ചവറ : പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീഷണിയില്‍. ക്ഷേത്രത്തിന്റെ തെക്ക്, വടക്ക് വശത്ത് നടക്കുന്ന മണല്‍ഖനനം മൂലം ക്ഷേത്രത്തിന്റെ പട്ടിഞ്ഞാറുവശം സ്ഥാപിച്ചിരുന്ന കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു.
തിരമാലകള്‍ ക്ഷേത്രമതിലിനുള്ളില്‍ പതിക്കുന്നത് ക്ഷേത്രത്തിന് ഭീഷണിയാകുകയാണ്. ക്ഷേത്രമതില്‍ തകര്‍ന്നു വീഴാറായ സ്ഥിതിയിലാണ്. മണ്‍സൂണ്‍ കാലത്തെ കടലാക്രമണത്തെ ചെറുക്കാന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കിയിട്ടും അധികൃതര്‍ മെല്ലെപ്പോക്ക് സമീപനമാണ് തുടരുന്നത്. ദിനംപ്രതി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന പൊന്മന കാട്ടില്‍മേക്കതില്‍ ദേവീക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറകിലെ കടല്‍ത്തീരത്താണ് ശക്തമായ കടലാക്രമണം തുടരുന്നത്.
സംരക്ഷണഭിത്തി പാറകള്‍ കടലില്‍ താണു
ക്ഷേത്രത്തിന് കടലാക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്ന കടല്‍ഭിത്തി ശക്തമായ തിരമാലകളില്‍ കടലില്‍ താണുപോയ നിലയിലാണ്. തുടര്‍ന്ന് ക്ഷേത്ര ഭരണസമിതിയുടെ ചിലവില്‍ ചാക്കുകളില്‍ മണ്ണ് നിറച്ച് അടുക്കിയാണ് കടലാക്രമണത്തെ നേരിട്ടത്. എന്നാല്‍ മണ്‍സൂണ്‍ മഴ ശക്തമായതോടെ തിരമാലകള്‍ വശങ്ങളിലൂടെ ക്ഷേത്രത്തിലേക്ക് അടിച്ചുകയറുകയാണ്. ജെസിബി ഉപയോഗിച്ച് മണ്ണുകൂട്ടിയാണ് കടല്‍വെള്ളം തടഞ്ഞിരിക്കുന്നത്. ഈ മണ്‍തിട്ട കൂടി ഒലിച്ചുപോയാല്‍ ക്ഷേത്രവും പരിസരവും അപകടാവസ്ഥയിലാകും.
സ്ഥലം സന്ദര്‍ശിച്ച് കളക്ടര്‍
ക്ഷേത്ര ഭരണസമിതി കളക്ടറെ സന്ദര്‍ശിച്ച് നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തുകയും കഴിഞ്ഞ ജൂലായ് 8ന് ജില്ലാ കളക്ടര്‍ ആനി ജൂല തോമസും സബ്കളക്ടര്‍ അഖില്‍ വി. മേനോനും നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അടിയന്തരമായി സീവാള്‍ നിര്‍മ്മാണം നടത്താനും ഇതിനായി കെഎംഎംഎല്ലിലെ പ്രത്യേക ഫണ്ടില്‍നിന്ന് രണ്ട് കോടി രൂപ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഡെപ്പോസിറ്റ് ചെയ്യാനും ഇറിഗേഷന്‍ വകുപ്പ് വഴി അടിയന്തരമായി നിര്‍മ്മാണം നടത്താനുമായിരുന്നു നിര്‍ദ്ദേശം.
സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥ
പുരാതനമായ ക്ഷേത്രത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് കടല്‍ഭിത്തി ബലപ്പെടുത്തുന്നതിനും പുലിമുട്ട് നിര്‍മ്മിക്കാനുമായി 3,90,00,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും 87,50,000 രൂപ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഡിപ്പാസിറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും 25% പണി മാത്രമെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുള്ളു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രഭരണ സമിതിയുടെ നിരന്തര ആവശ്യത്തെ പരിഗണിച്ച് 2026ല്‍ ക്ഷേത്രത്തില്‍ വച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. അടിയന്തിര സാഹചര്യം പരിഗണിച്ച് ക്ഷേത്ര സംരക്ഷണത്തിനായി രണ്ട് കോടി രൂപ ജലസേചനവകുപ്പിന് കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തികള്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് നടത്തേണ്ടതെങ്കിലും ഇവരുടെ അനാസ്ഥ മൂലം ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ പറയുന്നു..


































