കൊച്ചിയിലേക്ക് വരേണ്ട കണ്ടെയ്നറുകൾ മുംബയിലേക്കൊ ചെന്നൈയിലേക്കോ അയക്കാമെന്ന് കമ്പനികൾ.
കൊച്ചി. വല്ലാർപാടത്തെ കണ്ടെയ്നർ ലോറി തൊഴിലാളികളുടെ സമരം അടിയന്തരമായി തീർപ്പാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്. എസ്. മനോജ്, സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യർ, ദേശീയ കോ- കോഡിനേറ്റർ ടോമി കുറ്റിയാംഗൽ, വർക്കിംഗ് പ്രസിഡന്റ്, അനിൽകുമാർ വികാസ്, സംസ്ഥാന ട്രഷറർ യഹിയ കോയ എന്നിവർ ആവശ്യപ്പെട്ടു.
സമരം മൂലം പ്രമുഖ ഷിപ്പിംഗ് കമ്പനികൾ തങ്ങളുടെ അടുത്ത കൺസൈൻമെന്റുകൾ ഇതര സംസ്ഥാനങ്ങളിലെ പോർട്ടുകളിലേക്ക് മാറ്റുവാനുള്ള തീരുമാനം എടുത്തു കൊണ്ടിരിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. തുറമുഖ നഗരമായി കേരളം വികസിപ്പിക്കപ്പെടും എന്ന് സ്വപ്നം കാണുന്ന വാണിജ്യ കേരളത്തിന് വലിയ തിരിച്ചടിയാകുമെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ കണ്ടെയ്നറിൽ മാത്രമേ എക്സറെ സ്കാനിംഗ് നടക്കുന്നുള്ളൂ എന്നും വാഹന തൊഴിലാളികൾ ഇരിക്കുന്ന ക്യാബിനുകളെ എക്സ്റേ സ്കാനിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ അഞ്ചു അന്താരാഷ്ട്ര തുറമുഖങ്ങൾ അടക്കം 8 തുറമുഖങ്ങളിൽ ഡ്രൈവ് ത്രൂ സ്കാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 150 കണ്ടെയ്നറുകൾ വരെ സ്കാനിങ് പൂർത്തിയാക്കി പുറത്തേക്ക് വിടുവാൻ ഇതുമൂലം സാധിക്കുന്നു, അതായത് 24 സെക്കൻഡിൽ ഒരു കണ്ടെയ്നർ ലോറി സ്കാനിങ് പൂർത്തിയാക്കി പുറത്തേക്ക് വരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രണ്ടായിരത്തിലധികം കണ്ടെയ്നറുകൾ കണ്ടെയ്നർ ടെർമിനലിൽ കെട്ടിക്കിടക്കുന്നു. ഇതു മൂലമുളെള ഭീമമായ നഷ്ടം നികത്തുവാൻ കഴിയാത്ത അവസ്ഥയിലാണ് ഇറക്കുമതിക്കാർ. ചില യൂണിയനുകളുടെ നേതാക്കളുടെ ഉദ്ദേശ ശുദ്ധിയെ ന്യായമായും സംശയിക്കേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു. സമരം നീണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള അന്യ സംസ്ഥാന ലോബികളുടെ ഇടപെടൽ ചികയേണ്ടി വരുമെന്നും അവർ പറഞ്ഞു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെ ചോദ്യം ചെയ്യുന്നില്ല, ഇതുമൂലം നഷ്ടമുണ്ടാകുന്നത് പോർട്ടിനോ സർക്കാരിനോ അല്ലെന്നും യഥാർത്ഥ തൊഴിൽദായകരായ വാണിജ്യ-വ്യാപാര മേഖലയിലെ സംരംഭകർക്കാണെന്നും അവർ ഓർമ്മപ്പെടുത്തി.
ചരക്കു നീക്കം സ്തംഭനാവസ്ഥയിലേക്ക് എത്തിക്കുന്ന നിലയിലേക്ക് തൊഴിലാളികളുടെ സമരം വ്യാപിപ്പിക്കുകയും, ഇവിടെ നിന്നുമുള്ള ചരക്കുനീക്കത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്താൽ, അത് നേരിട്ട് ബാധിക്കുന്നത് തൊഴിലാളികളെ കൂടിയാണെന്നും അവർ ഓർമ്മപ്പെടുത്തി.
കൊച്ചിയെ ഒഴിവാക്കിക്കൊണ്ട്, മുംബൈ ചെന്നൈ തുടങ്ങിയ ഇതര പോർട്ടുകളിലേക്ക് മാത്രമേ സാമഗ്രികൾ അയക്കാൻ കഴിയൂ എന്ന് ഷിപ്പിംഗ് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട് എന്നും ഇവർ പറഞ്ഞു.

































