തലശേരി: ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ പ്രൊബേഷൻ എസ്.ഐയും ഇപ്പോൾ തൃശൂർ ഈസ്റ്റ് സി.ഐയുമായ അൻഷാദിനെ കോടതി അഭിനന്ദിച്ചു. മികച്ച അന്വേഷണത്തിന് അൻഷാദിന് സർക്കാർ അംഗീകാരം നൽകണമെന്നും നിർദേശിച്ചു. പ്രോസിക്യൂട്ടറെയും പോസ്റ്റ്മോർട്ടം നടത്തിയ സർജനെയും കോടതി അഭിനന്ദിച്ചു. കേസിന്റെ അന്വേഷണ പശ്ചാത്തലം പിന്നീട് ‘ഉയിർ’ എന്ന സിനിമയായും പുറത്തിറങ്ങിയിരുന്നു.
കൊലപാതകത്തിന് പിന്നിൽ ദുരൂഹതകൾ
2017 ജനുവരി 21നാണ് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാടോടി സ്ത്രീയായ ശോഭയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കിണറ്റിൽ തള്ളിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ശോഭയുടെ രണ്ടാം ഭർത്താവായ മഞ്ജുനാഥായിരുന്നു പ്രതി. കൊലപാതകത്തിനുശേഷം ശോഭയുടെ ആദ്യവിവാഹത്തിലെ രണ്ട് കുട്ടികളുമായി ഇയാൾ കടന്നുകളഞ്ഞു.
മൈസൂരുവിലും ബംഗളൂരുവിലും എത്തിയശേഷം കുട്ടികളുമായി മുംബൈയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. യാത്രാമധ്യേ അഞ്ചുവയസുകാരനായ മകനെയും ഇളയ സഹോദരിയെയും ട്രെയിനിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. ട്രെയിനിൽ ശുചിമുറിക്ക് സമീപം കുട്ടികളെ ഉപേക്ഷിച്ചുപോയെന്നും അനിയത്തി വിശന്നുകരഞ്ഞപ്പോൾ ഒരു സ്ത്രീ ഭക്ഷണം നൽകിയെന്നും കുട്ടി പൊലീസിന് മൊഴി നൽകി. പിന്നീട് പൊലീസ് കുട്ടികളെ കണ്ടെത്തി സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു.
കുട്ടിയുടെ മൊഴിയിൽ പ്രതി കുടുങ്ങി
അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തുന്നത് കണ്ടെന്ന അഞ്ചുവയസുകാരന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. കുട്ടികളെ കണ്ടെത്തുന്നതിനായി മുംബൈയിലെത്തി അന്വേഷണം നടത്തിയ അന്നത്തെ പ്രൊബേഷൻ എസ്.ഐ അൻഷാദിന്റെ ഇടപെടൽ കേസിൽ വഴിത്തിരിവായി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ ശോഭയുടെ ആദ്യഭർത്താവ് രാജുവിന്റെ മരണത്തിലും മഞ്ജുനാഥിന് പങ്കുണ്ടെന്ന് കണ്ടെത്തി. രാജുവിനെ ശോഭയും താനും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തിൽ കൊണ്ടുപോയി കത്തിച്ചെന്നും മഞ്ജുനാഥ് മൊഴി നൽകിയിരുന്നു. ഈ വിവരം പൊലീസിനോട് പറയുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതോടെയാണ് അവരെയും കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
കേസിലെ കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച അൻഷാദ് ഇവരുടെ സംരക്ഷണത്തിലും ഇപ്പോഴും ശ്രദ്ധ പുലർത്തുന്നുണ്ട്.

























