27.7 C
Kollam
Sunday 20th September, 2026 | 12:43:47 AM
Home News Breaking News വിജയ് ഏത് സീറ്റിൽനിന്ന് രാജിവെക്കും? ആകാംക്ഷ; ടിവികെയുടെ അടുത്ത തീരുമാനം കാത്ത് തമിഴകം

വിജയ് ഏത് സീറ്റിൽനിന്ന് രാജിവെക്കും? ആകാംക്ഷ; ടിവികെയുടെ അടുത്ത തീരുമാനം കാത്ത് തമിഴകം

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചു വിജയിച്ച ടിവികെ നേതാവും നടനുമായ വിജയ് ഏത് സീറ്റ് ഒഴിയുമെന്ന കാര്യത്തിൽ ആകാംക്ഷ. പേരമ്പൂർ, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചതും ജയിച്ചുകയറിയതും. ഇതിൽ പേരമ്പൂർ സീറ്റ് വിജയ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, തൃച്ചി ഈസ്റ്റ് സീറ്റിൽനിന്ന് വിജയ് രാജിവെച്ചേക്കും.

Also Read: പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ച സജീവം; മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി, ‘ഇനി ഓപ്പോസിഷൻ മീഡിയ’

തൃച്ചി ഈസ്റ്റിൽ 27,416 വോട്ടുകളുടെ ഭൂരിപക്ഷത്തിലും പേരമ്പൂരിൽ 53,715 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയ്‍യുടെ വിജയം. ഭരണകക്ഷിയായിരുന്ന ഡിഎംകെയുടെ സ്ഥാനാ‍ർഥികളെയാണ് വിജയ് ഇരുമണ്ഡലങ്ങളിലും പരാജയപ്പെടുത്തിയത്. ചെന്നൈയുടെ വടക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന പേരമ്പൂ‍ർ ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു.

തമിഴ്നാട് നിയമസഭയിലെ 234ൽ 108 സീറ്റുകൾ പിടിച്ചായിരുന്നു വിജയ് നേതൃത്വം നൽകുന്ന ടിവികെ വമ്പൻ മുന്നേറ്റം നടത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കം നിരവധി സിറ്റിങ് എംഎൽഎമാരെ പരാജയപ്പെടുത്തിയായിരുന്നു ടിവികെയുടെ മുന്നേറ്റം. കൊളത്തൂർ സീറ്റിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിവികെ സ്ഥാനാർഥി എംഎസ് ബാബു, എംകെ സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2011 മുതൽ സ്റ്റാലിൻ ജയിച്ചുവരുന്ന മണ്ഡലമായിരുന്നു കൊളത്തൂ‍ർ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കാലമായി എംഎൽഎ സ്ഥാനത്ത് തുടരുന്ന ​ദുരൈമുരു​ഗനും ടിവികെ കൊടുങ്കാറ്റിൽ കടപുഴകി. കാട്പാടിയിൽ ടിവികെ സ്ഥാനാർഥി എം സുധാകറിനോട് 7,309 വോട്ടുകൾക്കായിരുന്നു ദുരൈമുരു​ഗന്റെ പരാജയം.