27.1 C
Kollam
Thursday 30th July, 2026 | 06:47:17 PM
Home News Local അനധികൃത മാലിന്യനിര്‍മാര്‍ജനം; 5.24 ലക്ഷം രൂപ പിഴ ചുമത്തി

അനധികൃത മാലിന്യനിര്‍മാര്‍ജനം; 5.24 ലക്ഷം രൂപ പിഴ ചുമത്തി

അനധികൃതമായി മാലിന്യംവലിച്ചെറിയുന്നത് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിഴചുമത്തിയുള്ള കര്‍ശനനടപടികള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗത്തില്‍ അധ്യക്ഷതവഹിക്കവെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 106 കേസുകളിലായി 525350 രൂപ പിഴ ചുമത്തിയെന്ന് വ്യക്തമാക്കി.
വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗത്തില്‍ ഖരമാലിന്യ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ജില്ലാതലത്തില്‍ പ്രത്യേക സെല്‍ആരംഭിക്കണമെന്ന് നിര്‍ദേശിച്ചു. അനധികൃത മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണം. വിവിധ പഞ്ചായത്തുകളില്‍ സ്ഥാപിച്ച എം സി എഫുകളുടെ പ്രവര്‍ത്തനം കുറ്റമറ്റരീതിയില്‍ എന്നുറപ്പാക്കണം.
വന്‍കിടസ്ഥാപനങ്ങള്‍ മാലിന്യങ്ങളുടെ ഉറവിടസംസ്‌കരണം നടത്തണം. പരിശോധനകളും മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കണം. അജൈവമാലിന്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്ക് കൈമാറണം. മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശസ്ഥാപന തലത്തില്‍ ആരംഭിച്ച നൂതനപദ്ധതികളുടെവിവരങ്ങള്‍ കൈമാറണം.
വിനോദസഞ്ചാര-തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലെ മാലിന്യസംസ്‌കരണത്തിന് പുതിയ പദ്ധതികള്‍ തയ്യാറാക്കും; പരാതിപരിഹാരം വേഗത്തിലാക്കാന്‍ സംവിധാനമൊരുക്കും. ഹരിതകര്‍മസേനയുടെ വാതില്‍പ്പടി മാലിന്യശേഖരണപ്രക്രിയ കൂടുതല്‍ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ശുചിത്വമിഷന്‍ മുഖേന ലഭിക്കുന്ന വിവിധ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ എല്‍ ഷീജ, തദ്ദേശസ്വയംഭരണസ്ഥാപനസെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here