29.8 C
Kollam
Monday 23rd November, 2026 | 07:42:09 PM
Home News Local അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 10 വർഷവും ഒരു മാസവും തടവും 35,500 രൂപ...

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 10 വർഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും

Advertisement

ചടയമംഗലം: കളിയാക്കിയതിന്റെ പേരിൽ അയൽവാസിയായ യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ശ്രീ. എ. ഷാനവാസാണ് ശിക്ഷ വിധിച്ചത്.

ചടയമംഗലം കുരിയോട് ചെരുവിള പുത്തൻവീട്ടിൽ കൊച്ചുനാരായണന്റെ മകൻ സാബു (46) ആണ് ശിക്ഷിക്കപ്പെട്ടത്.

2019 മാർച്ച് 17-ന് രാത്രി 7.30-ഓടെ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. ഭയന്നോടുന്നതിനിടെ വീണ പരാതിക്കാരനെ പ്രതികൾ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് തലയോട്ടിക്കും ഇരു കൈകളിലെയും കാലിലെയും എല്ലുകൾക്കും പൊട്ടലുകളും മറ്റ് ഗുരുതര പരിക്കുകളും ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി രാജീവ് ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരണപ്പെട്ടു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോൾ ശിക്ഷ ലഭിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 341-ാം വകുപ്പ് പ്രകാരം ഒരു മാസം തടവും 500 രൂപ പിഴയും, 326-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 10,000 രൂപ പിഴയും, 307-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴ ഈടാക്കുന്ന പക്ഷം പരിക്കേറ്റ പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു.

സംഭവസമയത്ത് ചടയമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന അഷ്റഫാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്നത്തെ പോലീസ് ഇൻസ്പെക്ടർ കെ. എൽ. നിഷാന്ത് പ്രാഥമിക അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. തുടർന്ന് ചടയമംഗലം പോലീസ് ഇൻസ്പെക്ടറായിരുന്ന സജു എസ്. ദാസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. വെളിയം കെ. ഷാജി ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here