തിരുവനന്തപുരം. ട്രെയിനുകളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ പദ്ധതിയുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. പ്രത്യേക വാർ റൂം സജ്ജമാക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ അറിയിക്കാൻ വാട്സപ്പ് കൂട്ടായ്മയും രൂപീകരിക്കും.
‘മഹിളാ മൈത്രി’ എന്ന പേരിലാണ് വാട്സപ്പ് കൂട്ടായ്മ. വനിത യാത്രക്കാരെ ഉൾപ്പെടുത്തിയായിരിക്കും ഗ്രൂപ്പിന്റെ പ്രവർത്തനം. ഇതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ സ്ത്രി യാത്രക്കാർക്ക് ട്രെയിനിന്റെ വിവരമടക്കം ഗ്രൂപ്പിൽ സന്ദേശം അയക്കാം. പിന്നാലെ ആർപിഎഫിന്റെ സേവനം ലഭ്യമാക്കും. ഇതിനായി തിരുവനന്തപുരം ഡിവിഷനിലെ മുഴുവൻ വനിത ഇൻസ്പെക്ടർമാരെയും ഗ്രൂപ്പിൽ ചേർക്കാനാണ് നിർദേശം. യാത്രാമധ്യേ ഉണ്ടാകുന്ന അതിക്രമങ്ങൾക്കും ആവശ്യങ്ങൾക്കും അതത് സ്റ്റേഷനുകളിലെ ആർപിഎഫ് പോസ്റ്റുകളെയും ആശ്രയിക്കാം. ടോൾഫ്രീ നമ്പറുകൾ ഒഴിവാക്കി ആർപിഎഫ് പോസ്റ്റുകളുടെ നേരിട്ടുള്ള നമ്പറായിരിക്കും യാത്രക്കാർക്ക് നൽകുക. അതേസമയം വനിതാ കമ്പാർട്ട്മെന്റിൽ പുരുഷൻമാരുടെ യാത്ര തടയാനും പ്രത്യേക പരിശോധന നടത്തും. ഇതിനായി പ്രത്യേക വാർ റൂം സംവിധാനം രൂപീകരിക്കും. ഭിക്ഷക്കാരടക്കം വനിതാ കമ്പാർട്ട്മെന്റിൽ കയറുമ്പോൾ ചിത്രമെടുത്ത് ഗ്രൂപ്പിലിട്ടാൽ തൊട്ടടുത്ത സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ കയറി നടപടിയെടുക്കാനും നിർദേശമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ പേട്ടയിലും കൊച്ചുവേളിയിലും സ്ത്രീ യാത്രക്കാർക്ക് നേരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ തീരുമാനം.
വനിതാ യാത്രക്കാരെ മാത്രം ഉൾപ്പെടുത്തി ആർ പി എഫ് കഴിഞ്ഞദിവസം നടത്തിയ യോഗത്തിലാണ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.






























