28.8 C
Kollam
Saturday 31st October, 2026 | 07:44:15 PM
Home News Breaking News പ്രണയാഭ്യർഥന നിരസിച്ചു; സ്കൂളിൽ കയറി ചെയിൻസോ ഉപയോഗിച്ച് പതിനഞ്ചുകാരിയെ ആക്രമിച്ചു

പ്രണയാഭ്യർഥന നിരസിച്ചു; സ്കൂളിൽ കയറി ചെയിൻസോ ഉപയോഗിച്ച് പതിനഞ്ചുകാരിയെ ആക്രമിച്ചു

Advertisement

അനന്തപുർ: പ്രണയാഭ്യർഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ ക്ലാസ് മുറിയിൽ കയറി യന്ത്രവൽകൃത ചെയിൻസോ ഉപയോഗിച്ച് ആക്രമിച്ചു. ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലെ റപ്താഡുവിലുള്ള ജില്ലാ പരിഷത്ത് സ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയുടെ കഴുത്തിലും വയറിലും ആഴത്തിൽ പരിക്കേറ്റു. വലതുകൈ ഭാഗികമായി അറ്റു. ആക്രമണത്തിൽ മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റു. സംഭവത്തിൽ 21കാരനായ ഹേമന്ത് എന്ന ഡമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ 10.30ഓടെ അധ്യാപകൻ ക്ലാസെടുക്കുന്നതിനിടെയാണ് യുവാവ് ചെയിൻസോയുമായി ക്ലാസ് മുറിയിലെത്തിയത്. സ്കൂളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇയാൾ ജോലിക്കാരനായിരിക്കുമെന്നാണ് അധ്യാപകരും ജീവനക്കാരും ആദ്യം കരുതിയത്. ക്ലാസിലെത്തിയ യുവാവ് പെൺകുട്ടിയുടെ അടുത്തുചെന്ന് ചെയിൻസോ ഉപയോഗിച്ച് കഴുത്തിന് നേരെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

അധ്യാപകന്റെയും സഹപാഠികളുടെയും മുന്നിലായിരുന്നു ആക്രമണം. ഭയന്നുവിറച്ച വിദ്യാർഥികൾ നിലവിളിച്ച് പുറത്തേക്കോടി. പരിഭ്രാന്തരായ ചില കുട്ടികൾ ബോധംകെട്ടുവീണു. ആക്രമണത്തിനുശേഷം ചെയിൻസോ ഉപേക്ഷിച്ച് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പരിക്കേറ്റ വിദ്യാർഥിനികളെ ഉടൻ അനന്തപുർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ മാറ്റാനുള്ള നടപടികളും സ്വീകരിച്ചു.

ധർമവാരം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ശ്രീ സത്യസായി ജില്ലയിലെ നാഗലൂർ സ്വദേശിയായ ഇയാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണ്. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നടുക്കവും രോഷവും രേഖപ്പെടുത്തി. സ്കൂളുകളിൽ പെൺകുട്ടികളെ ആക്രമിക്കുന്നവർക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും പ്രതിക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും പെൺകുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here