Advertisement
പാലക്കാട് : കേരളം കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തി. കണ്ണിനും മനസിനും കുളിർമയേകി കൽപ്പാത്തി രഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ദേവരഥ സംഗമം അഗ്രഹാര വീഥികളിൽ ഭക്തിസാന്ദ്രമായി നടന്നു.
നൂറുകണക്കിന് ഭക്തരുടെയും ഉത്സവപ്രേമികളുടെയും സാന്നിധ്യത്തിൽ നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങളാണ് അഗ്രഹാര വീഥികളിൽ ഒരുമിച്ചു ചേർന്നത്.
നവംബർ 14-ന് ആരംഭിച്ച രഥപ്രയാണത്തിന്റെ മൂന്നാം ദിവസമാണ് പ്രസിദ്ധമായ രഥസംഗമം നടക്കുന്നത്.
തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ പൈതൃകം വിളിച്ചോതുന്ന കൽപ്പാത്തി അഗ്രഹാരങ്ങളിലെ വീടുകൾക്ക് മുന്നിൽ അരിപ്പൊടിക്കോലങ്ങൾ വരച്ചും വേദമന്ത്രങ്ങൾ ഉരുവിട്ടുമാണ് ഭക്തർ ദേവരഥങ്ങളെ വരവേറ്റത്. ആയിരക്കണക്കിന് ഭക്തരാണ് ദേവരഥ സംഗമത്തിന് സാക്ഷികളായത്.
ദേവരഥ സംഗമത്തിന് ശേഷം നാളെ കൊടിയിറക്കത്തോടെ ഈ വർഷത്തെ കൽപ്പാത്തി രഥോത്സവത്തിന് സമാപനമാകും.





























