മലപ്പുറം: കോട്ടപ്പടിയിലെ പത്മ തിയേറ്ററിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ സ്ക്രീൻ രണ്ട് പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4.15ഓടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല.
വിവരമറിഞ്ഞ് മലപ്പുറം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് തീ തിയേറ്ററിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്.
ഇന്ന് രണ്ട് പുതിയ സിനിമകൾ റിലീസ് ചെയ്യാനിരിക്കെയാണ് തിയേറ്ററിൽ തീപിടിത്തമുണ്ടായത്. റിലീസിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി പ്രദർശനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ദുരന്തം. പുലർച്ചെയുണ്ടായ തീപിടിത്തം സിനിമാ റിലീസിനെയും ബാധിച്ചു. പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായ ഘട്ടത്തിൽ ഉണ്ടായ അപകടം തിയേറ്റർ അധികൃതർക്കും സിനിമാ പ്രേക്ഷകർക്കും തിരിച്ചടിയായി.
Advertisement




























