എറണാകുളം; ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകട കുടുംബം വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചെത്തിയ മകൾ ഭദ്രകീർത്തി, അമ്മ, എന്നിവർ ചേർന്നാണ് കടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
ജയബാലകൃഷ്ണന്റെ ചിത്രത്തിൽ തിരിതെളിയിച്ചുകൊണ്ടാണ് സൗത്ത് ചിറ്റൂരിലെ ഈ തട്ടുകട വീണ്ടും തുറന്നത്.
പിതാവിന്റെ വിയോഗത്തെത്തുടർന്ന് നിയമപോരാട്ടം തുടരുന്നതിനൊപ്പം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കട മുന്നോട്ടുകൊണ്ടുപോകാൻ ഭദ്രകീർത്തി ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു.
ജയബാലകൃഷ്ണൻ മുൻപ് നടത്തിയിരുന്ന അതേ രീതിയിൽ, യാതൊരു മാറ്റവുമില്ലാതെ കുട്ടിദോശയും ചമ്മന്തിയും ഓംലെറ്റും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഇവിടെ നൽകുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രദേശവാസികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ‘ബാലേട്ടന്റെ ദോശക്കട’. കട വീണ്ടും തുറന്ന കുടുംബത്തിന് നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.






























