ഷാർളി ബെഞ്ചമിൻ
കൊല്ലം.
പുസ്‌തകോത്സവത്തിൽ പങ്കെടുക്കുന്നത് ഒരു പീഡനമാണെന്നറിഞ്ഞത് ഇന്നലെയാണ്
കൊല്ലം ആശ്രാമം എ വൈ കെ ഓഡിറ്റോറിയത്തിലാണ്
ജില്ലാ കൗൺസിലിൻ്റെ
പുസ്തകോത്സവം നടക്കുന്നത്.
64 പ്രസാധകരുടെ 120 സ്റ്റാളുകളെ ഒരു പഴകി പൊളിഞ്ഞ കെട്ടിടത്തിൽ കുത്തി നിറച്ചിരിക്കുന്നു. ഇവർ ഓരോ സ്റ്റാളിനും 10,000 രൂപ വീതം കൊടുത്താണ് സ്ഥലം നേടുന്നത്. പണമുള്ള പ്രസാധകർ പല സ്റ്റാളുകൾ ഒന്നിച്ച് വാങ്ങി കൂടുതൽ ഇടം നേടുന്നു. എങ്ങും നിന്ന് തിരിയാൻ ഇടമില്ല.
ഹാളിൻ്റെ ഒരു വശത്ത് അടുക്കളയോ മറ്റോ ആണെന്ന് തോന്നുന്നു. അവിടെ നിന്നും ഹാളിലേക്ക് ശ്വാസം മുട്ടിക്കുന്ന വിധത്തിൽ പുക വമിക്കുന്നുണ്ട്. പുസ്തകം വാങ്ങാൻ എത്തിയവർ മൂക്ക് പൊത്തിപ്പിടിച്ച് ചുമക്കുന്നു. കടുത്ത ചൂടിൽ പലരും ഉരുകിയൊലിക്കുന്നുണ്ട്. ഫാനുകൾ പലതും പ്രവർത്തിക്കുന്നില്ല.

ഒരോ ലൈബ്രറികൾക്കും ലഭിക്കുന്ന ഗ്രാൻ്റിന് പുസ്തകം വാങ്ങേണ്ടത് ഇവിടെ നിന്നാണ്. അതിനാൽ തന്നെ ഒരു ലൈബ്രറിയിൽ നിന്നും മൂന്നും നാലും പേർ എത്തിയിട്ടുണ്ട്.മിക്ക ലൈബ്രറികൾക്കും 10,000 രൂപയിലേറെ ഗ്രാൻ്റ് ഉണ്ടാകും. എന്നാൽ മികച്ച പുസ്തകങ്ങൾ സാവകാശം നോക്കി തെരഞ്ഞെടുക്കാൻ ഒരു സൗകര്യവും ഇല്ലാത്ത ഒരു അവസ്ഥ. ശാന്തമായി പുസ്തകങ്ങൾ നോക്കി തെരഞ്ഞെടുക്കാൻ സാധ്യമല്ലിവിടെ.
ഏറെ കാത്തു നിന്നാലും വാങ്ങിയ പുസ്തകങ്ങൾക്ക് ബില്ല് കിട്ടില്ല. അവിടെയും നീണ്ട ക്യൂവാണ്. തിരക്കിനിടയിൽ ആരെങ്കിലും പുസ്തകം എടുത്തു കൊണ്ടു പോയാൽ അത് നിരീക്ഷിക്കാനുള്ള സൗകര്യമൊന്നും ഇവിടില്ല. അതിനാൽ തന്നെ ധാരാളം പുസ്തകം മോഷണം പോകുന്നുണ്ടെന്നും പരാതിയുണ്ട്.
പുസ്തകം വാങ്ങാൻ എത്തുന്ന ചില ലൈബ്രറി ഭാരവാഹികളുടെ പെരുമാറ്റവും രസകരമാണ്. അവർക്കു വേണ്ടത് കൂടുതൽ പുസ്തകങ്ങളാണ് !.
തങ്ങൾക്ക് കിട്ടിയ ഗ്രാൻഡ് തുകയിൽ
നിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വാങ്ങി എണ്ണം കൂട്ടുകയാണ് ലക്ഷ്യം. തങ്ങളുടെ ലൈബ്രറിയിൽ ഇത്രയേറെ പുസ്തകങ്ങൾ ഉണ്ടെന്ന് മേനി നടിക്കൽ മാത്രമല്ല ലക്ഷ്യം. അടുത്ത തവണ ലൈബ്രറിയുടെ ഗ്രേഡ് കൂട്ടി ഗ്രാൻ്റ് തുക വർദ്ധിപ്പിക്കുകയും ലക്ഷ്യമാണ്!.
എഴുത്തുകാരെക്കുറിച്ചോ
പുസ്തകത്തിൻ്റെ മേന്മയോ ഇവർക്ക് ആലോചനയില്ല. കഴിയുമെങ്കിൽ പുസ്‌തകം കിലോയ്ക്ക് വില പറഞ്ഞ് തൂക്കി വാങ്ങിക്കൊണ്ട് പോകാമെന്ന നിലപാടിലാണവർ.
അതു മുതലാക്കുന്ന പ്രസാധകർ നിരവധിയാണ്. നിരവധി പുസ്തകങ്ങൾ കെട്ടുകൾ ആക്കി അവർ വിൽക്കുന്നത് കണ്ടു! മീൻ ചന്തയിലെപ്പോലെ പുസ്തകം വാങ്ങാനെത്തുന്നവരെ സ്റ്റാളിലേക്ക് വിളിച്ചു കയറ്റി കച്ചവടം നടത്തുന്നവർ നിരവധി !.
പുസ്തകം വാങ്ങാൻ എത്തുന്ന മറ്റൊരു കൂട്ടർ ഉണ്ട് പാർട്ടിയുടെ ലേബലുള്ള പ്രസാധകരുടെ സ്റ്റാളിൽ കയറി അവിടെ നിന്ന് മുഴുവൻ പുസ്തകവും വാങ്ങിച്ച് ഐകൃദാർഡ്യം പ്രഖ്യാപിക്കും! (ചുമ്മാതല്ല ഇത്തരം ലൈബ്രറികളിൽ വായനക്കാർ കുറയുന്നത്!)
ചുരുക്കത്തിൽ ഗൗരവമുള്ള വായനാ
സംസ്കാരത്തിന് പറ്റിയ ഒരു പശ്ചാത്തലം ഒരുക്കാൻ ഈ പുസ്തകോത്സവത്തിന് കഴിയുന്നില്ല.
കടപ്പാട് FB post
































