Home News Breaking News എച്ച്ഐവി ബാധിതരായ യുവാക്കളുടെ എണ്ണം കുതിച്ചുയരുന്നു,കോളജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍

എച്ച്ഐവി ബാധിതരായ യുവാക്കളുടെ എണ്ണം കുതിച്ചുയരുന്നു,കോളജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കോളജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ എന്‍ജീനിയറിങ്, ഡിഗ്രി കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്കായി പരിശോധന നടത്താനാണ് തീരുമാനം. വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനായി ക്യൂ ആര്‍ അധിഷ്ഠിത ആപ്പ് തയ്യാറാക്കും. ‘know your HIV’ സ്റ്റാറ്റസ് എന്ന പേരിലാകും ആപ്പ്.

എച്ച്‌ഐവി തുടക്കത്തില്‍ തന്നെ കണ്ടെത്തുക, കൃത്യസമയത്ത് കൗണ്‍സിലിങും ചികിത്സയും നല്‍കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുയെന്നതാണ് പരിശോധനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്യാംപുകളില്‍ എച്ച്‌ഐവി പ്രതിരോധം, സുരക്ഷിത രീതികള്‍, ആരോഗ്യ പരിശോധനകളുടെ ആവശ്യകത എന്നിവയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കും.

കര്‍ണാടകയില്‍ എച്ച്‌ഐവി കേസുകള്‍ ഉയര്‍ന്നതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാചത്തലത്തില്‍ കുടിയാണ് സര്‍ക്കാര്‍ നടപടി. ഇന്ത്യയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടക. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കര്‍ണാടകയില്‍ ഏകദേശം 2.60 ലക്ഷം ആളുകള്‍ എച്ച്‌ഐവി ബാധിതരാണ്. ഇതില്‍ 2.05 ലക്ഷം പേര്‍ എആര്‍ടി ചികിത്സ തുടരുന്നവരാണ്. യുവാക്കള്‍ക്കിടയിലെ എച്ച്‌ഐവി വ്യാപനം സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു.

എച്ച്‌ഐവി കേസുകളില്‍ ഭൂരിഭാഗവും പതിനെട്ടിനും 35നും പ്രായത്തിനിടയിലുള്ളവരാണെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നു. 18നും 25നും ഇടയിലുള്ള 7,000ത്തിലധികം ആളുകള്‍ക്ക് ഇതിനകം എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ എച്ച്‌ഐവി ബാധയുണ്ടെന്ന് അറിയാത്ത അരലക്ഷത്തിലേറേപ്പേരുണ്ടെന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു. പ്രാഥമിക ഘട്ടത്തില്‍ പരിശോധന പ്രധാനമാണെന്നും കൃത്യസമയത്ത് തന്നെ ചികിത്സ ഉറപ്പാക്കാനും കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്നത് തടയാനും ഇത്തരം പരിശോധനകള്‍ സഹായകമാകുമെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here