ആലപ്പുഴ: കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അനുകൂലിച്ച് സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെസി വേണുഗോപാല്‍ അനുകൂലിയായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.
ഐഎന്‍ടിയുസി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് ബിനു കല്ലുമല എടുത്തുമാറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നാല് പദ്ധതികള്‍ക്കായി തുക അനുവദിച്ചതിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് ഐഎന്‍ടിയുസി പ്രദേശത്ത് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമുയര്‍ന്നതിന് പിന്നാലെയാണ് മണ്ഡലം പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കര്‍ശന നടപടി സ്വീകരിച്ചത്.






























