കൊച്ചി: ബിജെപി വിട്ട നടൻ ദേവൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിൽ ചേരും. ദേവൻ ടിവികെ കേരള ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷനാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. അന്തിമ തീരുമാനം വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടാകുമെന്നാണ്
സൂചന.
സെപ്റ്റംബർ 10ന് ശേഷം ദേവൻ ചെന്നൈയിലെത്തി വിജയുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ എട്ടുവരെ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളുന്നതെന്ന് ദേവൻ പറഞ്ഞു. വെള്ളിയാഴ്ച ചാലക്കുടിയിലെ ദേവന്റെ വീട്ടിലെത്തി ടിവികെ തമിഴ്നാട് ഘടകത്തിലെ രണ്ട് നേതാക്കൾ ചർച്ച നടത്തിയിരുന്നു.
നടി പ്രിയങ്കയ്ക്കൊപ്പമായിരുന്നു ഇരുവരും എത്തിയത്. തുടർന്ന് ചെന്നൈയിലെ ചില ഉന്നത ടിവികെ നേതാക്കൾ ഗൂഗിൾ മീറ്റ് വഴി ദേവനുമായി ചർച്ച നടത്തി. കേരളത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി നൽകാമെന്നതാണ് ടിവികെ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനം.
കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് സഖ്യസാധ്യതകൾ തേടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വന്നതായാണ് വിവരം. വിജയ്യുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും ആറ് സിനിമകളിൽ നായകനായും വില്ലനായും തങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നും ദേവൻ പറഞ്ഞു.

































