ചിന്നക്കനാൽ: ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും അനിശ്ചിതത്വത്തിൽ. ചക്കക്കൊമ്പനൊപ്പം പിടിയാനയും കുട്ടിയാനയും എത്തിയതാണ് ദൗത്യസംഘത്തിന് വെല്ലുവിളിയായത്. ആനയുടെ സഞ്ചാരം മന്ദഗതിയിലാണെന്നും മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ സ്ഥലത്തല്ല ഇപ്പോഴുള്ളതെന്നും സംഘം അറിയിച്ചു.
തുരുത്തിലെ ജലാശയം നീന്തിക്കടന്നാണ് ചക്കക്കൊമ്പൻ 301 കോളനി ഭാഗത്തെത്തിയത്. ഓമനക്കുഴി ഭാഗത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയാനയും കുട്ടിയാനയും ഒപ്പം ചേർന്നത്. മൂവരും ജലാശയത്തിലിറങ്ങി വെള്ളം കുടിച്ചു. തുടർന്ന് പടക്കം പൊട്ടിച്ച് പിടിയാനയെയും കുട്ടിയാനയെയും മാറ്റി.
ഇന്നും ദൗത്യം പൂർത്തിയായില്ലെങ്കിൽ ഇടവേള
ചക്കക്കൊമ്പൻ നിലവിൽ സണ്ണി ഏറുമാടം പ്രദേശത്താണ്. ഇന്ന് ദൗത്യം പൂർത്തിയാക്കാനായില്ലെങ്കിൽ താൽക്കാലികമായി ഇടവേള നൽകാനാണ് തീരുമാനം. ആനയെ മയക്കുവെടിവയ്ക്കാനായാൽ കുങ്കിയാനകളെ എത്തിച്ച് റേഡിയോ കോളർ ഘടിപ്പിക്കും.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരും. മയക്കുവെടിവയ്ക്കുമ്പോൾ ആന വിരണ്ടോടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു.

























