കണ്ണൂർ: ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥ് കുറ്റക്കാരനെന്ന് തലശ്ശേരി കോടതി. കർണാടക തിമ്മരാജനഹള്ളി സ്വദേശിയായ മഞ്ജുനാഥിനുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭർത്താവാണ് പ്രതി. ഏറെ ചർച്ചയായ ഈ കൊലപാതകക്കേസ് പ്രമേയമാക്കി ‘ഉയിര്‍’ എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. യഥാർഥ സംഭവം സിനിമയായതിലുപരി പ്രതിക്ക് ശിക്ഷ ലഭിക്കുന്നതാണ് തന്റെ സന്തോഷമെന്ന് കേസന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച അന്നത്തെ പ്രൊബേഷൻ എസ്.ഐ.യും ഇപ്പോഴത്തെ തൃശൂർ ഈസ്റ്റ് സി.ഐ.യുമായ അൻഷാദ് പറഞ്ഞു.
2017 ജനുവരി 21നാണ് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാടോടി സ്ത്രീയായ ശോഭയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് ശോഭയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിൽ തള്ളിയതാണെന്ന് വ്യക്തമായത്. ശോഭയുടെ രണ്ടാം ഭർത്താവായ മഞ്ജുനാഥ് അന്നുതന്നെ ആദ്യവിവാഹത്തിലെ രണ്ടു മക്കളുമായി സ്ഥലംവിട്ടു. മൈസൂരുവിലും ബംഗളൂരുവിലും എത്തിയശേഷം അഞ്ചുവയസുകാരനായ ആൺകുട്ടിയെയും അനിയത്തിയെയും കൂട്ടി മുംബൈയിലേക്ക് ട്രെയിൻ കയറി. എന്നാൽ യാത്രാമധ്യേ കുട്ടികളെ ട്രെയിനിൽ ഉപേക്ഷിച്ച് മഞ്ജുനാഥ് കടന്നുകളഞ്ഞു.
ട്രെയിനിലെ ശുചിമുറിക്ക് സമീപം ബെഡ്ഷീറ്റ് വിരിച്ച് തന്നെയും അനിയത്തിയെയും കിടത്തിയശേഷം മഞ്ജുനാഥ് പോയെന്നാണ് അന്ന് അഞ്ചുവയസുകാരനായിരുന്ന കുട്ടി പൊലീസിന് മൊഴി നൽകിയത്. അനിയത്തി വിശന്നുകരഞ്ഞപ്പോൾ ഒരു സ്ത്രീ ഭക്ഷണം നൽകിയെന്നും പിന്നീട് പൊലീസെത്തി ഇരുവരെയും ഹോസ്റ്റലിലേക്ക് മാറ്റിയെന്നും കുട്ടി മൊഴിയിൽ പറഞ്ഞു.
അമ്മയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്ന കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. മൂന്നാം സാക്ഷിയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തത്. കുട്ടികളെ കണ്ടെത്തുന്നതിനായി അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പ്രൊബേഷൻ എസ്.ഐ. അൻഷാദ് നടത്തിയ അന്വേഷണവും വഴിത്തിരിവായി. മുംബൈയിലെത്തിയാണ് അദ്ദേഹം കുട്ടികളെ കണ്ടെത്തിയത്.
മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തതോടെയാണ് ശോഭയുടെ ആദ്യഭർത്താവ് രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യവും പുറത്തുവന്നത്. രാജുവിനെ ശോഭയും താനും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തിലെത്തിച്ച് കത്തിച്ചെന്നുമാണ് മഞ്ജുനാഥ് പൊലീസിന് മൊഴി നൽകിയത്. രാജുവിനെ കൊലപ്പെടുത്തിയ വിവരം പൊലീസിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ശോഭയെയും കൊലപ്പെടുത്തിയതെന്നാണ് മഞ്ജുനാഥിന്റെ മൊഴി.
കേസിലെ നിർണായക വഴിത്തിരിവായ കുട്ടികളെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ച അൻഷാദ് ഇപ്പോൾ തൃശൂർ ഈസ്റ്റ് സി.ഐ.യാണ്. കുട്ടികളുടെ സംരക്ഷണച്ചുമതലയും അദ്ദേഹം ഇപ്പോഴും വഹിക്കുന്നുണ്ട്.
സിനിമാക്കഥയായ കൊലപാതകം; മഞ്ജുനാഥ് കുറ്റക്കാരൻ
Advertisement

























