്നെ പൂര്‍ത്തിയാക്കാനും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളില്‍ വെബ്‌സൈറ്റ് തകരാറിലാകാതിരിക്കാന്‍ സെര്‍വര്‍ ശേഷി വര്‍ധിപ്പിച്ചതായും റെയില്‍വെ അവകാശപ്പെടുന്നു.
ഈ വര്‍ഷം ജൂലൈയില്‍ ആകെ റെയില്‍വേ ടിക്കറ്റ് ബുക്കിംഗുകളുടെ 89.84 ശതമാനവും ഓണ്‍ലൈന്‍ വഴിയായിരുന്നു.




























